മഹിളാ ഐക്യവേദി നേതൃശില്‍പശാല തുടങ്ങി

Saturday 17 January 2015 7:51 pm IST

മഹിളാ ഐക്യവേദിയുടെ നേതൃശില്‍പശാല രാജയോഗിനി ബ്രഹ്മകുമാരി ദിഷ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: എല്ലാ അമ്മമാരെയും പൂജിക്കുക എന്നതാണ് വന്ദേമാതരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് രാജയോഗിനി ബ്രഹ്മകുമാരി ദിഷ അഭിപ്രായപ്പെട്ടു. മഹിളാ ഐക്യവേദിയുടെ രണ്ടുദിവസത്തെ നേതൃശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഭാരതത്തിന്റെ സംസ്‌കാരം തന്നെ വെളിച്ചത്തില്‍ നിന്നും ആരംഭിച്ചതാണ്. ആദ്ധ്യാത്മികതയുടെ ഈറ്റില്ലം കൂടിയാണ് ഭാരതം. സനാതന ധര്‍മ്മം ഉള്‍ക്കൊള്ളുന്ന ഭാരതത്തില്‍ ദേവീദേവന്മാരെ പോലും മക്കളായി കാണുന്ന പാരമ്പര്യമാണുള്ളത്. ഇന്നും വിധിപൂര്‍വം ക്ഷേത്രാരാധന നടക്കുന്ന ഏകസംസ്‌കാരം ഭാരതത്തില്‍ മാത്രമാണ്. ഇക്കാരണത്താല്‍ തന്നെ മഹാന്മാര്‍ക്കും മതനേതാക്കള്‍ക്കും ജന്മം നല്‍കുവാന്‍ ഭാരതത്തിന് സാധിച്ചിട്ടുണ്ടെന്നും ദിഷ പറഞ്ഞു.

കുഞ്ചന്‍ നമ്പ്യാര്‍ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, അഡ്വ. സുജാത വര്‍മ്മ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ഇന്നു രാവിലെ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം അഡ്വ. അഞ്ജനാദേവി സ്ത്രീശാക്തീകരണവും ജനാധിപത്യ പ്രക്രിയയും എന്ന വിഷയത്തിലും, സ്ത്രീ സുരക്ഷയും നിയമവും എന്ന വിഷയത്തില്‍ അഡ്വ. വി.എസ്. രാജനും ക്ലാസ് നയിക്കും. സമാപനസഭയില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ സംസാരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.