ചെങ്ങന്നൂരില്‍ ഹോട്ടലില്‍ മോഷണം; 30,000 രൂപ കവര്‍ന്നു

Friday 23 January 2015 9:38 pm IST

സിസി ടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം

ചെങ്ങന്നൂര്‍: നഗരമദ്ധ്യത്തിലെ ഹോട്ടലില്‍ മോഷണം, മുപ്പതിനായിരം രൂപയോളം കവര്‍ന്നു. എംകെ റോഡില്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശം തുരുത്തിക്കാട് സുനുവിന്റെ ഉടമസ്ഥതയിലുള്ള ഈറ്റ് ആന്റ് പാര്‍ക്ക് ഹോട്ടലിലാണ്  കഴിഞ്ഞദിവസം രാത്രിയോടെ മോഷണം നടന്നിട്ടുള്ളത്. ഹോട്ടലിന് പിന്‍ഭാഗത്തെ ഷട്ടറിനുള്ളിലൂടെ അകത്ത് കടന്ന മോഷ്ടാവ് കൗണ്ടറിന് മുകളില്‍ സൂക്ഷിച്ചിരുന്ന ചാരിറ്റി ബോക്‌സില്‍ ഉണ്ടായിരുന്ന തുകയും, കൗണ്ടറിലെ മേശയിലുണ്ടായിരുന്ന തുകയും അപഹരിക്കുകയായിരുന്നു.
ഹോട്ടലില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഏകദേശം മുപ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുള്ളതായി ഹോട്ടല്‍ ഉടമ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് നഗരത്തിലെ തന്നെ തമിഴ്‌നാട് സ്വദേശി കുമാറിന്റെ ഉടമസ്ഥതയിലുള്ള ആര്യാസ് ഹോട്ടലിലും മോഷണം നടന്നിരുന്നു. ഈ മോഷ്ടാവിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തിവരവെയാണ് വീണ്ടും സമാനമായ മോഷണം നടന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.