സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് ആലപ്പുഴയില്‍

Friday 23 January 2015 8:53 pm IST

ആലപ്പുഴ: സംസ്ഥാന ശാസ്ത്ര കോണ്‍ഗ്രസ് 27 മുതല്‍ 29 വരെ ആലപ്പുഴ കാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 27ന് രാവിലെ 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് ഐസക് എംഎല്‍എ വിശിഷ്ടാതിഥിയായിരിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാരപാണ്ഡ്യന്‍, ശാസ്ത്ര കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടെസി തോമസ് എന്നിവര്‍ പ്രഭാഷണം നടത്തും.ഡോ. എസ്. വാസുദേവ് അവാര്‍ഡും, സംസ്ഥാന യുവശാസ്ത്ര അവാര്‍ഡുകളും മുഖ്യമന്ത്രി സമ്മാനിക്കും. മൂന്നു ദിവസമായി നടക്കുന്ന 27 ാമത് ശാസ്ത്ര കോണ്‍ഗ്രസില്‍ 1,200 ഓളം പ്രതിനിധികളും ഇരുന്നൂറോളം ശാസ്ത്ര വിദ്യാര്‍ത്ഥികളും പ്രമുഖ ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കും. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായം എന്ന വിഷയത്തെ ആസ്പദമാക്കി മന്ത്രി ഷിബു ബേബിജോണ്‍, ടി.കെ. ജോസ്, ഡോ. ജി.സി. ഗോപാലപിള്ള, പ്രൊഫ. മധുസൂദനക്കുറുപ്പ്, ഡോ. കെ.ആര്‍. അനില്‍, ബാലമുരളി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ആലപ്പുഴയുടെ ജലശാസ്ത്രത്തെയും പാരിസ്ഥിതിക പ്രത്യേകതകളെയും കുറിച്ചുള്ള പ്രത്യേക സെക്ഷനും ഉണ്ടാകും. ഇതില്‍ ഡോ. ഇ.ജെ. ജെയിംസ്, ഡോ. കെ.പി. സുധീര്‍, ഡോ. കെ.ജി. പത്മകുമാര്‍, ഡോ. ഇ. ശ്രീകുമാര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ശാസ്ത്രം, സാഹിത്യം, സംസ്‌കാരം എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി പ്രൊഫ. പി.വി. കൃഷ്ണന്‍ നായര്‍ പൊതുപ്രഭാഷണം നടത്തും. ശാസ്ത്ര കോണ്‍ഗ്രസില്‍ പതിനാറോളം വിഷയങ്ങളിലായി 563 ഗവേഷണ പ്രബന്ധങ്ങള്‍ ലഭിച്ചു. ഇതില്‍ 341 എണ്ണം അവതരണത്തിനായി തെരഞ്ഞെടുത്തു. ഇതില്‍ 53 എണ്ണം ഏറ്റവും നല്ല പ്രബന്ധത്തിനുള്ള മത്സരത്തിനും 117 എണ്ണം അവതരണത്തിനും ബാക്കിയുള്ളവ പോസ്റ്റര്‍ പ്രദര്‍ശനവുമായിരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുള്ള ബാലശാസ്ത്ര കോണ്‍ഗ്രസ് 29ന് രാവിലെ നടക്കും. അന്നേദിവസം സംസ്ഥാന യുവശാസ്ത്ര അവാര്‍ഡ് നേടിയവരുടെ അവതരണവും ബിരുദാനന്ദര ബിരുദ വിദ്യാര്‍ത്ഥികളും ശാസ്ത്രജ്ഞരുമായുള്ള അഭിമുഖവും നടക്കും. 29ന് ഉച്ചയ്ക്ക് രണ്ടിന് ശാസ്ത്ര കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ മുഖ്യാതിഥിയായിരിക്കും. ഏറ്റവും നല്ല പ്രബന്ധത്തിനും പോസ്റ്ററിനുമുള്ള സമ്മാനങ്ങള്‍, ബാലശാസ്ത്രജ്ഞര്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവ സമ്മാനിക്കും. ആദ്യമായാണ് ശാസ്ത്രകോണ്‍ഗ്രസില്‍ ഒരു ജില്ലയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മുഖ്യവിഷയമായി സ്വീകരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.