റിപ്പബ്ലിക് ദിന പരേഡ് സമയം പാക് അതിര്‍ത്തിവരെ വ്യോമനിരോധന മേഖല

Friday 23 January 2015 10:00 pm IST

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കുന്ന റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന മണിക്കൂറുകളില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിവരെയുള്ള 400 കിലോമീറ്റര്‍ ചുറ്റളവ് വ്യോമഗതാഗത നിരോധന മേഖലയാക്കി. പരേഡ് നടക്കുന്ന സമയം ദല്‍ഹിയുടെ ആകാശത്ത് വ്യോമസേനയുടെ 60 യുദ്ധവിമാനങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഇതില്‍ 30 എണ്ണം മാത്രമാണ് രാജ്പഥിനു മുകളിലൂടെ പറക്കുക. ദല്‍ഹിക്കു ചുറ്റമുള്ള 300 കിലോമീറ്റര്‍ മേഖല നേരത്തെ തന്നെ വ്യോമഗതാഗത നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിരോധിതമേഖല 400 കിലോമീറ്ററാക്കി ഉയര്‍ത്തിയത്. ഇതോടെ ജയ്പൂര്‍, ആഗ്ര തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നും പരേഡ് സമയം വിമാനഗതാഗതം ഉണ്ടാകില്ല. ദല്‍ഹി അന്താരാഷ്ട്രവിമാനത്താവളത്തിലും ഉച്ചവരെ വ്യോമഗതാഗതം നിലയ്ക്കും. സംശയകരമായ സാഹചര്യത്തില്‍ ഏതെങ്കിലും വിമാനങ്ങള്‍ ദല്‍ഹിക്കു സമീപത്തേക്ക് എത്തുന്ന അടിയന്തരഘട്ടത്തെ നേരിടാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ആകാശത്തുതന്നെയുണ്ട്. സംശയകരമായ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങളടക്കം സജ്ജമാക്കി സുരക്ഷയില്‍ യാതൊരു പിഴവുമുണ്ടാകില്ലെന്ന് പ്രതിരോധ-ആഭ്യന്തരമന്ത്രാലയങ്ങള്‍ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ അറിയിച്ചു.25 മുതല്‍ 27 വരെയുള്ള മൂന്നുദിവസങ്ങളില്‍ വ്യോമഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ജനുവരി 27ന് ആഗ്രയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി മൂന്നുമണിക്കൂര്‍ നേരം മൊബൈല്‍ ഫോണ്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. ഒബാമ താജ്മഹലില്‍ സന്ദര്‍ശിക്കുന്ന മണിക്കൂറുകളിലാണ് സുരക്ഷാ കാരണങ്ങളാല്‍ ഫോണ്‍ബന്ധം വിച്ഛേദിക്കുന്നത്. കൂടാതെ ആഗ്ര നഗരത്തിലും താജ്മഹലിന്റെ പരിസരത്തും ഇലക്‌ട്രോണിക് ജാമറുകളും പ്രവര്‍ത്തിപ്പിക്കും. ആഗ്ര വിമാനത്താവളത്തില്‍ നിന്നും താജ്മഹലിലേക്കുള്ള പന്ത്രണ്ട് കിലോമീറ്റര്‍ റോഡ് ഒബാമയെത്തുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പുതന്നെ പൂര്‍ണ്ണമായും ഒഴിപ്പിക്കും. അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെ അടിയന്തരഘട്ടങ്ങളെ നേരിടുന്നതിനായി എട്ടു രക്ഷാപാതകള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ദല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയതോടെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനം ഒഴിവാക്കി രാജ്യത്തിന്റെ മറ്റു സ്ഥലങ്ങള്‍ ഭീകരവാദികള്‍ ലക്ഷ്യംവെച്ചേക്കാമെന്ന ആശങ്കയിലാണ് രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍. ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അക്രമം നടത്താന്‍ ഭീകരസംഘടനകള്‍ ലക്ഷ്യംവയ്ക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബീഹാര്‍,ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര പോലീസുകള്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.