പി. കൃഷ്ണപിള്ള സ്മാരകം: പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

Wednesday 14 January 2015 9:39 pm IST

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകത്തിന് തീവച്ച കേസിലെ രണ്ടു മുതല്‍ അഞ്ചുവരെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവായി. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. രണ്ടാംപ്രതിയും സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ പി. സാബു, മൂന്നു മുതല്‍ അഞ്ച് വരെ പ്രതികളും ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരുമായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരെയാണ് വെള്ളിയാഴ്ച വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. അക്രമം നടത്തുന്നതിനായി ഗൂഢാലോചന നടത്തിയ കഞ്ഞിക്കുഴിയിലെ വീടുകളിലും മറ്റിടങ്ങളിലും സംഭവ സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതികള്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ തൃശൂരിലെ ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞമാസം കീഴടങ്ങിയ ഒന്നാംപ്രതിയും വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗവുമായ ലതീഷ് ബി.ചന്ദ്രന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ മറ്റുചില നേതാക്കളെ കൂടി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി സംസ്ഥാന നേതൃത്വത്തെ തങ്ങളുടെ സ്വാധീനം ബോദ്ധ്യപ്പെടുത്തുന്നതിനാണ് ഒരുവിഭാഗം നിയന്ത്രിത തീവയ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഉന്നത നേതാക്കള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. സ്മാരകത്തിന് തീവച്ചതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചപ്പോഴും പ്രതികള്‍ അതിന് തുനിയാതെ സംഭവം മറ്റുചിലരെ അറിയിക്കാനുള്ള തിരക്കിലായിരുന്നു. സ്മാരകത്തിനു തീവച്ച ശേഷം ഒരാള്‍ ഓടി മറയുന്നത് സമീപവാസിയായ സ്ത്രീ കണ്ടതായി മൊഴിയുണ്ടെന്നുമുള്ള വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ട്. അതിനിടെ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണര്‍കാട്ടെ ജനകീയ സമിതി ജനുവരി 15ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കളക്‌ട്രേറ്റ് ധര്‍ണ്ണ മാറ്റിവെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.