വൈദ്യുതി മോഷണം: 79 ലക്ഷം പിഴ

Saturday 17 January 2015 10:35 pm IST

ഇടുക്കി: വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കെഎസ്ഇബി നടത്തിയ മിന്നല്‍ പരിശോധനയില്‍ 102 വൈദ്യുതി ഉപയോഗ ക്രമക്കേടുകള്‍ കണ്ടെത്തി 79 ലക്ഷം രൂപ പിഴ ചുമത്തി. പീരുമേട്, ചിന്നക്കനാല്‍, മൂന്നാര്‍, കുമളി, തൊടുപുഴ, കട്ടപ്പന, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലെ 536 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് 30 വൈദ്യുതി മോഷണങ്ങളും 72 ക്രമക്കേടുകളും കണ്ടെത്തിയത്. ഒരു വര്‍ഷത്തിനിടയിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന 'ഫോഗ് മൂന്നാര്‍' എന്ന നക്ഷത്ര നിലവാരത്തിലുള്ള റിസോര്‍ട്ടിലും വന്‍ ക്രമക്കേട് കണ്ടെത്തി. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ലഭിച്ച കണക്ഷന്‍ ഉപയോഗിച്ച് നാല്‍പധിലതികം റൂമുകള്‍ ഉള്‍ക്കൊള്ളുന്ന റിസോര്‍ട്ട് നടത്തിവരികയായിരുന്നു. ഇവരില്‍ നിന്ന് 2.75 ലക്ഷം രൂപ പിഴ ഈടാക്കി. കൃഷിയാവശ്യത്തിനും വീട്ടിലേക്കുമായി ലഭിച്ച വൈദ്യുതി കണക്ഷന്‍ ഉപയോഗിച്ച് പവര്‍ ലോണ്‍ഡ്രി നടത്തി വരികയായിരുന്ന മൂന്നാം മുട്ടുകാട് മാസ് എന്റര്‍പ്രൈസസ് സ്ഥാപനത്തിലാണ് ഏറ്റവുമധികം ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇവരില്‍ നിന്ന് നാലു ലക്ഷം രൂപ പിഴ ഇടാക്കി. ഇതില്‍ വൈദ്യുതി മോഷണം നടത്തിയതായി കണ്ടെത്തിയ സ്ഥലങ്ങളില്‍ പിഴയ്ക്ക് പുറമേ ഉടനടി വൈദ്യുതി വിഛേദിക്കുകയും ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കെഎസ്ഇബി മൂന്ന് റീജിയണുകള്‍ സംയുക്തമായാണ് പരിശോധന സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.