ആഴമേറിയ പഠനങ്ങള്‍

Saturday 22 October 2011 6:21 pm IST

ഭാഷാ സാഹിത്യത്തിലെ എട്ട്‌ മഹാരഥന്മാരെക്കുറിച്ചുള്ള ആഴമേറിയ പഠനമാണ്‌ ടി.ടി.പ്രഭാകരന്‍ 'അടയാള സത്യങ്ങള്‍' എന്ന പുസ്തകത്തില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്‌. 'ഒടിയന്‍' എന്ന കഥയെ മുന്‍നിര്‍ത്തി എംടിയുടെ രചനാലോകത്തെയും ഭാഷയെയും പ്രഭാകരന്‍ വിലയിരുത്തുന്നതിങ്ങനെയാണ്‌. "മലയാളിയുടേതെന്ന്‌ അഭിമാനിക്കുന്ന പൊതുസാംസ്കാരിക സ്വത്വമുദ്രകള്‍ എംടിയുടെ സാഹിത്യത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്‌, ജലത്തിലെ ലവണാംശംപോലെ". മലയാളിയുടെ സാംസ്കാരിക സ്വത്വ പരിണാമത്തില്‍ എംടിയുടെ സാഹിത്യത്തിനുള്ള സ്വാധീനം ഇനിയും ചര്‍ച്ച ചെയ്യപ്പെടണമെന്ന അഭിപ്രായവും പറഞ്ഞു വെക്കുന്നുണ്ട്‌ പ്രഭാകരന്‍. ഒടിയന്‍ മാത്രമല്ല എംടിയുടെ മിക്ക കഥകളിലും ഒളിഞ്ഞു കിടക്കുന്ന നാടന്‍ മിത്തുകളെ തേടിപ്പിടിച്ച്‌ വിശകലനവിധേയമാക്കുകയാണ്‌ 'ഒടിമറിയുന്ന കല' എന്ന ലേഖനത്തില്‍. നിരൂപണ സാഹിത്യത്തിന്റെ പരമ്പരാഗത രീതികളില്‍ നിന്ന്‌ ഭിന്നമായി എഴുത്തിന്റേയും എഴുത്തുകാരന്റേയും ശൈലികളെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ ആസ്വാദനത്തിന്റെ നിലവാരത്തില്‍ വിലയിരുത്തുന്നതില്‍ പ്രഭാകരന്‍ വിജയിച്ചിട്ടുണ്ട്‌. എംടിക്കുപുറമെ വൈലോപ്പിള്ളി, സി.ആര്‍.പരമേശ്വരന്‍, സി.വി.ശ്രീരാമന്‍, വി.പി.ശിവകുമാര്‍, ദേശമംഗലം രാമകൃഷ്ണന്‍, എ.അയ്യപ്പന്‍, മാധവന്‍ അയ്യപ്പത്ത്‌ എന്നിവരുടെ കൃതികളെക്കുറിച്ചുള്ള പഠനങ്ങളാണ്‌ പുസ്തകത്തിലുള്ളത്‌.
സി.ആര്‍.പരമേശ്വരന്റെ 'പ്രകൃതിനിയമം' എന്ന നോവലാണ്‌ പഠനവിധേയമാക്കിയിരിക്കുന്നത്‌. കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്‌ സി.ആര്‍.പരമേശ്വരന്റെ നോവലുകളെന്നാണ്‌ ഗ്രന്ഥകര്‍ത്താവിന്റെ അഭിപ്രായം. നോവലിന്റെയോ കഥപറച്ചിലിന്റെയോ സൗന്ദര്യശാസ്ത്രങ്ങളെ മറികടന്ന്‌ ആകുലതകള്‍ വെളിപ്പെടുത്തുന്ന ഒരു ദാര്‍ശനികന്റെ തലത്തിലേക്ക്‌ എഴുത്തുകാരന്‍ പരിവര്‍ത്തിക്കപ്പെടുന്നതായാണ്‌ 'പ്രകൃതിനിയമത്തി'ന്റെ പഠനം വെളിപ്പെടുത്തുന്നത്‌.
ഒരു എഴുത്തുകാരന്റെ കര്‍ത്തവ്യമെന്തെന്ന്‌ സ്വയം തിരിച്ചറിഞ്ഞ ആളാണ്‌ സി.ആര്‍.പരമേശ്വരന്‍ എന്നു വെളിപ്പെടുത്തുന്നു പ്രഭാകരന്‍. അനുഭവങ്ങളുടെ കഥാകൃത്തെന്ന വിശേഷണത്തോടെയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ സി.വി.ശ്രീരാമനെ അവതരിപ്പിക്കുന്നത്‌. വന്‍കരകള്‍, കടലാഴങ്ങള്‍ എന്ന പഠനത്തില്‍ നാട്യങ്ങളില്ലാത്ത സി.വി.ശ്രീരാമന്റെ രചനാലോകത്തെ ഗ്രന്ഥകര്‍ത്താവ്‌ പരിചയപ്പെടുത്തുന്നു. മലയാള സാഹിത്യ രംഗത്ത്‌ ആധുനികതാ പ്രസ്ഥാനം കത്തിനിന്ന കാലത്ത്‌ അത്തരം സമസ്യകളെ പൂരിപ്പിക്കാന്‍ ഒരിക്കലും മെനക്കെടാതെ സി.വി.ശ്രീരാമന്‍ എഴുതിക്കൊണ്ടിരുന്നു. ആര്‍ജ്ജിച്ചതും അറിഞ്ഞതുമായ ലോകത്തിന്റെ ഒരംശമാണ്‌ 'ശ്രീരാമന്‍കഥകളിലൂടെ' കഥാകൃത്ത്‌ പറഞ്ഞുവെച്ചതെന്നും നിരീക്ഷിക്കുന്നുണ്ട്‌ പ്രഭാകരന്‍. സ്ഥലകാലങ്ങളുടെയും സംസ്കാരങ്ങളുടെയും പല ചേരുവകള്‍ ചേര്‍ത്ത്‌ ഒട്ടിച്ചെടുത്തവയാണ്‌ ശ്രീരാമന്‍ കഥകളെന്ന നിരീക്ഷണവും ശ്രദ്ധേയമാണ്‌. ശ്രീരാമന്റെ തെരഞ്ഞെടുത്ത ഒരു കഥക്കുപകരം എല്ലാ കഥകളെയും പൊതുവിലെടുത്ത്‌ അപഗ്രഥിക്കാനാണ്‌ ഗ്രന്ഥകര്‍ത്താവ്‌ മുതിരുന്നത്‌.
അപഭംഗം വന്ന ആള്‍രൂപങ്ങളുടെ കഥാകൃത്ത്‌ എന്ന വിശേഷണമാണ്‌ വി.പി.ശിവകുമാറിന്‌ പ്രഭാകരന്‍ നല്‍കുന്നത്‌. "വിനോദഭാവനയെ മനശാസ്ത്രലേഖനവും ഛായാചിത്രത്തെ കാര്‍ട്ടൂണുമാക്കിമാറ്റുന്ന വികൃതിയാണ്‌ ഇന്നത്തെകാലം" എന്നെഴുതിയ വി.പി.ശിവകുമാറിന്റെ കഥാപാത്രങ്ങള്‍ക്ക്‌ സംഭവിക്കുന്ന അപഭംഗത്തിനും കാരണം കാലമാവാമെന്നാണ്‌ ഗ്രന്ഥകര്‍ത്താവിന്റെ വിലയിരുത്തല്‍. ബുദ്ധിക്ക്‌ പ്രാധാന്യം കൈവരുന്ന കാലത്ത്‌ വൈകാരികതക്ക്‌ പ്രാധാന്യം കുറയും. പുതിയ കാലത്തെ സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും ശരീരം കൊണ്ടല്ല, ബുദ്ധികൊണ്ടാണ്‌. ശാരീരികമായ ഏറ്റുമുട്ടലുകളും പീഡനങ്ങളും എന്നതിലേറെ പുതിയ മനുഷ്യനനുഭവിക്കുന്നത്‌ മാനസിക പീഡനങ്ങളും ഏറ്റുമുട്ടലുകളുമാണ്‌. ഇക്കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന വ്യതിയാനം ഭാഷാ സാഹിത്യത്തില്‍ ഏറ്റവും ദൃശ്യമാകുന്ന കഥകളെഴുതിയ എഴുത്തുകാരനാണ്‌ വി.പി.ശിവകുമാറെന്ന്‌ ഗ്രന്ഥകര്‍ത്താവ്‌ വിലയിരുത്തുന്നു. കഥാകൃത്തിന്റെ ജീവിതാനുഭവങ്ങളുടെ പരിമിതി ശിവകുമാറിന്റെ പ്രമേയങ്ങളെ ബാധിച്ചുവെന്നും പ്രഭാകരന്‍ വിലയിരുത്തുന്നു. പ്രമേയത്തേക്കാളേറെ ശില്‍പത്തിനും ഭാഷക്കും പ്രാധാന്യം കൊടുക്കുന്നതാണ്‌ ശിവകുമാറിന്റെ രീതിയെന്ന നിരീക്ഷണവും ശ്രദ്ധേയമാണ്‌.
ആധുനികതയുടെ ആദ്യപഥികനായ കവിയായാണ്‌ മാധവന്‍ അയ്യപ്പത്തിനെ ഗ്രന്ഥകര്‍ത്താവ്‌ വിലയിരുത്തുന്നത്‌. വൈലോപ്പിള്ളി, ഇടശ്ശേരി, എന്‍.വി. തുടങ്ങിയവരുടെ കാവ്യധാരക്കു സമാന്തരമായി ആധുനികതയുടെ പുതുധാരക്കു ആരംഭംകുറിച്ചവരില്‍ പ്രധാനിയായിരുന്നു മാധവന്‍ അയ്യപ്പത്ത്‌. മലയാള കവിത ആധുനികതയുടെ അമ്പരപ്പിലേക്കും അര്‍ത്ഥവത്തയിലേക്കും കണ്ണുമിഴിക്കുന്നത്‌ അയ്യപ്പത്തിന്റെ മണിയറക്കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണെന്ന ഗ്രന്ഥകര്‍ത്താവിന്റെ കണ്ടെത്തല്‍ ശ്ലാഘനീയമാണ്‌. 'പഴമകള്‍ക്കിതാ പുതുമകള്‍ ബദല്‍' എന്നെഴുതിയ കവിയാണ്‌ മാധവന്‍ അയ്യപ്പത്ത്‌. 1977ലാണ്‌ ഈ വരികള്‍ എഴുതിയതെങ്കിലും 50കള്‍ മുതല്‍ അയ്യപ്പത്തിന്റെ കവിതകളിലെ 'ധ്വനി' അതായിരുന്നു. മലയാള കവിതയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ ആദ്യകാല ചുവടുവെയ്പുകള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന പഠനമാണ്‌ മാധവന്‍ അയ്യപ്പത്തിനെക്കുറിച്ച്‌ ടി.ടി.പ്രഭാകരന്‍ നടത്തിയിരിക്കുന്നത്‌. ഭാഷാ സാഹിത്യ പഠനരംഗത്ത്‌ ഗവേഷണകുതുകികളായവര്‍ക്ക്‌ ഏറെ സഹായകരമായ പഠനമാണ്‌ പ്രഭാകരന്റേത്‌.
'സാധാരണ മനുഷ്യന്‍' ജീവിക്കുന്നത്‌ വാക്കുകളുടെ ശില്‍പചാരുതയാര്‍ന്ന ലോകത്തല്ല; അനുഭവങ്ങളുടെ സമതലങ്ങളിലാണ്‌. ആ സമതലത്തില്‍ തന്നെ ആഴമേറിയ അവരോഹണങ്ങളും ഉന്നതങ്ങളായ ആരോഹണങ്ങളുമുണ്ട്‌. സൂക്ഷ്മമായ ഈ നിമ്നോന്നതങ്ങളറിയാന്‍ ആ സമതലങ്ങളിലൂടെ നഗ്നപാദനായി നടക്കുന്നത്‌ നന്ന്‌, എന്നു വിശ്വസിച്ചിരുന്ന കവിയായിരുന്നു എ.അയ്യപ്പന്‍.
ജ്വലനാത്മകമായ തീവ്രതയാണ്‌ അയ്യപ്പന്റെ സംവേദന രീതിയെന്ന്‌ ടി.ടി.പ്രഭാകരന്‍ കണ്ടെത്തുന്നുണ്ട്‌. 'അയ്യപ്പന്‍' കവിതകളെക്കുറിച്ചുള്ള പഠനത്തിന്‌ നല്‍കിയിട്ടുള്ള പേരുതന്നെ 'മുറിവുകളുടെ വസന്തം' എന്നാണ്‌. നിദ്രയിലുണരുകയും ബോധത്തിലുറങ്ങുകയും ചെയ്യുന്നതാണ്‌ അയ്യപ്പന്റെ പ്രതിഭയെന്നാണ്‌ പ്രഭാകരന്റെ അഭിപ്രായം.
പുതുകവികളുടെ ശൈലി പിന്തുടര്‍ന്ന്‌ ശിഥില ഭാഷയില്‍ സംസാരിക്കാനിഷ്ടപ്പെടുന്ന കവിയായാണ്‌ ദേശമംഗലം രാമകൃഷ്ണനെ ടി.ടി.പ്രഭാകരന്‍ അടയാളപ്പെടുത്തുന്നത്‌. വിട്ടുപോയ വാക്കുകളെക്കുറിച്ചുള്ള അന്വേഷണമാണ്‌ ജീവിതമെന്നും കവിയുടെ ജീവിതം എഴുതപ്പെടുന്ന വാക്കുകളെ കവിയുന്നില്ലൊരിക്കലുമെന്നുമുള്ള നിരീക്ഷണങ്ങള്‍ രാമകൃഷ്ണന്റെ കവിതകളെക്കുറിച്ചും കവിയെക്കുറിച്ചുമുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലുകളാണ്‌. അപൂര്‍ണതകളുടെ കവി എന്ന വിശേഷണവും ദേശമംഗലം രാമകൃഷ്ണന്‌ ഗ്രന്ഥകര്‍ത്താവ്‌ ചാര്‍ത്തിക്കൊടുക്കുന്നുണ്ട്‌.
ഒരു നാടന്‍ കവിയായി ദേശമംഗലം രാമകൃഷ്ണനെ വിലയിരുത്താനാണ്‌ ഗ്രന്ഥകര്‍ത്താവ്‌ മുതിരുന്നത്‌. വള്ളുവനാട്ടിലെ പുള്ളുവക്കുടത്തിന്റെ ഈണവും ശബ്ദവും പുള്ളുവന്റെ ദൈന്യതയുമുള്ള നാടന്‍ കവി.
മലയാളത്തിലെ പെണ്‍കവികളെക്കുറിച്ചുള്ള പഠനവും വിലയിരുത്തലും ഗ്രന്ഥത്തിലുണ്ട്‌. പെണ്‍വഴികള്‍, പെണ്‍മൊഴികള്‍ എന്ന പേരിലുള്ള പ്രബന്ധത്തില്‍ മലയാളത്തിലെ 35 കവിതകളെയാണ്‌ ടി.ടി.പ്രഭാകരന്‍ വിലയിരുത്തുന്നത്‌. മലയാളഭാഷയില്‍ ഇന്ന്‌ കവിതയെഴുത്ത്‌ അനായാസമായി മാറിയിരിക്കുന്നു. ദിവസവും പത്ത്‌ പുതു കവികളെങ്കിലും കവിതയുമായി രംഗപ്രവേശം ചെയ്യുന്ന തരത്തില്‍ ജനകീയമായി മാറിയിട്ടുണ്ട്‌ മലയാളത്തിലെ കവിതയെഴുത്തെന്നാണ്‌ ഗ്രന്ഥകര്‍ത്താവിന്റെ വിലയിരുത്തല്‍. ലോപ, സുരജ, രോഷ്ണി, സ്വപ്ന, സഹീറതങ്ങള്‍ തുടങ്ങി പെണ്‍കവികളുടെ ഒരു നീണ്ടനിര തന്നെയുണ്ട്‌ മലയാളത്തില്‍.
സ്വകാര്യമായ അനുഭവങ്ങളാണ്‌ പെണ്‍ കവിതകളില്‍ കൂടുതലും പ്രമേയമാക്കുന്നതെന്നാണ്‌ ഗ്രന്ഥകര്‍ത്താവ്‌ കണ്ടെത്തുന്നത്‌. മുന്‍പേ നടന്നവരെ അനുകരിക്കാനുള്ള പ്രവണതയും പെണ്‍കവികള്‍ കൂടുതലായി പ്രകടിപ്പിക്കുന്നുവെന്ന്‌ പ്രഭാകരന്‍ വിലയിരുത്തുന്നു. അതേ സമയം തന്നെ ജീവിതത്തോടുള്ള ജാഗ്രതയുടെ കാര്യത്തില്‍ ആണ്‍കവികളേക്കാള്‍ പെണ്‍കവികള്‍ ശ്രദ്ധ പുലര്‍ത്തുന്നു എന്ന സവിശേഷമായ നിരീക്ഷണവും നടത്തുന്നു പ്രഭാകരന്‍.
കവിതയില്‍ ജീവിതത്തിന്റെ പച്ചതേടിയ കവിയായിരുന്നു വൈലോപ്പിള്ളി. പ്രകൃതിയുടെ പുരാതനത്വത്തില്‍ നിന്നുള്ള സാംസ്കൃതികതയിലേക്കുള്ള പ്രയാണം പോലെയാണ്‌ വൈലോപ്പിള്ളികൃതികളെന്ന്‌ വൈലോപ്പിള്ളിയെക്കുറിച്ചുള്ള പഠനത്തില്‍ ഗ്രന്ഥകര്‍ത്താവ്‌ വിലയിരുത്തുന്നു. കവിയായറിയപ്പെടുന്ന വൈലോപ്പിള്ളിയുടെ അത്രയൊന്നും പ്രശസ്തമല്ലാത്ത നാടകത്തെയാണ്‌ ഗ്രന്ഥകര്‍ത്താവ്‌ കൂടുതലും പഠനവിധേയമാക്കിയിരിക്കുന്നത്‌. വൈലോപ്പിള്ളിയുടെ ഋഷ്യശൃംഗന്‍ എന്ന നാടകമാണ്‌ ഗ്രന്ഥത്തില്‍ വിലയിരുത്തപ്പെടുന്നത്‌. മനുഷ്യകാമനകളില്‍ നിന്നകറ്റിനിര്‍ത്തപ്പെട്ട ഋഷ്യശൃംഗന്‍ വന്യമായ ജീവിത പ്രതീകമാണെന്നും മാനവരാശിക്ക്‌ ഗുണം ചെയ്യുക മനുഷ്യകാമനകളെല്ലാമുള്ള സാംസ്കൃതിക ജീവിതമാണെന്നുമുള്ള സന്ദേശമാണ്‌ വൈലോപ്പിള്ളി ഈ നാടകത്തിലൂടെ നല്‍കുന്നതെന്നാണ്‌ ഗ്രന്ഥകര്‍ത്താവിന്റെ വിലയിരുത്തല്‍. ഭാഷാ പഠനരംഗത്ത്‌ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന പുസ്തകമാണ്‌ ടി.ടി.പ്രഭാകരന്റെ അടയാളവാക്യങ്ങള്‍ എന്ന്‌ നിസംശയം പറയാം. തിരുവനന്തപുരം പരിധി പബ്ലിക്കേഷന്‍സാണ്‌ പ്രസാധകര്‍. വില 70.00 രൂപ.
ടി.എസ്‌.നീലാംബരന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.