ചിരിയും കണ്ണീരും

Sunday 7 February 2016 3:54 pm IST

മൂവാറ്റുപുഴയിലെ പോപ്പുലര്‍ഫ്രണ്ടിന് പാരീസില്‍ ബ്രാഞ്ച് കമ്മറ്റിയുണ്ടോ? പോയ ബുധനാഴ്ച പാരീസിലെ ചാര്‍ലെ ഹെബ്‌ദോ എന്ന് വാരികയുടെ ഓഫീസിലേക്ക് കടന്നുകയറി ചീഫ് എഡിറ്ററടക്കമുള്ളവരെ വെടിവെച്ചുകൊന്ന മതഭീകരരും തൊടുപുഴ ന്യൂമാന്‍കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ പോപ്പുലര്‍ഫ്രണ്ടുകാരും തമ്മിലുള്ള സമാനതകളാണ് ഈ ചോദ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. ചാര്‍ലെ ഹെബ്‌ദോയുടെ ഓഫീസില്‍ കലാഷ്‌നിക്കോവുമായി കടന്നുകയറിയവരെ മതഭീകരരെന്ന് പറയാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ടിജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞ ക്രൂരന്മാരെ അങ്ങനെ വിശേഷിപ്പിക്കാന്‍ പാടില്ല. കാരണം അവര്‍ മതേതര പുരോഗമന ജനാധിപത്യകേരളത്തിന്റെ കണ്ണിലുണ്ണികളാണ്. നാട് ഭരിക്കുന്ന ഇടതുവലതുമുന്നണികളുടെയും മതേതരമാധ്യമങ്ങളുടെയും മനുഷ്യവകാശപ്പോരാളികളുടെയും പ്രേരണയും ഊര്‍ജ്ജവുമാണ്. അതുകൊണ്ട് അവരെ മതഭീകരതയുടെ തലക്കെട്ടിലല്ല, മനുഷ്യാവകാശത്തിന്റെ പ്രവാചകന്മാരായി വാഴ്ത്തിക്കൊള്ളണം. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് കലാഷ്‌നിക്കോവ് തോക്കിന്‍തിരകളിലൂടെയും തൊടുപുഴയിലെ കശാപ്പുകത്തിയിലൂടെയും ലോകത്തോട് വിളിച്ചുപറയുന്ന ഇക്കൂട്ടരാണ് പോലും പ്രവാചകന്റെ പിന്മുറക്കാര്‍. അത് അങ്ങനെയല്ലെന്ന് വിളിച്ചുപറയേണ്ട ഇസ്ലാമിക മതപണ്ഡിതന്മാരും ബുദ്ധിജീവികളുമാണ് പെരുമാള്‍ മുരുഗനോട് ഇങ്ങനെയാകാമെങ്കില്‍ പാരീസില്‍ അങ്ങനെയുമാകാമെന്ന് ന്യായീകരിക്കുന്നതാണ് ദൗര്‍ഭാഗ്യകരം. തിരുച്ചെങ്കോട്ടെ അമ്മപെങ്ങന്മാരെ അപഥസഞ്ചാരിണികളെന്ന് മുദ്രകുത്തിയ 'മഥോരുഭാഗന്‍' എന്ന നാലാംകിട നോവലിനെതിരെ അന്നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് പെഷവാറിലെ സ്‌കൂള്‍കെട്ടിടത്തില്‍ പിഞ്ചുകുഞ്ഞുങ്ങളെ നിരത്തിനിര്‍ത്തി വെടിവെച്ചുകൊന്നുകളഞ്ഞ മതഭീകരതയെക്കാള്‍ അപകടകരമെന്ന് കണ്ടെത്തി വ്യാഖ്യാനിക്കുകയാണ് ഇപ്പോള്‍ നമ്മുടെ മാധ്യമഭീകരന്മാര്‍. കുറ്റബോധം കൊണ്ടോ ഭീരുത്വംകൊണ്ടോ പെരുമാള്‍ മുരുഗന്‍ കഥയെഴുത്ത് നിര്‍ത്തി. 'എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍ മരിച്ചുപോയി' എന്ന് സ്വയം നിലവിളിച്ചുകൊണ്ടാണ് അദ്ദേഹം ആ സദ്കൃത്യത്തെ ലോകസമക്ഷം അവതരിപ്പിച്ചത്. സ്വന്തം എഴുത്തിനോട് പ്രതിബദ്ധത ലവലേശമില്ലാത്ത ഒരു ഭീരുവിന്റെ പലായനത്തെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമെന്ന് വ്യാഖ്യാനിക്കാനായിരുന്നു നമ്മുടെ പ്രഖ്യാപിത ബുദ്ധിജീവിസംഘങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തിടുക്കം. അവര്‍ പാരീസിലെ ചാര്‍ലെ ഹെബ്‌ദോയ്‌ക്കെതിരെ നടന്ന ഭീകരാക്രമണത്തെ പെരുമാള്‍ മുരുഗന്റെ ഒളിച്ചോട്ടവുമായി തുലനം ചെയ്ത് തൂക്കമൊപ്പിച്ചുകളഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളുടെ വ്യാഖ്യാനമനുസരിച്ച് പെരുമാള്‍ മുരുഗന് എഴുത്ത് നിര്‍ത്തേണ്ടിവന്നതുകൊണ്ടാണ്, അമീര്‍ഖാന്റെ പികെയ്‌ക്കെതിരെ മുംബൈയിലെ തെരുവില്‍ ആരൊക്കെയോ പ്രകടനം നടത്തിയതുകൊണ്ടാണ് പാരീസിലെ ചാര്‍ലെഹെബ്‌ദോ വാരികയുടെ ഓഫീസിലേക്ക് കലാഷ്‌നിക്കോവ് തോക്കുകളുമായി ഭീകരര്‍ ഇരച്ചുകയറിയതെന്ന് നമ്മള്‍ മനസ്സിലാക്കണം. ചാര്‍ലെ ഹെബ്‌ദോ അതിന്റെ വായനക്കാരെ എത്രയോകാലമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വാരികയാണ്. സ്റ്റെഫാനെ ചര്‍ബോണിയര്‍ എന്ന പത്രാധിപരുടെ നേതൃത്വത്തില്‍ മുഖംനോക്കാത്ത വിമര്‍ശനത്തിന് പരിഹാസത്തിന്റെ മേമ്പൊടി ചാലിച്ചാണ് അത് ഇത്രകാലം മുന്നോട്ടുപോയത്. ലോകമെമ്പാടും ഇസ്ലാമിന്റെ പേരില്‍ നടമാടുന്ന കൊടുംക്രൂരതയ്‌ക്കെതിരെ പ്രവാചകനെ മുന്‍നിര്‍ത്തി പ്രതികരിക്കുകയായിരുന്നു വാരിക. 2011ല്‍ കാബു ടിഗ്‌നസ് എന്ന കാര്‍ട്ടൂണിസ്റ്റ് തന്റെ കുറുവരകളില്‍ തീര്‍ത്ത കാര്‍ട്ടൂണ്‍ ചിത്രമാണ് മതവെറിയന്മാരായ കൗച്ചി സഹോദന്മാരെക്കൊണ്ട് ഈ കൊടുംക്രൂരത ചെയ്യിച്ചത്. പതിനേഴ് പേരാണ് കൊല്ലപ്പെട്ടത്. പത്രാധിപര്‍ സ്റ്റെഫാനെ ചര്‍ബോണിയര്‍, കാര്‍ട്ടൂണിസ്റ്റുകളായ കാബുടിഗ്‌നസ്, വോളിന്‍സ്‌കി, ചാര്‍ബ് എന്നിവരടക്കം പന്ത്രണ്ട് പേര്‍ തത്സമയം മരണപ്പെട്ടു. ചിരിയും ചിന്തയുമുണര്‍ത്തിയ ചെറുവരകള്‍ക്ക് പ്രവാചകമതത്തിന്റെ പിന്‍ഗാമികളെന്ന് അഭിമാനിക്കുന്നവര്‍ നല്‍കിയ പ്രതിഫലമായിരുന്നു ആ കൂട്ടക്കൊല. അവര്‍ കറുത്ത മുഖംമൂടി ധരിച്ചു. തക്ബീര്‍ മുഴക്കി. 'പ്രവാചകന്‍ പകരം വീട്ടുകയാണ്' എന്ന് ആക്രോശിച്ചു. എന്നാല്‍ 'പകരംവീട്ടാന്‍ അയച്ച പ്രവാചകന്‍' അവരെ തുണച്ചില്ല. ഫ്രഞ്ച് സര്‍ക്കാരും ജനങ്ങളും ഉണര്‍ന്നു. ഒറ്റപ്പകലിന്റെ ആയുസ്സേ ഭീകരര്‍ക്കുണ്ടായിരുന്നുള്ളൂ. സുരക്ഷാസേന അവരെ ഒളിയിടത്തില്‍ കടന്നുചെന്ന് വധിച്ചുകളഞ്ഞു. ചിരിവരകള്‍ക്ക് മീതെ പ്രതികാരത്തിന്റെ വിഷം ചീറ്റിയവര്‍ക്കെതിരെ ഫ്രാന്‍സിലുയര്‍ന്ന ജനകീയ പ്രതികരണം വിസ്മയകരമായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളാണ് പൊതുനിരത്തിലിറങ്ങിയത്. ലോകമെമ്പാടും മതഭീകരതയ്‌ക്കെതിരെ പ്രതിഷേധക്കടലിരമ്പി. നാല്‍പതോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ പാരീസില്‍ പറന്നിറങ്ങി. പ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്റും ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമടക്കമുള്ളവര്‍ കൈകോര്‍ത്തു. ഭീകരതയ്‌ക്കെതിരായ അന്തിമപോരാട്ടത്തിന് ലോകരാജ്യങ്ങള്‍ ആഹ്വാനം ചെയ്തു. ആ പ്രതികരണത്തിന്റെ പിന്തുണയില്‍നിന്ന് കരുത്താര്‍ജിച്ച് ചാര്‍ലെ ഹെബ്‌ദോ വേദനമറന്ന് വീണ്ടും ചിരിച്ചു. പ്രവാചകന്‍ കണ്ണീര്‍ വാര്‍ത്തുനില്‍ക്കുന്ന കാര്‍ട്ടൂണ്‍ കവര്‍ചിത്രമാക്കി അവര്‍ വീണ്ടും വന്നു. അതിജീവനത്തിന്റെ പതിപ്പ് എന്നായിരുന്നു പുതിയലക്കത്തിന് പേര്. നാല്‍പതിനായിരം കോപ്പി അടിച്ചുകൊണ്ടിരുന്ന വാരിക ഇക്കുറി പുറത്തിറക്കിയത് അഞ്ച് ലക്ഷം. പുലര്‍ച്ചെ ഏഴ് മണിയോടെ സ്റ്റാളുകളില്‍ 'സ്റ്റോക്ക് തീര്‍ന്നു' എന്ന് ബോര്‍ഡ് തൂങ്ങി. എന്നിട്ടും കിലോമീറ്റര്‍ നീളുന്ന ക്യൂ വാരിക വാങ്ങാനും വായിക്കാനും ഉണ്ടായി. ആവശ്യക്കാരെ മുന്‍നിര്‍ത്തി തുടര്‍ച്ചയായി മൂന്ന് ദിവസവും ചാര്‍ലെഹെബ്‌ദോയുടെ ഒരേ പതിപ്പ് പുറത്തിറക്കേണ്ടി വന്നു. മതഭീകരത മതേതരരാഷ്ട്രീയത്തിന്റെ കുപ്പായമണിയുന്ന നമ്മുടെ നാടിന് ഫ്രാന്‍സിലെ ഈ ജനകീയപ്രതിരോധം ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. പാരീസിലെ പ്രതിഷേധറാലിയില്‍ നെതന്യാഹു പങ്കെടുത്തതിന്റെ യുക്തിയായിരുന്നു അവര്‍ക്ക് ചര്‍ച്ചാവിഷയം. പ്രതിമകള്‍ തകര്‍ക്കുകയും കാര്‍ട്ടൂണുകള്‍ക്കെതിരെ കാട്ടാളത്തം കാട്ടുകയും ചെയ്യുന്ന പ്രാകൃതമതമല്ല ഇസ്ലാമെന്ന് പ്രഖ്യാപിക്കാന്‍ പാരീസിലെയും പെഷവാറിലെയും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍പോലും മതപണ്ഡിതന്മാരോ ഇസ്ലാമിക രാജ്യങ്ങളോ തയ്യാറായില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച ഒരുത്തന്‍ 51 കോടിയാണ് പാരീസില്‍ വെടിയുതിര്‍ത്ത ഭീകരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. മൂവാറ്റുപുഴയില്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രധാനപ്രതികളിലൊരാള്‍ക്ക് ആ പഞ്ചായത്തില്‍ ജയിക്കാനാവശ്യമായ വോട്ട് ലഭിച്ചുവെന്നത് ഒരു മതസമൂഹം എങ്ങനെ ചിന്തിക്കുന്നുവെന്നതിന്റെ അപകടകരമായ തെളിവാണ്. മാറാട് കടപ്പുറത്ത് എട്ട് അരയകുടുംബങ്ങളെ അനാഥമാക്കിയ കൂട്ടക്കൊലയ്ക്ക് ആ ഗ്രാമത്തിലെ ബഹുഭൂരിപക്ഷംപേരും തുണനിന്നത് നമ്മുടെ കണ്‍മുന്നിലാണ്. ആയുധങ്ങള്‍ കൂട്ടിയതും ഗൂഢാലോചന നടന്നതും കൊലയാളികള്‍ക്ക് വഴിയൊരുക്കിയതും ആ നാട്ടിലെ ആളുകളായിരുന്നു. അതിന്റെ പേരില്‍ അടച്ചുപൂട്ടപ്പെട്ടത് അവിടുത്തെ മുസ്ലിംപള്ളിയാണ്. എന്നാല്‍ അത് മതഭീകരതയാണെന്ന് പറയാന്‍ എത്ര മാധ്യമങ്ങള്‍ക്ക്, രാഷ്ട്രീയക്കാര്‍ക്ക് തന്റേടമുണ്ടാവും. ഇവിടെ ഭീകരതയ്ക്ക് മതം മാത്രമല്ല മാധ്യമവും രാഷ്ട്രീയവും കൂട്ടിനുണ്ട് എന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.