കൃഷ്ണപിള്ള: പ്രതികളുമായുള്ള തെളിവെടുപ്പ് തടസപ്പെടുത്താന്‍ ശ്രമം

Friday 16 January 2015 6:18 pm IST

ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകത്തിനു തീവച്ച കേസില്‍ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തുന്നത് തടസപ്പെടുത്താന്‍ ഒരുസംഘം ശ്രമിച്ചു. പ്രതികളെ അനുകൂലിക്കുന്ന ചിലര്‍ സംഘടിച്ചെത്തി മുദ്രാവാക്യം വിളിക്കുകയും ചില അന്വേഷണ ഉദ്യോഗസ്ഥരെ പേരെടുത്ത് വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. കസ്റ്റഡിയിലുള്ള രണ്ടാംപ്രതി സിപിഎം കണ്ണര്‍കാട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി. സാബു, മറ്റു പ്രതികളും സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരെയാണ് കൃഷ്ണപിള്ള സ്മാരകം സ്ഥിതി ചെയ്യുന്ന മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടം വീട്ടിലും പരിസര പ്രദേശങ്ങളിലും കൊണ്ടുവന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. പ്രതികളുമായി അന്വേഷണസംഘം എത്തിയ ഉടന്‍ തന്നെ ചിലര്‍ സംഘടിച്ചെത്തി തെളിവെടുപ്പ് തടസപ്പെടുത്താന്‍ ശ്രമിച്ചു. ലോക്കല്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അവര്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു. പ്രതികളെ അനുകൂലിച്ച് നേരത്തെ തന്നെ രംഗത്തെത്തിയ ജനകീയ സമിതി ഭാരവാഹികളും പ്രവര്‍ത്തകരുമാണ് അന്വേഷണ സംഘത്തിനെതിരെ മുദ്രാവാക്യം വിളിച്ച് സ്ഥലത്തെത്തുകയും തെളിവെടുപ്പ് തടയാന്‍ ശ്രമിച്ചതും. ജനകീയ സമിതി ഭാരവാഹി ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞ് കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. അന്വേഷണസംഘം ഇതുസംബന്ധിച്ച് മാരാരിക്കുളം പോലീസില്‍ പരാതി നല്‍കി. സിപിഎമ്മിലെ ഒരുവിഭാഗം പതിവായി ഗ്രൂപ്പ് യോഗം കൂടുന്ന കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഭാരവാഹിയുടെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പോലീസിലെ ഒരുവിഭാഗത്തിന്റെയും ഒരുസംഘം സിപിഎമ്മുകാരുടെയും കടുത്ത ഭീഷണി മൂലം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് അന്വേഷണസംഘം. സിപിഎമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഒരുവിഭാഗം പ്രവര്‍ത്തകരും അനുഭാവികളും പ്രതികളെ അനുകൂലിച്ച് സജീവമായി രംഗത്തുണ്ട്. പാര്‍ട്ടിയിലെ തന്നെ ചില ഉന്നതരുടെ പിന്‍ബലമുള്ളതിനിലാണ് ഇവര്‍ അന്വേഷണ സംഘാംഗങ്ങളെ ഭീഷണിപ്പെടുത്താനും അന്വേഷണം തടസപ്പെടുത്താനും ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിനു പോലീസ് സംരക്ഷണം നല്‍കേണ്ട സ്ഥിതിവിശേഷമാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.