ആഗോള പ്രവാസി കേരളീയ സംഗമം നാളെ കൊച്ചിയില്‍

Wednesday 14 January 2015 10:24 pm IST

തിരുവനന്തപുരം: കൊച്ചിയില്‍ നടക്കുന്ന ദ്വിദിന ആഗോള പ്രവാസി കേരളീയ സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. നാളെ നടക്കുന്ന സംഗമത്തില്‍ ഇന്ത്യയ്ക്കകത്തും വിദേശത്തുനിന്നുമുള്ള പ്രവാസി മലയാളികളോട് മുഖ്യമന്ത്രി സംവദിക്കും. പ്രവാസി കേരളീയ വകുപ്പായ നോര്‍ക്കയും നോര്‍ക്ക റൂട്‌സും ചേര്‍ന്നാണ് ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെള്ളി, ശനി ദിവസങ്ങളിലായി ആഗോള പ്രവാസി കേരളീയ സംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.സി. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മടങ്ങിയെത്തിയ പ്രവാസികളുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയായി സംഗമം മാറുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പുനരധിവാസവും തൊഴില്‍ ലഭ്യതയും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്ക് സത്വര പരിഹാരം കാണുന്നതിനും പുതിയ പ്രവാസിനയ രൂപീകരണത്തിനും സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്കുള്ള പങ്ക് വിശകലനം ചെയ്യുന്നതിനുമാണ് സംഗമം ലക്ഷ്യമിടുന്നത്. പ്രവാസികളുടെ പുനരധിവാസം പ്രധാനവിഷയമായി ചര്‍ച്ചചെയ്യും. ആഗോള വിപണിയില്‍ എണ്ണവില കുറയുന്ന സാഹചര്യം കേരളത്തിന് കടുത്ത വെല്ലുവിളിയാകും. പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണതേടിയിട്ടുണ്ട്. ഗുജറാത്തില്‍ നടന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം പ്രധാനമന്ത്രിയോടാവശ്യപ്പെട്ടതായും കെ.സി. ജോസഫ് പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്കുള്ള നിയമനത്തില്‍ വ്യാപകമായ തട്ടിപ്പുകളാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ റിക്രൂട്‌മെന്റിന് സംസ്ഥാനത്തിന് അനുമതി നല്‍കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഒഡെപെക്കും നോര്‍ക്ക റൂട്ട്‌സും യോജിച്ചുള്ള സംവിധാനം വഴി വിദേശ റിക്രൂട്ട്‌മെന്റാണ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ, യുകെ, യുഎസ്എ, കാനഡ, ജെര്‍മ്മനി, ഫ്രാന്‍സ്, കെനിയ, ലിബിയ, സിങ്കപ്പൂര്‍, തായ്‌ലന്‍ഡ് തുടങ്ങിയ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുമായി അഞ്ഞൂറോളം പ്രവാസികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയിരത്തോളം പ്രവാസി മലയാളികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഴഹീയമഹിൃസാലല.േരീാ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഇനിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മന്ത്രി കെ. സി. ജോസഫ് അദ്ധ്യക്ഷനായിരക്കും. വ്യവസായ, ഐടി വകുപ്പ് മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി കെ.എം.മാണി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പ്രൊഫ. കെ.വി.തോമസ് എംപി എന്നിവര്‍ പങ്കെടുക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള പ്രതിനിധി പാസുകള്‍ 15ന് വൈകിട്ട് നാലു മണി മുതല്‍ വേദിയില്‍ വിതരണം ചെയ്യും. പ്രവാസികാര്യ വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്ജ്, നോര്‍ക്ക റൂട്‌സ് സിഇഓ പി സുദീപ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.