സര്‍വവും തീര്‍ത്ഥ സ്‌നാനമായി കാണാന്‍

Wednesday 14 January 2015 7:05 pm IST

തൃപ്പൂണിത്തുറയെന്ന ദേശ നാമോത്പത്തിയ്ക്കു ഹേതുവായ പൂര്‍ണാനദി മലീമസമാണ്. ശുകസന്ദേശത്തില്‍ ഫുല്ലയാറെന്നും പ്രാചീന തമിഴ് സാഹിത്യത്തില്‍ പൊരുന്നൈയെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ നദിയിലൂടെയാണ് വര്‍ഷംതോറും ശ്രീപൂര്‍ണ്ണത്രയീശന്‍ തോണിയാത്ര നടത്തുന്നത്. അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമടക്കം പലവിധ ഖര -ദ്രവ മാലിന്യങ്ങളാല്‍ പൂര്‍ണയും പൂര്‍ണത്രയീശന്റെ തോണിക്കടവുകളും മലിനീകരിക്കപ്പെടുമ്പോള്‍ ഭക്തരില്‍ വളരെക്കുറച്ചുപേര്‍ മാത്രമാണ് പ്രസ്തുത തീര്‍ത്ഥ സ്ഥാനങ്ങളുടെ രക്ഷയ്ക്കുവേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ വ്യാഴാഴ്ച്ചകളിലും ശ്രീപൂര്‍ണ്ണത്രയീശസന്നിധിയിലെത്തുന്ന ആയിരക്കണക്കിനുവരുന്ന ഭക്തജനങ്ങള്‍ക്കും പറയുത്സവനാളില്‍ നടന്നുവരുന്ന ശ്രീപൂര്‍ണ്ണത്രയീശന്റെ തോണിയാത്രയെന്ന ആചാരപ്പെരുമയെ ഒരുനോക്കുകാണുവാന്‍ ഇരുമ്പുപാലത്തിലും പരിസരപ്രദേശങ്ങളിലും തടിച്ചുകൂടി നാരായണമന്ത്രം ഉരുവിടുന്ന പ്രദേശവാസികള്‍ക്കും ഈ തീര്‍ത്ഥസ്ഥാനത്തെ രക്ഷിക്കുവാനുള്ള കടമയില്ലേ ? ഈ പ്രശ്‌നങ്ങളെയൊക്കെ പഠനവിധേയമാക്കുമ്പോഴാണ് മേല്‍ സൂചിതമായ ചോദ്യത്തിന് നിരീക്ഷണതലം രൂപപ്പെടുത്തുക. ഭക്തസമൂഹത്തിന് എന്താണ് സംഭവിച്ചത്? ഭക്തി ഉന്മാദത്തിലെത്തുകയെന്നത് അസാധാരണമല്ല, എന്നാല്‍ ഇന്നത്തെ അനിയന്ത്രിതമായ ഉന്മാദാവസ്ഥ ആരെയും വേദനിപ്പിക്കുന്നതാണ്. നിത്യവും കല്ലുരുട്ടി മലമുകളിലെത്തിച്ച് അവിടെ നിന്നുമത് താഴേയ്ക്കിട്ട് ആര്‍ത്തട്ടഹസിക്കുകയും പ്രപഞ്ചസത്യങ്ങളെ വെളിവാക്കുകയും ചെയ്യുന്ന, ആത്മീയതയുടെ ഉന്നതിയില്‍ പരിലസിക്കുന്നവന്റെ ഉന്മാദാവസ്ഥയല്ല മറിച്ച് കപടഭക്തിയുടെ പ്രകടനപരതയില്‍ മാത്രമൊതുങ്ങുന്ന ആചാരനുഷ്ഠാനങ്ങളുടെയും വെറും ആഡംബരത്തിന്റെയും ആള്‍രൂപങ്ങളായി ബുദ്ധിശൂന്യതയുടെയും യുക്തിരാഹിത്യത്തിന്റെയും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന മനോനിലതെറ്റിയ ഭക്തന്റെ നട്ടഭ്രാന്തെന്ന് ഈ ഉന്മാദാവസ്ഥയെ വിശേഷിപ്പിക്കേണ്ടിവരും. ഭക്തിയും, ഭക്തനും, ഭഗവാനും ഭഗവത്‌സ്ഥാങ്ങളും കൃത്യമായും വ്യക്തമായും ഇന്നത്തെ ഭക്തസമൂഹസമക്ഷം നിര്‍വ്വചിക്കപ്പെടണം. നാട്ടിലുടനീളം നാരായണ തത്വങ്ങള്‍ വെറുതെ ഉരുവിട്ടതുകൊണ്ടോ മുപ്പതു ദിനം രാമകഥാപാരായണം ചെയ്തതുകൊണ്ടോ ഭക്തന്‍ ഉയരണമെന്നില്ല. അവ നല്‍കുന്ന ചിന്തകളെ വിശകലനം ചെയ്ത് അതാചരിച്ചു ജീവിക്കുവാന്‍ ഭക്തന്‍ തയ്യാറാകണം. ഭാഗവതം കേട്ട ഭക്തന് നദിയും, മലയും, ഗോക്കളുമെന്നുവേണ്ട സര്‍വ്വചരാചരങ്ങളെയും തീര്‍ത്ഥസ്ഥാനങ്ങളായി കാണുവാനും ആരാധിക്കുവാനും, സംരക്ഷിക്കുവാനുമുള്ള ജ്ഞാനമനസ്സ് രൂപപ്പെടണം. 'തീര്‍ത്ഥസ്ഥാനാനാം രക്ഷ, ഭക്താനാം ധര്‍മഃ' എന്ന തിരിച്ചറിവിലേക്കവന്‍ എത്തിച്ചേരണം. അപ്പോള്‍ മാത്രമേ ഭക്തന് ഭഗവാനു തുല്യം ഉയരുവാനുള്ള അവസ്ഥ സംജാതമാകൂ. ശങ്കരന്‍ ദര്‍ശിച്ച ആത്മസാക്ഷാത്ക്കാരമെന്ന അവസ്ഥയും ഇതുതന്നെയാണല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.