പ്രത്യാശയുടെ പദയാത്രയ്ക്ക് ഹൃദ്യമായ വരവേല്പ്പ്

Friday 16 January 2015 10:25 pm IST

മാനവ ഏകതാ മിഷന്റെ നേതൃത്വത്തില്‍ ശ്രീഎം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയെകളിയിക്കാവിളയില്‍
ആര്‍എസ്എസ് പാറശ്ശാല താലൂക്ക് സംഘചാലക് മധുസൂദനന്‍നായര്‍ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു

പാറശ്ശാല: സമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമായി മാനവ ഏകാതാമിഷന്റെ നേതൃത്വത്തില്‍ ശ്രീഎം നയിക്കുന്ന പ്രത്യാശയുടെ പദയാത്രയ്ക്ക് മലയാളക്കരയിലേക്ക് ഹൃദ്യമായ വരവേല്പ്പ്.

കന്യാകുമാരിയില്‍ നിന്നും കഴിഞ്ഞ് 12ന് ആരംഭിച്ച പദയാത്ര ഇന്നലെ രാവിലെ 7ന് കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ എത്തിച്ചേര്‍ന്നു. ആര്‍എസ്എസ് പാറശ്ശാല താലൂക്ക് സംഘചാലക് മധുസൂദനന്‍നായര്‍ പൊന്നാട അണിയിച്ച് ശ്രീഎംനെ സ്വീകരിച്ചു.
തിരുവനന്തപുരം വിഭാഗ് പ്രചാരക് കിരണ്‍, സംഭാഗ് കാര്യവാഹ് പ്രസാദ്ബാബു, പാറശ്ശാല താലൂക്ക് കാര്യവാഹ് ഗിരീഷ്, ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ ശിവശങ്കരപിള്ള തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

തുടര്‍ന്ന് പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിവധ താളമേളങ്ങളുടെ അകമ്പടിയോടെ പദയാത്രയെ കേരളത്തിലേക്ക് ആനയിച്ചു.
പാറശ്ശാല ജംഗ്ഷനില്‍ എത്തിയ പദയാത്രയെ ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് പാദപൂജ നടത്തിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു.

വിദ്യാലയം പ്രസിഡന്റ് ഡോ. സി. സുരേഷ്‌കുമാര്‍, ശ്രീഎം ന് പൊന്നാട അണിയിച്ചു. പാറശ്ശാല മഹാദേവര്‍ ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികള്‍ ബിജെപി സംസ്ഥാന സമിതി അംഗം പാറശ്ശാല ബാലചന്ദ്രന്‍, മണ്ഡലം സെക്രട്ടറി നെടിയാംകോട് അജേഷ്, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് അനില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കുറുംകുട്ടി ഭാരതീയ വിദ്യാപീഠം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പദയാത്രയില്‍ അണിചേര്‍ന്നു.

ഉച്ചയോടെ നെയ്യാറ്റിന്‍കരയില്‍ എത്തിയ പദായാത്രയെ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍ സ്വീകരിച്ചു. ആര്‍എസ്എസ് ജില്ലാ സദസ്യന്‍ പെരുമ്പെഴുതൂര്‍ ഷിബു പൂര്‍ണ്ണകുംഭം നല്‍കി. ഊരൂട്ടുകാല ജിആര്‍ സ്‌കൂളിലെ കുട്ടികളുമായി ശ്രീഎം സംവദിച്ച ശേഷം നിംസ് മെഡി സിറ്റിയില്‍ സത്‌സംഗവും നടന്നു. പദയാത്ര ഇന്നു രാവിലെ അനന്തപുരിയിലേക്ക് യാത്രയാകും.

ഭാരതത്തിലെ വിവിധ ദേശങ്ങളില്‍ നിന്നെത്തിയവര്‍ സമന്വയിക്കുന്ന പ്രത്യാശയുടെ പദയാത്ര(വാക്ക് ഓഫ് ഹോപ്) 11 സംസ്ഥാനങ്ങളിലൂടെ ഒന്നരവര്‍ഷം കൊണ്ട് 6500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കാശ്മീരില്‍ സമാപിക്കും. ദിവസവും 20 കിലോമീറ്ററോളം പിന്നിടുന്ന പ്രത്യാശയുടെ പദയാത്ര മുന്‍കൂട്ടി നിശ്ചയിച്ച ഗ്രാമങ്ങളില്‍ തങ്ങി സത് സംഗവും നടത്തും.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.