ഘര്‍വാപസി, ഒരു സംഭാഷണം

Wednesday 21 January 2015 10:12 pm IST

ഘര്‍വാപസി എന്ന വാക്ക് അടുത്തകാലത്താണ് മാധ്യമലോകത്ത് ഇടംപിടിച്ചത്. എന്നാല്‍ ഇതിന്റെ വ്യാപ്തിയും കാരണങ്ങളും തുടങ്ങിയിട്ട് നാളുകളേറെയായി. ഇത് സംഭവിച്ച ഒരു സംഭാഷണമായാണ്. അതിന്റെ രത്‌നചുരുക്കം ഇങ്ങനെ: ലേഖകന്‍ ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ ഒരു ശാഖയുടെ മാനേജരായിരുന്ന കാലം കൃത്യമായി പറഞ്ഞാല്‍ 1992-93 ല്‍ എറണാകുളം ജില്ലയിലെ ബാങ്കിന്റെ ഒരു ഗ്രാമീണശാഖയിലെ ബാങ്കിംഗ് ഹാളാണ് സംഭവസ്ഥലം. സമയം രാവിലെ 11 മണി. ഏതാണ്ട് 80 വയസ്സ് പിന്നിട്ട ഒരു വയോധികന്‍ ഹാളിലേക്ക് കടന്നുവരുന്നു. ഒരു കസേരയില്‍ ലേഖകന്‍ ഇരിപ്പുണ്ട്. കാഴ്ചയില്‍ വളരെ മെലിഞ്ഞ വ്യക്തി. പാന്റും ഷര്‍ട്ടുമാണ് അദ്ദേഹത്തിന്റെ വേഷം. വന്നമാത്രയില്‍ അദ്ദേഹം ലേഖകന്റെ അടുത്തെത്തുന്നു. ഒഴിഞ്ഞ കസേരയില്‍ ഇരിക്കുവാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യം, ആന്ധ്രാപ്രദേശിലുള്ള ബാങ്കിന്റെ ഒരു ശാഖയിലുള്ള സ്ഥിരം ഡെപ്പോസിറ്റ് ഈ പ്രത്യേക ബ്രാഞ്ചിലേക്ക് മാറ്റുക എന്നുള്ളതായിരുന്നു. അദ്ദേഹം ആന്ധ്രാപ്രദേശിലെ ബ്രാഞ്ചിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് ലേഖകനു കൈമാറുന്നു. അതുനോക്കിയിട്ട്. ലേഖകന്‍ - അച്ചനാണ് അല്ലേ (ഫാ. ജോസഫ് എന്നാണ് അതില്‍ എഴുതിയിരുന്നത്)ആഗതന്‍- അതെ. ലേഖകന്‍ - ഇവിടെ ആഗതന്‍ - ഞാന്‍ സമീപത്തെ പള്ളിയില്‍ വിശ്രമജീവിതത്തിനു വന്നതാണ്. ലേഖകന്‍ - വികാരിയച്ചന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ലല്ലോ. (വികാരിയച്ചന്‍ ബാങ്കിന്റെ ഒരു നല്ല ഇടപാടുകാരനാണ്) ആഗതന്‍ - ഞാന്‍ വന്നിട്ടു രണ്ടുദിവസമേ ആയുള്ളൂ. ലേഖകന്‍ - (ഈ സമയം ഫിക്‌സഡ് ഡപ്പോസിറ്റ് രസീത് കൗണ്ടറില്‍ കൊടുക്കുന്നു) അച്ചന്‍ അവിടെ എന്തായിരുന്നു. ക്ലെര്‍ജി, എഡ്യുക്കേഷണല്‍ ഫീല്‍ഡ്, അതോ.... ആഗതന്‍ - അല്ല സാര്‍ ഞാന്‍ സോഷ്യല്‍ സര്‍വീസിലായിരുന്നു. ലേഖകന്‍ - സോഷ്യല്‍ സര്‍വീസോ.  അതേത് മേഖലയിലാണ്. ആഗതന്‍ -  ഐ വാസ് ഇന്‍ ചാര്‍ജ് ഓഫ് കണ്‍വര്‍ഷന്‍ ലേഖകന്‍ - കണ്‍വര്‍ഷനോ അതൊക്കെ വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ലെ. ആഗതന്‍ - ശരിയാണ് സാര്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ലേഖകന്‍ - ഏതു സ്ഥലങ്ങളിലായിരുന്നു (ഈ സമയം കൂടുതല്‍ അറിയുവാനുള്ള ലേഖകന്റെ ഔത്സുക്യം വര്‍ധിച്ചു) ആഗതന്‍ - വനവാസി മേഖലയിലായിരുന്നു. ലേഖകന്‍ - വനവാസി മേഖലയിലോ? ആഗതന്‍ - അതെ സാര്‍. വളരെയധികം കഷ്ടപ്പെട്ടു. ലേഖകന്‍- എത്രവര്‍ഷം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു. ആഗതന്‍ - 27 വര്‍ഷം ലേഖകന്‍ - ഇരുപത്തിയേഴുവര്‍ഷമോ കൊള്ളാം. അപ്പോള്‍ അച്ചന്‍ എത്ര കുടുംബത്തെ ഇക്കാലംകൊണ്ട് കണ്‍വെര്‍ട്ടു ചെയ്തു. ആഗതന്‍ - ഏതാണ്ട് 28,000 ല്‍ പരം കുടുംബങ്ങളെ. ലേഖകന്‍ - കൊള്ളാമല്ലോ അച്ചാ. അപ്പോള്‍ അച്ചന്‍ തിരുസഭയ്ക്ക് വലിയ കാര്യങ്ങളാണല്ലോ ചെയ്തത്. ആഗതന്‍ - അതൊരു കാലം. എല്ലാം ഞാന്‍ പറയാം. സാര്‍ ആന്ധ്രയിലെ ഗ്രാമപ്രദേശങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ? അവിടെ വനവാസി മേഖല എന്നുപറഞ്ഞാല്‍ പട്ടിണികൊണ്ട് രോഗഗ്രസ്തരായ ഒരു ജനവിഭാഗമാണ്. ആകെയുള്ളത് ഒരു ഉടുതുണി മാത്രം. ഞങ്ങള്‍ മൂന്നുനാലുപേര്‍ ഈ വനവാസി മേഖലയിലേക്കു പോകും. നടന്നുനടന്നു മടുക്കും. തെരഞ്ഞെടുപ്പു കാലത്തുപോലും  ആരും ചെല്ലാത്ത ഭൂപ്രദേശം. അവര്‍ക്കൊക്കെ വോട്ടുണ്ടോ? ആര്‍ക്കറിയാം. ഞങ്ങള്‍ കുറെ മരുന്നും റൊട്ടിയുമായാണ് പോകുന്നത്. ആഹാരം കഴിച്ചിട്ടു ദിവസങ്ങളായ ഒരു ജനവിഭാഗം. അപ്പോള്‍ ആ ഊരില്‍ അസുഖം പിടിച്ചു കിടക്കുന്നവര്‍ കുറെപ്പേര്‍ കാണും. കൈയില്‍ കരുതിയിട്ടുള്ള റൊട്ടിയും മരുന്നും. അടുത്ത ഞായറാഴ്ച നിശ്ചയമായും വീണ്ടും ഞങ്ങള്‍ അവിടെ പോയിരിക്കും. ഇത്തവണ റൊട്ടിക്കും മരുന്നിനും ഒപ്പം കുറെ തുണികൂടി ഞങ്ങള്‍ കരുതും. അതും അവിടെ വിതരണം ചെയ്യും. അപ്പോള്‍ അവിടെ ഏതാണ്ട് മൂന്നുനാലു കുടുംബങ്ങളാകും. പിറ്റേ ഞായറാഴ്ചയും ഞങ്ങള്‍ അവിടെ പോകും. വനവാസികളുടെ സഹായത്തോടെ ഒരു കുടില്‍ കെട്ടും. അതിന്റെ മുകളില്‍ ഒരു കുരിശും വയ്ക്കും. അപ്പോള്‍ ആ ഗ്രൂപ്പില്‍ ഏതാണ്ട് 15-20 പേര്‍ കാണും.   അവരെ ബാപ്റ്റിസ്റ്റു ചെയ്യും. പിന്നീട് ഞങ്ങളുടെ പണി എളുപ്പമായി. ഈ വിവരം കേട്ടറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ സ്വന്തം ചേരികളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകും. ഈ പ്രക്രിയ ഞങ്ങള്‍ അവിടെയും ആവര്‍ത്തിക്കും. അങ്ങനെയങ്ങനെ നീണ്ടു നീണ്ടു....... ലേഖകന്‍ - അപ്പോള്‍ അവരുടെ ജീവിതരീതി. ആഗതന്‍ - സാറ് ഒന്നു മനസ്സിലാക്കണം. അവരുടെ വിചാരം കാളി, ഹനുമാന്‍ എന്നൊക്കെ പറഞ്ഞാല്‍ വലിയ ശക്തിയുള്ള ദൈവങ്ങളാണെന്നാ. നമ്മുടെ കര്‍ത്താവിനാണ് ശക്തി എന്നുപറഞ്ഞു പഠിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണ്. അതൊക്കെ ഒരുതരത്തില്‍ ഞങ്ങള്‍ മാനേജു ചെയ്യും. ലേഖകന്‍ - അതിനുശേഷം അവരുടെ ആഹാരം, വസ്ത്രം, ഭവനം എന്നെല്ലാമുള്ള കാര്യം നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ. ആഗതന്‍ - സാറ് എന്താണീ പറയുന്നത്. അതൊന്നും ഞങ്ങളുടെ ഡ്യൂട്ടിയല്ല. ഞങ്ങളുടെ ഡ്യൂട്ടി കണ്‍വര്‍ഷന്‍ മാത്രമാണ്. അവരുടെ കാര്യം പിന്നെ ഞങ്ങള്‍ നോക്കാറെയില്ല. ലേഖകന്‍ - എന്നാലും..... ആഗതന്‍ - ഒരു എന്നാലും ഇല്ല ഞങ്ങളുടെ പണി ഞങ്ങള്‍ ചെയ്തു അത്രമാത്രം. അപ്പോഴേക്കും ഫിക്‌സഡ് ഡെപ്പോസിറ്റ് കിട്ടിയതായുള്ള രസീത് കൗണ്ടര്‍ ക്ലാര്‍ക്ക് ആഗതനു കൊടുത്തു. എന്താണ് ഈ പാതിരി ഇത്രയും തുറന്ന് സംസാരിച്ചത് എന്നല്ലേ? ലേഖകന്‍ ഇരുന്ന സ്ഥലം തന്നെ പ്രധാന കാരണം. ടി.ജെ.ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ എന്നു മൂന്നു ഭാഷകളിലും എഴുതിവച്ചിട്ടുള്ള ബോര്‍ഡിന്റെ താഴെയാണ് ലേഖകന്‍  ഇരുന്നിരുന്നത്. ഉടന്‍ ലേഖകന്‍ ബാത്‌റൂമിലേക്ക് പോയി. ഭാഗ്യം എന്നുപറയട്ടെ അന്ന് ലേഖകന്റെ നെറ്റിയില്‍ ചന്ദനക്കുറിയില്ലായിരുന്നു. അത് ഒരു ഭാഗ്യമായെന്ന് ഇന്ന് കരുതുന്നു. അതിനുശേഷം പലതവണ ബാങ്കില്‍ വന്നിട്ടുള്ള അദ്ദേഹം ബ്രാഞ്ചുമാനേജരുടെ കാബിനിലേക്കു തിരിഞ്ഞുനോക്കിയിട്ടേയില്ല. ഈ ഇരുപത്തി എണ്ണായിരം കുടുംബങ്ങള്‍ ഒരു ഉദാഹരണം മാത്രം. വര്‍ഷങ്ങളായി എത്രയെത്ര പാതിരിമാരാണ് ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ പരിവര്‍ത്തനം നടത്തിയ കുടുംബങ്ങള്‍ എത്രയോ ലക്ഷങ്ങളാണ്. ഈ കുടുംബങ്ങളിലെ ആര്‍ക്കെങ്കിലും സ്വധര്‍മത്തിലേക്ക് തിരിച്ചുപോകണം എന്നു ചിന്തിച്ചാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്തുവാനാകും കേവലം മരുന്നിന്റേയും റൊട്ടിയുടേയും അല്‍പ്പം വസ്ത്രത്തിന്റെയും പേരില്‍ സ്വധര്‍മം വിട്ട ഹതഭാഗ്യവാന്മാര്‍. അവരുടെ തിരിച്ചുവരവ് പൊള്ളത്തരം മനസ്സിലാക്കിയാണെന്ന് മനസ്സിലാക്കണം. അത് തടയണമെന്നു പറയുന്നത് എന്തു ന്യായമാണ്. മതപരിവര്‍ത്തനം പൂര്‍ണമായും നിരോധിക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഇതോടൊപ്പം സാമൂഹ്യ സാമ്പത്തികസ്ഥിതി മേഖലകളില്‍ മെച്ചപ്പെടുത്തേണ്ടതും അത്യാവശ്യം തന്നെ. ഏറ്റവും വലിയ ദുഃഖം ദാരിദ്ര്യ ദുഃഖം തന്നെ. (ഭാരത് വികാസ് പരിഷത്തിന്റെ ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.