റേഷന്‍കാര്‍ഡ് പുതുക്കല്‍

Saturday 24 January 2015 9:45 pm IST

റേഷന്‍കാര്‍ഡ് പുതുക്കാന്‍ ജനങ്ങള്‍ക്ക് കുറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ജനദ്രോഹനടപടികള്‍ സ്വീകരിക്കുന്നതില്‍ അതീവതല്‍പരരാണെന്ന് കാണാം. ഗൃഹനാഥനെ മാറ്റി ഗൃഹനാഥയെ കുടുംബത്തിന്റെ തലപ്പത്തിരുത്തിയതില്‍ ഭൂരിഭാഗം കാരണവന്മാര്‍ക്കും ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അതിലവര്‍ക്ക് അതൃപ്തിയും ദ്വേഷവുമുണ്ട്. പുതുതായി പേരുകള്‍ ചേര്‍ക്കാനുള്ള സൗകര്യവും പുതിയ ഫോമില്‍ കുറവാണ്. ഫോം മടക്കരുത്, മടക്കിയാല്‍ പിന്നെ കമ്പ്യൂട്ടറില്‍ കയറ്റാന്‍ പ്രയാസമാണ് എന്നൊക്കെ പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുകയാണ് റേഷന്‍ഷാപ്പ് ഉടമസ്ഥര്‍. ആവശ്യമില്ലാത്ത പല കാര്യങ്ങളും പൂരിപ്പിക്കാന്‍ പറയുന്നുണ്ട്. അതിന്റെയൊക്കെ ആവശ്യമെന്തെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ആധാറിന്റെ വയ്യാവേലി തുടര്‍ന്നും ജനങ്ങളെ ഇട്ട് നട്ടംതിരിക്കുകയാണ്. സര്‍ക്കാര്‍തന്നെ ആധാര്‍ നിര്‍ബന്ധമില്ലെന്ന് പറയുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് എല്ലാ കാര്യങ്ങള്‍ക്കും നിര്‍ബന്ധമാക്കുകയും ചെയ്യുകയാണുണ്ടായത്. ഇക്കുറി റേഷന്‍കാര്‍ഡ് പുതുക്കുന്നതിന് വീട്ടിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ നല്‍കണമെന്ന് നിര്‍ബന്ധമാണ്. ആധാര്‍കാര്‍ഡ് ഇതുവരെ കിട്ടാത്ത ധാരാളം ആളുകള്‍ പല വീടുകളിലുമുണ്ട്. താഴെത്തട്ടിലുള്ള വിഭാഗങ്ങളെ വിറളപിടിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇന്നത്തെ റേഷന്‍കാര്‍ഡ് പുതുക്കല്‍ പരിപാടി. അതുകൊണ്ട് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാകാതെ വോട്ടര്‍ ഐഡിയോ പാന്‍കാര്‍ഡോ നല്‍കാന്‍ അനുവദിക്കണമെന്നും ഇതിലേക്ക് അധികൃതരുടെ സത്വര ശ്രദ്ധ പതിയണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.