യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

Saturday 24 January 2015 10:57 pm IST

 

കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതക്കുന്നു

തിരുവനന്തപുരം: ബാര്‍കോഴ അഴിമതിയില്‍ കുറ്റാരോപിതനായ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസിന്റെ അതിക്രമം. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ജലപീരങ്കിയേറ്റ് ഏഴ് പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്കേറ്റു.

സമരത്തിനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു. രാവിലെ പന്ത്രണ്ട് മണിയോടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി കെ.എം. മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പ്രകോപനമില്ലാതെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. മൂന്ന് തവണ ഗ്രനേഡും രണ്ട് തവണ കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

യുദ്ധസമാനമായ സാഹചര്യമാണ് പോലീസ് യുമോര്‍ച്ച മാര്‍ച്ചിനെ നേരിടാന്‍ സെക്രട്ടേറിയേറ്റ് നടയില്‍ ഒരുക്കിയിരുന്നത്. സമാധാനമായി സമരം നടത്തിയവര്‍ക്കു നേരെ പോലീസ് ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നു.

ജലപീരങ്കി പ്രയോഗത്തിലും ലാത്തിചാര്‍ജ്ജിലും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.എസ്. ഷൈജു, സംസ്ഥാന സമതി അംഗങ്ങളായ ആര്‍.എസ്. സമ്പത്ത്, നിശാന്ത,് ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍, ബി.ജി. വിഷ്ണു എന്നിവര്‍ക്ക് പരിക്ക് പറ്റി. ഇവരെ പരിക്കുകളോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. സുധീറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ പ്രതിഷേധിച്ച് ബിജെപി വക്താവ് വി.വി.രാജേഷ് ജലപീരങ്കി വാഹനത്തിനു മുന്നില്‍ കിടന്നു. തുടര്‍ന്നാണ് ജലപീരങ്കി പ്രയോഗം അവസാനിപ്പിച്ചത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്നത് ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തകരെ തല്ലിച്ചതച്ചും അറസ്റ്റ് ചെയ്തും സമരം അവസാനിപ്പിക്കാന്‍ കഴിയില്ല. കെ.എം.മാണി രാജിവയ്ക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന വക്താവ് അഡ്വ. വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ്. അഡ്വ. എസ്. സുരേഷ്, ദേശീയ നിര്‍വാഹക സമതി അംഗം ജോര്‍ജ്ജ് കുര്യന്‍, ദേശീയസമിതി അംഗം കരമന ജയന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ബിനുമോന്‍, കെ.പി. ജോര്‍ജ്ജ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ആര്‍.എസ്. രാജീവ്, അഡ്വ.കെ.എസ്. ഷൈജു, സെക്രട്ടറി കരവാളൂര്‍ സജി എന്നിവരും സംസാരിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് സംസ്ഥാന, ജില്ലാ നേതാക്കളായ മുളയറ രതീഷ്, കെ.എസ്. സമ്പത്ത്, മണവാരി രതീഷ്, എസ്. നിശാന്ത്, അഡ്വ. ആര്‍.എസ്. പ്രശാന്ത്, ചന്ദ്രകിരണ്‍, അഡ്വ. രഞ്ജിത്ത് ചന്ദ്രന്‍, വിഭാഷ്, പൂങ്കുളം സതീഷ്, സുധീഷ്, കരമന പ്രവീണ്‍, അരുണ്‍രാജ്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.