സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് നാലുപേര്‍ക്ക് പരിക്ക്

Tuesday 13 January 2015 9:28 pm IST

ചെങ്ങന്നൂര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. യുകെജി വിദ്യാര്‍ത്ഥി ജഗന്നാഥന്‍, ഡ്രൈവര്‍ പുലിയൂര്‍ തുണ്ടിയില്‍ തറയില്‍ രഘു (45), ആയ ആല കുട്ടമണ്‍ തറയില്‍ ബിന്‍സി കെ.ജോണ്‍ (28), ബൈക്ക് യാത്രികനായ ചെറിയനാട് കാവിനേത്ത് പടിറ്റേതില്‍ പ്രമോദ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് പുലിയൂര്‍ വടക്കേ മുക്ക് ജങ്ഷനു സമീപമായിരുന്നു അപകടം. ഉയര്‍ന്ന പ്രദേശത്തുള്ള സ്‌നേഹഗിരി ഇംഗ്ലീഷ് മീഡിയം യുപി സ്‌കൂളില്‍ നിന്നും 16 കുട്ടികളുമായി മാവേലിക്കര-കോഴഞ്ചേരി റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ വാഹനം റോഡു മുറിച്ചു കടന്ന് എതിര്‍ ഭാഗത്തുള്ള വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ക്കുകയായിരുന്നു. വാഹനം എംകെ റോഡിലേക്ക് ഇറങ്ങിയപ്പോള്‍ സ്‌കൂള്‍ വാഹനത്തിന്റെ പിന്നില്‍ ഇടിച്ചാണ് ബൈക്ക് യാത്രികനായ പ്രമോദിന് പരിക്കേറ്റത്. ബിന്‍സിയെയും, ജഗന്നാഥനെയും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും രഘുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ബ്രേക്ക് തകരാറാണ് അപകട കാരണമെന്നാണ് ഡ്രൈവറുടെ മൊഴിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.