പൈപ്പ്‌ലൈന്‍ പൊട്ടി; കുടിവെള്ള വിതരണം പാളി

Saturday 24 January 2015 11:32 pm IST

കുന്നത്തൂര്‍: ഭരണിക്കാവ് ഓവര്‍ഷെഡ് ടാങ്കില്‍ നിന്നും മുതുപിലാക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്ന പ്രധാന ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ജലവിതരണം തടസപ്പെട്ടു. പൈപ്പ്‌ലൈന്‍ പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും അത് ശരിയാക്കാനുള്ള നടപടികളൊന്നുംതന്നെ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. സാധാരണ രണ്ടും മൂന്നും ദിവസങ്ങള്‍ കൂടുമ്പോഴാണ് മുതുപിലാക്കാട് പ്രദേശത്ത് കുടിവെള്ളം വിതരണം ചെയ്യുന്നത്. അതിനിടയില്‍ പൈപ്പ്‌ലൈന്‍ കൂടി പൊട്ടിയത് പ്രദേശവാസികളെ കൂടുതല്‍ ദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഭരണിക്കാവ്-കടപ്പുഴ റോഡില്‍ ഊക്കന്‍മുക്ക് പെട്രോള്‍പമ്പിന് മുന്‍വശത്താണ് പൈപ്പ്‌ലൈന്‍ പൊട്ടിയത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് പാതയുടെ വശങ്ങളിലെ മണ്ണ് ഇളക്കിയതിനെ തുടര്‍ന്നാണ് കുടിവെള്ള വിതരണലൈനിന് തകരാര്‍ സംഭവിച്ചത്. റോഡിലെ കുഴികളില്‍ വെള്ളം ഒഴുകിയിറങ്ങി നിറഞ്ഞിരിക്കുകയാണ്. ഇതറിയാതെ ഇതുവഴി കടന്നുപോകുന്ന ഇരുചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുകയാണ്. പൈപ്പ് ലൈനിലെ പൊട്ടല്‍ പരിഹരിക്കാതെ കഴിഞ്ഞദിവസം ജലം പമ്പ് ചെയ്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് റോഡിലൂടെ ഒഴുകി നഷ്ടപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരുടെയും മറ്റും പരാതിയെ തുടര്‍ന്ന് പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.