നന്മ സ്റ്റോറുകള്‍ കൂട്ടത്തോടെ പൂട്ടുന്നു

Saturday 17 January 2015 7:38 pm IST

ശാസ്താംകോട്ട: സാധാരണക്കാരന്റെ ആശ്രയകേന്ദ്രമെന്ന് ഉയര്‍ത്തികാട്ടിയ നന്മാസ്‌റ്റോറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിലേക്ക്. കണ്‍സ്യൂമര്‍ ഫെഡിന് കോടികള്‍ ബാധ്യതവരുത്തിത്തീര്‍ത്ത നന്മ സ്‌റ്റോറുകള്‍ അടച്ചുപൂട്ടാതെ മറ്റ് വഴിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കുന്നത്തൂര്‍താലൂക്കിലെ അമ്പതോളംവരുന്ന നന്മ സ്റ്റോറുകളില്‍ പന്ത്രണ്ടെണ്ണമാണ് ഇന്നലെ പൂട്ടാന്‍ ഉത്തരവായത്. ശാസ്താംകോട്ട”ഗോഡൗണിന്റെ കീഴില്‍ അഞ്ചും പതാരം ഗോഡൗണിന്റെ കീഴില്‍ മൂന്നും ശൂരനാട് വടക്ക് നാലും സ്‌റ്റോറുകള്‍ക്ക് വീതമാണ് താഴിട്ടത്. ഇതോടൊപ്പം ഗോഡൗണുകളിലെ സ്‌റ്റോക്ക് തിട്ടപ്പെടുത്തിക്കൊടുക്കാനും അടയ്ക്കുന്ന ഗോഡൗണുകളിലെ മുഴുവന്‍ സാധനങ്ങളും കൊല്ലത്തെ നീതിസംഭരണകേന്ദ്രത്തില്‍ എത്തിക്കുവാനുമാണ് ഉത്തരവ്. ഗോഡൗണുകള്‍ അടച്ചുപൂട്ടാനുള്ള അധികൃതരുടെ നീക്കം കുന്നത്തൂരില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കി. നന്മാസ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ എത്തിയ ഉദ്യോഗസ്ഥരെ പലയിടത്തും നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. നന്മ സ്‌റ്റോറുകളില്‍ ജീവനക്കരെ ജോലിക്കെടുക്കുന്നതിന് പ്രാദേശിക നേതൃത്വം മുതല്‍ ജില്ലാഘടകം വരെ അന്‍പതിനായിരം മുതല്‍ മൂന്ന് ലക്ഷംരൂപ വരെ കോഴവാങ്ങിയിരുന്നു. ജോലിനഷ്ടപ്പെട്ടാല്‍ ഈ തുകതിരിച്ച്്‌കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ പലരും കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലെത്തിയതും സംഘര്‍ഷത്തിന് കാരണമായി. ഓണംപോലുള്ള ഉത്സവസീസണുകളില്‍ പോലും ഏഴായിരം രൂപയ്ക്കുമുകളില്‍ കളക്ഷനില്ലാത്ത നന്മ സ്റ്റോറുകളാണ് ആദ്യഘട്ടത്തില്‍ പൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചതെന്ന്അറിയുന്നു. സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും ഒരുദിവസത്തെ ശമ്പളംനല്‍കുന്നതിന് ഒരുകോടിയിലധികം രൂപവേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല പലസ്റ്റോറുകളിലും ആവശ്യത്തിലധികം ജീവനക്കാരെ തിരുകിക്കയറ്റിയതും പ്രതിസന്ധിക്കിടയാക്കി. കൂടാതെ സാധനംവാങ്ങിയവകയില്‍ 600 കോടിരൂപയോളം വിതരണക്കമ്പനികള്‍ക്ക് നല്‍കാനുണ്ട്. ഓണത്തിനും മറ്റ് വിശേഷാവസരങ്ങളിലും ജനങ്ങള്‍ക്ക് സബ്‌സിഡിയിനത്തില്‍ സാധനം വിതരണംചെയ്തവകയില്‍ 450 കോടിരൂപ സര്‍്ക്കാര്‍ കണ്‍സ്യൂമര്‍ഫെഡിന് നല്‍കാനുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ നട്ടംതിരിയുന്ന കണ്‍സ്യൂമര്‍ഫെഡിന് നന്മ സ്റ്റോറുകള്‍ പൂട്ടാതെ മറ്റ് നിവൃത്തിയില്ലാത്ത അവസ്ഥായണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ സ്‌റ്റോറുകള്‍ പൂട്ടിയാല്‍ ശക്തമായപ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി അടക്കമുളള സംഘടനകള്‍ അറിയിച്ചു. അതേസമയം നന്മസ്റ്റോറുകള്‍ പൂട്ടുന്നത് പുനഃപരിശോധിക്കണമെന്ന് നാഷണല്‍ കണ്‍സ്യൂമര്‍ ഫോറം നേതൃയോഗം ആവശ്യപ്പെട്ടു. നിലവില്‍ വ്യാപാരം നടക്കുന്ന സ്ഥാപനങ്ങളില്‍ സ്റ്റോക്ക് എത്തിച്ചുകൊടുക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആയിരക്കണക്കിന് തൊഴിലാളികുടുംബങ്ങളെ പട്ടിണിയിലാക്കരുതെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.