അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ സന്നിധാനം സമ്പൂര്‍ണ്ണ ശുചീകരണം നാളെ

Sunday 18 January 2015 10:23 pm IST

എരുമേലി: സ്വച്ഛ് ശബരിമല എന്ന പേരില്‍ അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ സന്നിധാനം സമ്പൂര്‍ണ്ണ ശുചീകരണം നാളെ നടത്തുമെന്ന് സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോടാനുകോടി തീര്‍ത്ഥാടകരെത്തുന് ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് മുമ്പ് ശുചീകരണം നടക്കാറുണ്ടെങ്കിലും തീര്‍ത്ഥാടനത്തിനുശേഷം ക്ഷേത്ര സന്നിധി മാലിന്യങ്ങളാല്‍ കുന്നുകൂടുകയാണെന്ന് അധികൃതര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്വച്ഛ് ശബരിമല പദ്ധതി തയ്യാറാക്കിയതെന്നും ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 1,500 പേരടങ്ങുന്ന സംഘം ശബരിമല സന്നിധാനത്തെ സമ്പൂര്‍ണ്ണ ശുചീകരണത്തിനായി നാളെ സന്നിധാനത്തെത്തും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ എരുമേലി സേവാ സമാജത്തിലെത്തുന്ന മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആഹാരത്തിനുശേഷം ശുചീകരണ സാമഗ്രികളുമായി  യാത്ര തുടങ്ങുന്നതിന് ഫഌഗ് ഓഫ് ചെയ്യും. സന്നിധാനത്തുനിന്നും തിരുവാഭരണം തിരിച്ചു പോകുന്നതോടെ സന്നിധാനം സമ്പൂര്‍ണ്ണ ശുചീകരണം സേവാ സമാജം അഖിലേന്ത്യാ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം സേവാസമാജം 52 കേന്ദ്രങ്ങളിലായി 90ലക്ഷം തീര്‍ത്ഥാടകര്‍ക്ക് അന്നാദാനം നല്‍കിയിട്ടുണ്ട്. അന്നദാനം നടത്തുന്നതിന്റെ പേരില്‍ ചില സംഘടനകള്‍ തട്ടിപ്പു നടത്തുകയാണെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഖേദകരമാണ്. അന്നദാനം നടത്തുന്നതിന്റെ പേരിലുള്ള യാതൊരു അഴിമതിക്കും സേവാസമാജം കൂട്ടുനില്‍ക്കുകയില്ലെന്നും ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിനിധികള്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലയളവിലും മാസപൂജാ, ഓണം, വിഷു അടക്കം വരുന്ന ആഘോഷ വേളയിലും തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നടത്തുന്ന സേവാസമാജം സിഎക്കാരുടെ വലിയ പാനല്‍ വച്ചാണ് കണക്കുകള്‍ നോക്കുന്നതെന്നും ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാവുന്നതരത്തില്‍ സുതാര്യമാണതെന്നും അംഗങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.