കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്: നടന്‍ സല്‍മാന്‍ ഖാന് തിരിച്ചടി

Wednesday 14 January 2015 12:01 pm IST

ന്യദല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തിരിച്ചടി. ശിക്ഷ റദ്ദാക്കിയ രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീകോടതി തള്ളിയതാണ് സല്‍മാന് തിരിച്ചടിയായിരിക്കുന്നത്. വിചാരണ കോടതി സല്‍മാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സല്‍മാന്‍ നല്‍കിയ ഹര്‍ജിയിലാണ് 2013ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത്. എന്നാല്‍ ഇതിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ പരിഗണിക്കാതെയാണ് ഹൈക്കോടതി സല്‍മാന്റെ ശിക്ഷ തടഞ്ഞതെന്ന് ജസ്റ്റീസുമാരായ എസ്.ജെ.മുഖോപാദ്ധ്യായ, എ.കെ.ഗോയല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതിനാല്‍ തന്നെ സല്‍മാന്‍ ഖാന് ബ്രിട്ടനിലേക്ക് പോവാന്‍ വിസ ലഭിച്ചിരുന്നില്ല. ബ്രിട്ടനിലെ നിയമം അനുസരിച്ച് നാലു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിച്ചാല്‍ വിസ നല്‍കാന്‍ കഴിയില്ല. തുടര്‍ന്ന് സല്‍മാന് എംബസി വിസ നിഷേധിക്കുകയും ചെയ്തു. ഇത്തരക്കാരുടെ പാസ്‌പോര്‍ട്ടില്‍  ശിക്ഷിക്കപ്പെട്ടു എന്ന് പതിക്കുകയും ചെയ്യും. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ കേസ് തീര്‍പ്പാവാതെ സല്‍മാന് ബ്രിട്ടനിലേക്ക് പോവാന്‍ വിസ ലഭിക്കില്ല. 1999ല്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.