മകരജ്യോതി ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ സൗഭാഗ്യം നേടി

Wednesday 14 January 2015 10:35 pm IST

ദര്‍ശന പുണ്യം…. സന്നിധാനത്ത് മകരജ്യോതി ദര്‍ശിക്കുന്ന ഭക്തജനസഞ്ചയം

ശബരിമല: മകരജ്യോതിയും മകരസംക്രമപൂജയും ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ സൗഭാഗ്യംനേടി. വൈകുന്നേരം എല്ലാമെല്ലാം അയ്യപ്പനെന്നുറച്ച് ലക്ഷക്കണക്കിന് സ്വാമിമാര്‍ ശരണമന്ത്രങ്ങള്‍ ഉരുവിട്ട് മണിക്കൂറുകളാണ് സന്നിധാനത്ത് കാത്തുനിന്നത്. കണ്ണും കാതും പൊന്നമ്പലമേടിനെ ലക്ഷ്യമാക്കി ഇമചിമ്മാതെ ഭക്ത സാഗരം തൊഴുതുനിന്നു. ദിവസങ്ങള്‍ക്ക് മുമ്പേ മലകയറി പൂങ്കാവനത്തിനുള്ളില്‍ ആയിരക്കണക്കിന് പര്‍ണ്ണശാലകള്‍കെട്ടി കാത്തിരുന്നത് ഈ പുണ്യമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുവാനായിരുന്നു.

ദീപാരാധനയ്ക്ക് സര്‍വ്വാഭരണ വിഭൂഷിതനായ അയ്യപ്പന്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞു. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി മൂന്നു തവണ തെളിഞ്ഞതോടെ പുണ്യപൂങ്കാവനമാകെ ശരണംവിളികളാല്‍ ഏറ്റവും ഉച്ചത്തിലായി. ശ്രീകോവിലിനു മുകളിലെ ആകാശ പൊയ്കയില്‍ മകരനക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ സന്നിധാനത്തും പരിസരങ്ങളിലും നിന്ന ഭക്തലക്ഷങ്ങളുടെ കണ്ഠങ്ങളില്‍നിന്ന് ഉയര്‍ന്ന ശരണമന്ത്രങ്ങള്‍ പതിനെട്ട് മലകളിലും തട്ടി പ്രതിധ്വനിച്ചു. തുടര്‍ന്ന് രണ്ടുമാസക്കാലം നീണ്ടുനിന്ന കഠിന വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ഭഗവത് കടാക്ഷത്തിന്റെ പുണ്യവും നേടിയാണ് അയ്യപ്പസന്നിധിയില്‍നിന്ന് ഇന്നലെ ഭക്തലക്ഷങ്ങള്‍ മലയിറങ്ങിയത്.

പന്തളത്തുനിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര ശ്രീകൃഷ്ണപരുന്ത് വഴികാട്ടിയായി ക്ഷേത്രങ്ങളും കാടും മേടും കാട്ടാറും താണ്ടി വൈകിട്ട് നാലുമണിയോടെ കരിമലകയറി ശബരീപീഠംവഴി ശരംകുത്തിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാരും, അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം പ്രവര്‍ത്തകരും നിരവധി അയ്യപ്പന്മാരും ചേര്‍ന്ന് സ്വീകരിച്ചു. ഈ സമയം സന്ദേശവാഹകനായ ശ്രീകൃഷ്ണപ്പരുന്ത് സന്നിധാനത്തെത്തി തിരുവാഭരണ ഘോഷയാത്രയുടെ വരവറിയിച്ച് മടങ്ങി.

ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠര് രാജീവരരും, മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭഗവാന്റെ തിരുവാഭരണം ശ്രീലകത്തിനുള്ളില്‍ അയ്യപ്പസ്വാമിക്ക് ചാര്‍ത്തി നടതുറന്നതിനുശേഷം 7.30 ന് മകരസംക്രമ പൂജ നടന്നു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍ വശം കൊണ്ടുവന്ന നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്തത്. സംക്രമപൂജയ്ക്കുശേഷം തിരുവാഭരണം വീണ്ടും അയ്യപ്പന് ചാര്‍ത്തി 7.45 മുതല്‍ ഭക്തരെ ദര്‍ശനത്തിനായി വീണ്ടും കടത്തിവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.