മരടിലെ അനധികൃത പണമിടപാട്: സിപിഎം വെട്ടില്‍

Wednesday 14 January 2015 11:23 pm IST

മരട്: മരടിലെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം വെട്ടിലായി. ഫ്രണ്ട്‌സ് എന്നപേരില്‍ ബ്ലേഡ് പലിശക്ക് പണം നല്‍കിയ സ്ഥാപനത്തിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് സിപിഎം വെട്ടിലായിരിക്കുന്നത്. നിക്ഷേപകരുടെ 100 കോടിയോളം രൂപയും സ്ഥാപനത്തില്‍നിന്ന് പണം പലിശക്കെടുത്തവരുടെ രേഖകളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇടപാടുകാരന്‍ മുങ്ങിയതോടെ സിപിഎം വെട്ടിലായി. കുണ്ടന്നൂര്‍ സിഐടിയുവിന്റെ ചുമട്ടുതൊഴിലാളി പൂളിലെ തൊഴിലാളികളുടെ ക്ഷേമനിധി പണവും അമിത പലിശ കിട്ടുന്നതിനുവേണ്ടി ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചതായാണ് വിവരം. കൂടാതെ സിഐടിയു തൊഴിലാളികളുടെ കുടുംബാംഗങ്ങളും ഭാര്യമാരും സ്ഥാപനത്തിലെ പണപ്പിരിവുകാരായിരുന്നു. സ്ഥാപന ഉടമകളുടെ പേരിലെടുത്ത മൊബൈല്‍ സിം കാര്‍ഡുകളും വാഹനങ്ങളും സിപിഎമ്മിലെ പല അംഗങ്ങളും ഇവരുടെ കുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്നതായി ആരോപണമുണ്ട്. സ്ഥാപന ഉടമയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം പലിശക്കെടുത്തവരുടെ ചെക്ക്, പ്രോമിസറി നോട്ട്, വസ്തുവിന്റെ ആധാരം തുടങ്ങിയ രണ്ടുചാക്കോളം വരുന്ന അനുബന്ധ രേഖകള്‍ സിപിഎമ്മിന്റെ തൃപ്പൂണിത്തുറയിലെ ഒരു പ്രമുഖ നേതാവിനെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രേഖകള്‍ ഈ നേതാവിന്റെ വിശ്വസ്തനായ ഒരു പാര്‍ട്ടി അനുഭാവിയുടെ കയ്യിലാണ്. എന്നാല്‍ നാട്ടില്‍നിന്നും അപ്രത്യക്ഷമായ സ്ഥാപന ഉടമയെ പണമിടപാടുമായി ബന്ധപ്പെട്ട് അജ്ഞാതസംഘം തടവറയിലാക്കിയതായിട്ടാണ് വിവരം. അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് സ്ഥാപന ഉടമയെ നേരില്‍കണ്ട് സന്ധിസംഭാഷണം നടത്തിയ പോലീസ് ഉദേ്യാഗസ്ഥനെ കേന്ദ്രമാക്കിയും അനേ്വഷണം നടക്കുന്നുണ്ട്. ജീവനു ഭീഷണി ഉള്ളതിനാല്‍ സംഭവത്തെക്കുറിച്ചും സ്ഥാപനത്തില്‍ പണംനിക്ഷേപിച്ചവരെക്കുറിച്ചും സ്ഥാപനത്തില്‍നിന്നും വന്‍തുക കൈപ്പറ്റിയശേഷം നല്‍കാത്തവരെക്കുറിച്ചും സ്ഥാപനത്തിലെ ബിസിനസ് പങ്കാളികളെക്കുറിച്ചും സ്ഥാപന ഉടമയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സിപിഎം നേതാക്കളെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്. സിപിഎം മരടില്‍ നിര്‍മിക്കുന്ന ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്റെ നിര്‍മാണഫണ്ടിലേക്ക് പത്തുലക്ഷം രൂപ സിപിഎമ്മിന്റെ ഒരു പ്രമുഖ നേതാവ് പണമിടപാട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തി വാങ്ങിയതായും എന്നാല്‍ രണ്ടുലക്ഷം രൂപ മാത്രമേ പാര്‍ട്ടി ഓഫീസ് നിര്‍മാണഫണ്ടിലേക്ക് നല്‍കിയുള്ളൂവെന്നും സിപിഎം പ്രവര്‍ത്തകര്‍തന്നെ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.