ദേശീയ സ്‌കൂള്‍ കായികമേള: കിരീടത്തിനായ് താരങ്ങള്‍ റാഞ്ചിയില്‍

Sunday 18 January 2015 10:25 am IST

ദേശീയ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ റാഞ്ചി റെയില്‍വേസ്റ്റേഷനിലെത്തിയ കേരളാ ടീം

റാഞ്ചി: രണ്ട് ദിവസത്തെ ശുഭയാത്രയ്ക്ക് ശേഷം കായിക കേരളത്തിന്റെ കൗമാരതാരങ്ങള്‍ റാഞ്ചിയിലെ കടുത്ത തണുപ്പിലേക്ക് വന്നിറങ്ങി. നീണ്ട 50 മണിക്കൂര്‍ യാത്രക്കുശേഷം ഇന്നലെ രാവിലെ 9 മണിയോടെയാണ് 57 കായികതാരങ്ങളും 13 ഒഫീഷ്യല്‍സും ഉള്‍പ്പെട്ട ആദ്യ സംഘം റാഞ്ചി റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയത്. റാഞ്ചിയിലെ നിലവിലെ പകല്‍ താപനില 12 ഡിഗ്രി സെല്‍ഷ്യസാണ്. രാത്രി അഞ്ച് ഡിഗ്രിയാണ് താപനില.

റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള ബിര്‍സമുണ്ട സ്‌റ്റേഡിയത്തിലെ ഗെയിംസ് വില്ലേജിലേക്ക് എത്തിച്ചേരാനായി സംഘാടകര്‍ ഒരുക്കിയ പ്രത്യേക വാഹനത്തില്‍ താരങ്ങള്‍ യാത്രതിരിക്കുകയും ചെയ്തു. ഗെയിംസ് വില്ലേജിലെ ഫഌറ്റുകളിലാണ് സംഘത്തിന് താമസ സൗകര്യം ഒരുക്കിയത്.

എ ബ്ലോക്കിലെ നാലാം നിലയില്‍ ആണ്‍കുട്ടികള്‍ക്കും ബി ബ്ലോക്കിലെ മൂന്നാം നിലയില്‍ പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം ഒരുക്കിയിരുന്നത്.
തീവണ്ടി യാത്രപോലെ തന്നെ ഹാഡ്‌വാര്‍ ഗെയിംസ് വില്ലേജിലും മികച്ച സൗകര്യങ്ങളാണ താരങ്ങള്‍ക്കായി ഒരുക്കിയിരുന്നത്. താരങ്ങള്‍ക്കുള്ള പ്രഭാതഭക്ഷണം ട്രെയിനില്‍ നിന്നുമായിരുന്നു. താമസ സ്ഥലത്ത് എത്തിയശേഷം വിശ്രമവും ഉറക്കുമായി വൈകിട്ട് നാലുമണിവരെ താരങ്ങള്‍ കഴിച്ചുകൂട്ടി. ഉറക്കവുമായി നാലു മണി വരെ കഴിച്ചു കൂട്ടി.

ഇതിനിടെ കേരളതാരങ്ങള്‍ക്കുള്ള അടുക്കളയും സജീവമായി. വൈകീട്ട് നാലരയോടെ ഭക്ഷണം തയ്യാറായി. അതിനുശേഷം പരിശീലകരുടെ നിര്‍ദേശ പ്രകാരം മുഹമ്മദ് അഫ്‌സലും നിഖില്‍ നിഥിനും ജിസ്‌ന മാത്യുവും പി.ഡി. അഞ്ജലിയും ഉള്‍പ്പെട്ട താരങ്ങള്‍ സ്‌റ്റേഡിയത്തിലേക്ക് നീങ്ങി. തുടര്‍ന്ന് യാത്രാക്ഷീണം മറന്ന താരങ്ങള്‍ മൈതാനത്ത് കുറച്ചുനേരം വ്യായാമത്തിലേര്‍പ്പെടുകയും ചെയ്തു. ഇവര്‍ക്കുള്ള നിര്‍ദേശങ്ങളുമായി പരിശീലകരായ മനോജ് മാഷും ജാഫര്‍ഖാന്‍ ബാബുവുമെല്ലാം ഒപ്പമുണ്ടായിരുന്നു.

ഉച്ചഭക്ഷണം വൈകിയെങ്കിലും രാത്രി എട്ടരക്കു മുന്‍പുതന്നെ അത്താഴം വിളമ്പി. ഹരിദാസിനാണ് പാചകപ്പുരയുടെ മേല്‍നോട്ടം.മീറ്റ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതന്നെ റാഞ്ചിയിലെത്താനായത് ടീമിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഗുണം ചെയ്‌തെന്ന് ഫിസിക്കല്‍ എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് പറഞ്ഞു. നേരത്തെതന്നെ എത്താന്‍ കഴിഞ്ഞതോടെ നല്ല കിടക്കകളും മികച്ച സൗകര്യങ്ങളും ടീമിനായി ഒരുക്കാനും കഴിഞ്ഞു.
മീറ്റില്‍ പങ്കെടുക്കാനുള്ള കേരളത്തിന്റെ രണ്ടാമത്തെ സംഘം ഇന്ന് റാഞ്ചിയിലെത്തും. നാളെയാണ് കൗമാര കായികമേളക്ക് തുടക്കമാവുന്നത്. തുടര്‍ച്ചയായ 18-ാം കിരീടം ലക്ഷ്യമിട്ടാണ് ട്രാക്കിലും ഫീല്‍ഡിലും നിന്ന് പൊന്നുവിളയിക്കാനായി കൗമാര കായികകേരളം തയ്യാറെടുത്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.