ഹരിവരാസനം

Thursday 15 January 2015 8:41 pm IST

അയ്യപ്പഭക്തരെയെല്ലാം ആനന്ദത്തില്‍ ആറാടിക്കാന്‍ സഹായകമായ മനോഹരസ്തുതിഗീതമാണ് ഹരിവരാസനം വിശ്വമോഹനം എന്നാരംഭിക്കുന്ന ഹരിഹരസുതാഷ്ടകം. ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായി ഹരിവരാസനം പ്രസിദ്ധമായിരിക്കുന്നു. ശബരിമലയില്‍ നടതുറന്നിരിക്കുന്ന  ദിവസങ്ങളിലെല്ലാം അത്താഴപൂജകഴിഞ്ഞു നട അടയ്ക്കുന്നതിനു മുന്‍പായിഹരിവരാസനം ആലപിക്കപ്പെടുന്നു. 1950 മുതല്‍ 5 വര്‍ഷം ശബരിമലയില്‍ മേല്‍ശാന്തിയായിരുന്ന മാവേലിക്കരവടക്കത്തില്ലത്ത് ഈശ്വരന്‍ നമ്പൂതിരിയാണു ഹരിവരാസനം പാടി നട അടയ്ക്കുന്ന പതിവുതുടങ്ങിയത് എന്നുകരുതപ്പെടുന്നു. പരമഭക്തനായിരുന്ന വി. ആര്‍ ഗോപാലമേനോന്‍ എന്ന സുഹൃത്ത് ഭക്തിപുരസ്സരം പാടിയിരുന്ന ഹരിവരാസനമാണ് അതിന് അദ്ദേഹത്തിനു പ്രചോദനമായത്. നട അടയ്ക്കുന്നതിനു മുന്‍പ് ശ്രീകോവിലിനുള്ളില്‍മേല്‍ശാന്തിയും, സോപാനത്തും ക്ഷേത്രപരിസരങ്ങളിലും നിന്ന് ഭക്തരും ഹരിവരാസനം ചൊല്ലുന്നു. ആലാപനം പകുതിയാകുന്നതോടെ കീഴ്ശാന്തിമാരും/പരികര്‍മ്മികളും ഒന്നൊന്നായി ശ്രീകോവിലില്‍ നിന്നും ഇറങ്ങുന്നു. ഹരിവരാസനം പാടിത്തീരാറാകുമ്പോഴേക്കും ഒന്നൊഴികെ മറ്റെല്ലാ നിലവിളക്കും അണച്ചു മേല്‍ശാന്തി നടയടയ്ക്കുന്നു. സന്നിധാനത്ത് ഇപ്പോള്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ സ്വരമാധുരിയിലാണു ഹരിവരാസനം ഈ സമയത്തു മുഴങ്ങുന്നത്. രാത്രിയില്‍ കാനനനടുവില്‍ ശബരീശസ്തുതിഗീതം ഗന്ധര്‍വ്വനാദത്തില്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന അനുഭൂതി അവാച്യമാണ്. കനകമഞ്ജരി എന്നും വിളിക്കപ്പെടുന്ന ഇന്ദിരാവൃത്തത്തില്‍ രചിക്കപ്പെട്ടതാണ് ഹരിഹരസുതാഷ്ടകം (നഗണംരഗണംരഗണം ലഘു ഗുരു എന്നിങ്ങനെ ഗണങ്ങളും ആറില്‍യതിയും നാലുപാദങ്ങളിലായി 44 അക്ഷരങ്ങളുമുള്ള സമവൃത്തമാണു കനകമഞ്ജരി). എട്ട്‌ശ്ലോകങ്ങള്‍ ഉള്ളതിനാലും ഹരിഹരാത്മജനെ സ്തുതിക്കുന്നതിനാലും ഈ സ്തുതി ഹരിഹരസുതാഷ്ടകം എന്ന് അറിയപ്പെടുന്നു. ഹരിഹരസുതാഷ്ടകത്തിന്റെ വ്യാഖ്യാനം ഇവിടെ നല്‍കുന്നു. ഹരിവരാസനംവിശ്വമോഹനം ഹരിദധീശ്വരാരാദ്ധ്യപാദുകം അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം  ഹരിഹരാത്മജംദേവമാശ്രയേ     ഹരിവരാസനം  -ഹരി എന്ന ശബ്ദത്തിനു നിരവധി അര്‍ത്ഥങ്ങളുണ്ട്. വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, ഇന്ദ്രന്‍, യമന്‍, സൂര്യന്‍, ശുക്രന്‍, ചന്ദ്രന്‍, അഗ്നി, വായു എന്നീ ദേവകളും സിംഹം, കുതിര, കുരങ്ങ്, കുയില്‍, മയില്‍, അരയന്നം, തത്ത, തവള, പാമ്പ് എന്നീ ജീവികളും ഹരിശബ്ദംകൊണ്ട്‌വിവക്ഷിക്കപ്പെടുന്നു. ശ്രേഷ്ഠനായ ഹരിയെ ആസനമാക്കിയവന്‍(ഇരിപ്പിടം അല്ലെങ്കില്‍ വാഹനം ആക്കിയവന്‍) എന്ന അര്‍ത്ഥത്തിലാണ് ഹരിവരാസനം എന്ന് പ്രയോഗിച്ചിരിക്കുന്നത്. അയ്യപ്പന്റെ വാഹനം കുതിരയാണ് എന്നതിനാല്‍ ഹരിവരാസനം എന്ന പദത്തിനു കുതിരപ്പുറമേറിയവന്‍ എന്ന അര്‍ത്ഥംതന്നെയാണു യോജിക്കുക. മാത്രവുമല്ല സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന രോമങ്ങളോടും മഞ്ഞപ്പട്ടിന്റെ കാന്തിയോടുംകൂടിയകുതിരയാണു ഹരിഃ എന്ന പ്രമാണവും അതുതന്നെയാണുസൂചിപ്പിക്കുന്നത്. (ത്വക്കേശവാലരോമാണിസുവര്‍ണാഭാനി യസ്യതുഹരിഃസവര്‍ണതോ/ശ്വസ്തു പീതകൗശേയസപ്രഭഃ). സിംഹാരൂഢന്‍ എന്ന അര്‍ത്ഥവും പറയപ്പെടുന്നു. വിശ്വമോഹനം  -വിശ്വത്തെ ഒന്നാകെ മോഹിപ്പിക്കുന്നവന്‍(ത്രൈലോക്യമോഹകനാണു മോഹിനീപുത്രന്‍) ഹരിദധീശ്വരാരാദ്ധ്യപാദുകം- ഹരിദധീശ്വരന്മാരാല്‍ ആരാധിക്കപ്പെടുന്ന പാദങ്ങളോടു(പാദുകങ്ങളോടു) കൂടിയവന്‍. ഹരിദധീശ്വരന്‍ എന്നാല്‍ ദിക്കിന് അധിപതിയായവന്‍ (ഹരിത് + അധീശ്വരന്‍)അഥവാദിക് പാലകന്‍ എന്നര്‍ത്ഥം. ഇന്ദ്രന്‍, അഗ്നി, യമന്‍, നിര്യതി, വരുണന്‍, വായു, കുബേരന്‍, ഈശന്‍ എന്നീ എട്ട്‌ദേവന്മാരാണു ദിക്പാലകര്‍. ശാസ്താവ്അഷ്ടദിക്പാലകന്മാരാല്‍ ആരാധിക്കപ്പെടുന്ന പാദുകങ്ങളോടു(മെതിയടികളോടു) കൂടിയവന്‍ ആണെന്നു സാരം. അരിവിമര്‍ദ്ദനം  -അരികളെ(ശത്രുക്കളെ ) നശിപ്പിക്കുന്നവന്‍. ദുഷ്ടന്മാരായ അസുരന്മ ാരേയും രാക്ഷസരേയും മറ്റും നശിപ്പിക്കുന്നവനാണു വീരപരാക്രമിയായ ശാസ്താവ്. തന്നെ ആശ്രയിക്കുന്ന ഭക്തരുടെ മുഖ്യ ശത്രുക്കളെ; ഷഡ്‌വൈരികളെ; നശിപ്പിക്കുന്നവന്‍ എന്ന അര്‍ത്ഥവും ഉണ്ട്. കാമം. ക്രോധം, ലോഭം, മോഹം, മദം, മാത്‌സര്യം എന്നീ ആറു ശത്രുക്കളെ എതിര്‍ത്തു തോല്‍പ്പിച്ചാലേ ഭക്തന് അയ്യപ്പനിലേക്കുള്ള മാര്‍ഗ്ഗം തെളിയുകയുള്ളൂ. ശക്തരായ ഈ ആറുഅരികളേയും നശിപ്പിച്ചു ഭക്തനെ രക്ഷിക്കുന്നവന്‍ എന്ന് ശാസ്താവിനെ വിശേഷിപ്പിക്കുന്നു. നിത്യനര്‍ത്തനം - നിത്യവും(എക്കാലവും) ഭക്തഹൃദയങ്ങളില്‍ രക്ഷകനായി ആനന്ദനര്‍ത്തനവും, ദുഷ്ടരുടേയുംദുര്‍വിചാരങ്ങളുടേയും മുകളില്‍ മഹിഷിയുടെ ശരീരത്തിലെന്ന പോലെ താണ്ഡവ നര്‍ത്തനവും ചെയ്യുന്നവന്‍. ഹരിഹരാത്മജം-ഹരിയുടേയും(വിഷ്ണുവിന്റേയും) ഹരന്റേയും(ശിവന്റേയും) ആത്മജനായവന്‍(പുത്രനായവന്‍) ദേവമാശ്രയേ-ദേവനെ(ആരാധ്യനായവനെ, പരമാത്മാവിനെ, ഈശ്വരനെ) ഞാന്‍ ആശ്രയിക്കുന്നു(ശരണം പ്രാപിക്കുന്നു) കുതിരപ്പുറത്ത് ഇരിക്കുന്നവനും വിശ്വത്തെ മോഹിപ്പിക്കുന്നവനും അഷ്ടദികപാലകന്‍മാരാല്‍ വന്ദിക്കപ്പെടുന്ന പാദങ്ങളോടുകൂടിയവനും കാമക്രോധാദിവൈരികളെ നശിപ്പിച്ചു നിത്യവും നര്‍ത്തനം ചെയ്യുന്നവനും ഹരിഹരപുത്രനുമായദേവനെ ഞാന്‍ ആശ്രയിക്കുന്നു എന്ന ്ഒന്നാംശ്ലോകത്തിന്റെസാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.