കോണ്‍ഗ്രസ് സമരവും കേന്ദ്രസര്‍ക്കാരും

Sunday 18 January 2015 10:00 pm IST

ഏഴുമാസം മുമ്പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസ് പാര്‍ട്ടിയെ അതിദയനീയമാംവണ്ണം ക്ഷീണിപ്പിച്ചിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടുമുമ്പ് അഞ്ചില്‍ നാല് ഭൂരിപക്ഷം ലോക്‌സഭയില്‍ ലഭിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ കിട്ടിയത് അന്ന് നേടിയതിന്റെ പത്തിലൊന്നു സീറ്റുകള്‍ മാത്രം. 44 സീറ്റ് നേടി ഏറ്റവും വലിയ രണ്ടാമത്തെകക്ഷിയായ കോണ്‍ഗ്രസ്സിന് പ്രതിപക്ഷ നേതൃപദവി ലഭിക്കാനുള്ള ശക്തിപോലുമില്ല. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലമാകട്ടെ കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യത്തെ ജനങ്ങള്‍ ഏറ്റെടുത്തു എന്നാണ് തെളിയിച്ചത്. ഒറ്റ സ്റ്റേറ്റില്‍പോലും കോണ്‍ഗ്രസ് രക്ഷപ്പെട്ടിട്ടില്ല. പരമ്പരാഗത സംസ്ഥാനങ്ങളിലെല്ലാം തോറ്റമ്പി. പലയിടത്തും മന്ത്രിമാര്‍ക്കുപോലും കെട്ടിവച്ച കാശ് കിട്ടിയില്ല. ബിജെപി അധികാരത്തിലെത്തുമെന്ന് ആരും പ്രതീക്ഷിക്കുകയോ പ്രവചിക്കുകയോ ചെയ്യാത്ത ഹരിയാനയിലും മഹാരാഷ്ട്രയിലും പാര്‍ട്ടി ഭരണത്തിലെത്തി. അടുത്തമാസം ഏഴിന് നടക്കുന്ന ദല്‍ഹി തെരഞ്ഞെടുപ്പു ഫലവും മറിച്ചാവില്ല. 70 അംഗ ദല്‍ഹി നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നിട്ടും കുതിരക്കച്ചവടം നടത്തി ഭൂരിപക്ഷം ഒപ്പിച്ച് ഭരണം കൈയടക്കാന്‍ ബിജെപി വളഞ്ഞ വഴി നോക്കിയില്ല. രണ്ടാം കക്ഷിയായ കേജ്‌രിവാളിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സുമായുണ്ടാക്കിയ അശ്ലീല സഖ്യത്തിലൂടെ ഭരണത്തിലേറി ഒന്നരമാസം കഴിഞ്ഞപ്പോള്‍ ഇട്ടെറിഞ്ഞോടി. അതിന്റെ ദുരന്തം സ്വാഭാവികമായി അവര്‍ക്കിപ്പോള്‍ അനുഭവിക്കേണ്ടിവരും. അവിടെയും കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട ഒരു പ്രസ്ഥാനംപോലും അല്ലാതായിരിക്കുന്നു എന്നതാണ് കഷ്ടം. ദയനീയമായ തോല്‍വിയും ജനങ്ങള്‍ പ്രകടിപ്പിച്ച അവിശ്വാസവും അംഗീകരിക്കുകയാണ് മാന്യന്മാരുടെ ലക്ഷണം. എന്നാല്‍, കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന വാശിയിലാണ് കോണ്‍ഗ്രസ്. അവര്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിനിറങ്ങുകയാണത്രേ. രാജ്ഭവനുകളിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും അടുത്ത മാസം മാര്‍ച്ച് നടത്താനാണ് പരിപാടി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളെ സ്തംഭിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് അഖിലേന്ത്യാ-സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ചും പ്രകടനവും പിക്കറ്റിംഗുമെല്ലാം കുറച്ചുകാലം നടത്തുന്നത് പാര്‍ട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായകമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ അതങ്ങ് നടത്തിക്കോട്ടെ. പത്തറുപത് വര്‍ഷക്കാലം അധികാരത്തിലിരുന്ന് തിന്നുമുടിക്കുകയായിരുന്നല്ലോ കോണ്‍ഗ്രസ്. ഒരു പണിയും ചെയ്യാതെ വയറു നിറയ്ക്കുക എന്നത് കൃത്യമായി ചെയ്തുപോന്നവര്‍ വിശ്രമിക്കാനും വ്യായാമം ചെയ്യാനും തയ്യാറാകുന്നത് നല്ല കാര്യം തന്നെ. എന്നാല്‍ അത് ഏഴുമാസം മുമ്പ് മാത്രം അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ ചെലവില്‍ വേണോ എന്നതേ സംശയമുള്ളു. ഏത് കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് നരേന്ദ്രമോദി സര്‍ക്കാരിനെതിരെ തിരിയാന്‍ പോകുന്നത്? ലോകത്തില്‍ തന്നെ കരുത്തേറിയ രാജ്യമായി ഭാരതത്തെ മാറ്റാന്‍ ശ്രമം ആരംഭിച്ചതിന്റെ പേരിലോ? സര്‍വ്വത്ര മേഖലയിലും ഇന്ന് കുതിപ്പനുഭവപ്പെടുകയാണ്. കാര്‍ഷിക മേഖലയും വ്യാവസായിക മേഖലയിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെട്ടിരിക്കുന്നു. വിലക്കയറ്റമില്ല. കരിഞ്ചന്തയില്ല. അഴിമതിയെന്ന നാലക്ഷരം നമ്മുടെ രാജ്യത്ത് മിണ്ടാന്‍പോലും അവസരമില്ല. അനങ്ങാപ്പാറകളായിരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ബാധിച്ചവര്‍ കൃത്യസമയത്ത് ജോലിക്കെത്തുന്നു. ചുവപ്പുനാട എന്നത് അപ്രത്യക്ഷമായി. ഇങ്ങനെയൊക്കെ ഏതാനും ദിവസംകൊണ്ട് നന്നാക്കാനായതാണോ കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കുന്നത്? ക്രൂഡോയില്‍ വില ഇടിഞ്ഞതിന്റെ ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില കുറച്ചില്ലാ എന്നതാണ് പരാതി. എണ്ണകമ്പനികള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുത്തു എന്നാണ് ആക്ഷേപം. എവിടെ നിന്ന് കിട്ടി ഈ വിവരം. അടുത്തിടെ 20,000 കോടി രൂപ കേന്ദ്ര ഖജനാവിലേക്ക് ഒഴുകിയെത്തിയിരിക്കുന്നു. ഇത് കേരളം ചെയ്യുംപോലെ കടപ്പത്രമിറക്കിയിട്ടല്ല. അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞപ്പോള്‍ അതിന്റെ ലാഭം അപ്പാടെ എണ്ണക്കമ്പനികളിലേക്ക് പോകാതെ തീരുവ കൂട്ടി നേടിയതാണത്. മാത്രമല്ല ആഗസ്റ്റിനുശേഷം പെട്രോളിന്14.69 രൂപയും ഡീസലിന് 10.71 രൂപയും കുറയ്ക്കുകയും ചെയ്തു. ഇതേതെങ്കിലും കുത്തക മുതലാളിക്ക് മാത്രം ലഭിക്കുന്ന നേട്ടമാണോ? ബസിലും ടാക്‌സിയിലും ഓട്ടോയിലും യാത്ര ചെയ്യുന്ന കേരളത്തിലെ സാധാരണക്കാരന് അതിന്റെ പ്രയോജനം ലഭിക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും ജനദ്രോഹ സമീപനവും കൊണ്ടാണ്. കേന്ദ്ര ഖജനാവിലേക്കെത്തിയ 20,000 കോടി രൂപയില്‍ ഒരു പൈസ പോലും അന്യാധീനപ്പെടുകയില്ല. ഒരുത്തനും കട്ടുമുടിക്കുകയുമില്ല. അതിന്റെ ഗുണം ലഭിക്കുന്നതും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കാണ്. ' ജന്‍ ധന്‍ യോജന' പ്രകാരം പുതുതായി ബാങ്ക്  അക്കൗണ്ട് തുടങ്ങിയ കോടിക്കണക്കിനാളുകളുണ്ടല്ലോ. അവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത് എല്ലാ ജനവിഭാഗത്തിനും നേട്ടമല്ലേ? അവര്‍ക്ക് ഒരു നയാ പൈസപോലും മുടക്കാതെ തുടങ്ങിയ അക്കൗണ്ടില്‍ തുക നിക്ഷേപിച്ചതും  'രൂപാകാര്‍ഡ്'  നല്കാന്‍ തീരുമാനിച്ചതും മോശം കാര്യമാണോ? ഇതൊന്നും കാണാതെ സമരത്തിനിറങ്ങുന്നത് രാഷ്ട്രീയ നിലനില്‍പിനാണെന്ന് പറയാം. പക്ഷെ, ഈ പോക്ക് കോണ്‍ഗ്രസ്സുകാരേ നിങ്ങളെ നിലംപരിശാക്കുമെന്ന് ഓര്‍ക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.