സൗദി രാജകുമാരന്‍ അന്തരിച്ചു

Sunday 23 October 2011 10:38 am IST

റിയാദ്‌: സൗദിയിലെ രാജകുമാരന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ്‌ മരണമടഞ്ഞതായി സൗദി ടെലിവിഷന്‍ അറിയിച്ചു. ഇപ്പോഴത്തെ രാജാവായ അബ്ദുള്ളയുടെ അര്‍ദ്ധസഹോദരനായ എണ്‍പതുകാരനായ അസീസ്‌ അടുത്ത കിരീടാവകാശിയാണ്‌. സൗദിയിലെ വ്യോമഗതാഗതവകുപ്പിന്റെയും പ്രതിരോധവകുപ്പിന്റെയും മന്ത്രിയായിരുന്നു. 2004 മുതല്‍ കുടലില്‍ അര്‍ബുദബാധയുണ്ടായിരുന്ന അദ്ദേഹം ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ മരണമടഞ്ഞതായാണ്‌ കരുതപ്പെടുന്നത്‌. ചില ടെസ്റ്റുകള്‍ നടത്താന്‍ അമേരിക്കക്കുപോയ അദ്ദേഹത്തിനെ ജൂലൈയില്‍ ന്യൂയോര്‍ക്കില്‍ ഒരു ശസ്ത്രക്രിയക്ക്‌ വിധേയനാക്കേണ്ടിവന്നു. അതീവ ദുഃഖത്തോടെ രാജാവ്‌ കിരീടാവകാശിയായ തന്റെ സഹോദരന്റെ മരണത്തില്‍ വിലപിക്കുന്നതായി ഔദ്യോഗിക പത്രക്കുറിപ്പ്‌ അറിയിച്ചു. ശനിയാഴ്ച രാജ്യത്തിന്‌ പുറത്ത്‌ രോഗബാധിതനായാണ്‌ അദ്ദേഹത്തിന്റെ നിര്യാണം സംഭവിച്ചതെന്നും അത്‌ തുടര്‍ന്നു. ഇബന്‍ സൗദ്‌ എന്നറിയപ്പെട്ടിരുന്ന അബ്ദുള്‍ അസീസ്‌ രാജാവിന്റെ മകനും സൗദിരി ഏഴ്‌ എന്ന്‌ പ്രശസ്തമായ സൗദിഅറേബ്യയിലെ കുടുംബത്തിലെ അംഗവുമാണ്‌ ദിവംഗതനായിരിക്കുന്നത്‌. 2005 ല്‍ മരണമടഞ്ഞ ഫാദ്‌ രാജാവാണ്‌ ഇവരില്‍ മൂത്തയാള്‍. അതിനുശേഷമാണ്‌ അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരന്‍ ഇപ്പോഴത്തെ രാജാവ്‌ അബ്ദുള്ള രാജ്യഭാരമേല്‍ക്കുന്നത്‌.
സുല്‍ത്താന്‍ രാജകുമാരന്റെ ആദ്യ നിയമനം റിയാദിലെ ഗവര്‍ണര്‍ പദവിയിലായിരുന്നു. രാജ്യരക്ഷയുടെ ചുമതല വഹിച്ചിരുന്ന മന്ത്രി എന്ന നിലയില്‍ കോടിക്കണക്കിന്‌ പണം മുടക്കി സൈന്യത്തെ നവീകരിച്ച്‌ ഇദ്ദേഹം സൗദിഅറേബ്യയെ ലോകത്തെ ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന സൈന്യമാക്കി തീര്‍ത്തു. അമേരിക്കയുമായി നല്ല ബന്ധത്തിലായിരുന്ന അന്തരിച്ച രാജകുമാരന്റെ മകന്‍ ബന്ദാര്‍ വാഷിംഗ്ടണില്‍ 20 വര്‍ഷത്തിലേറെക്കാലം സൗദിയുടെ നയതന്ത്രജ്ഞനാണ്‌. 78കാരനായ നയഫ്‌ രാജകുമാരനായിരിക്കും അടുത്ത കിരീടാവകാശിയെന്ന്‌ കരുതപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.