എന്ത് നേടിയെന്നതല്ല എത്ര കൊടുത്തുവെന്നതാണ് ജീവിതമൂല്യം -അമ്മ

Monday 26 January 2015 1:25 am IST

നേമം: ദു:ഖിതര്‍ക്ക് ആശ്വാസമേകാന്‍ വലിയ പദവിയുടെയോ പണത്തിന്റെയോ  ആവശ്യമില്ലെന്ന് മാതാ അമൃതാന്ദമയീദേവി. സ്‌നേഹപൂര്‍ണ്ണമായ ഒരു വാക്ക് കാരുണ്യത്തോടുള്ള ഒരു നോട്ടം ഒരു ചെറിയ സഹായം അവ തന്നെ നമ്മുടേയും അവരുടേയും ജീവിതം പ്രകാശപൂര്‍ണ്ണമാക്കും. എന്ത് നേടുവാന്‍ കഴിഞ്ഞുവെന്നതല്ല എത്ര കൊടുക്കാന്‍ കഴിഞ്ഞുവെന്നതാണ് ജീവിതത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഒരു ജീവനെങ്കിലും ഒരു നിമിഷത്തേക്ക് സന്തോഷം പകരാന്‍ നമുക്ക് കഴിഞ്ഞാല്‍ അത്രകണ്ട് നമ്മുടെ ജീവിതം ധന്യമാകുന്നു. ഇന്ന് സമൂഹത്തില്‍ മൂല്യച്യുതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൈമനം ബ്രഹ്മസ്ഥാന ക്ഷേത്രത്തിലെ വാര്‍ഷികോത്സവത്തോടനുബന്ധിച്ച് നടത്തിയ സത്സംഗത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ. മാതാ പിതാ ഗുരു ദൈവം എന്നാണ് പഴമക്കാര്‍ സാധാരണ പറയാറുള്ളത് ഇന്നത് മദ്യം മയക്കുമരുന്ന് മദിരാക്ഷി പിന്നെ ഇന്റര്‍നെറ്റും എന്ന് മാറ്റി പറയേണ്ടിയിരിക്കുന്നു. കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും മാറ്റത്തിന് അനുസരിച്ചുള്ള ചില ബാഹ്യമായ ക്രമീകരണങ്ങള്‍ ജീവിതത്തിന് ആവശ്യമാണ് പക്ഷെ അതിന്റെ സമര്‍ദ്ദത്തില്‍പ്പെട്ട് വിവേക ബുദ്ധി നഷ്ടപ്പെടുത്തരുത് നമ്മുടെ ജീവിതം എപ്പോഴും നമ്മുടെ കൈയില്‍ ഭദ്രമായിരിക്കണം. മനസിന് തോന്നുന്നതുപോലെയല്ല മനസാക്ഷി നയിക്കുന്നതുപോലെയാണ് ജീവിക്കേണ്ടതെന്ന് അമ്മ ഉപദേശിച്ചു. ഇന്ന് നമുക്കെല്ലാവര്‍ക്കും കാഴ്ചയുണ്ട് എന്നാല്‍ കാഴ്ചപാടില്ല. നമ്മുടെ പൂര്‍വ്വികര്‍ക്ക് സമഗ്രമായ ഒരു വീക്ഷണം ഉണ്ടായിരുന്നു. അവരുടെ തീരുമാനങ്ങള്‍ സമൂഹത്തിന്റെ നന്മയെ നിലനിര്‍ത്തുന്നതിനു വേണ്ടയായിരുന്നു. ഒരു വ്യക്തി മറ്റുള്ളവര്‍ക്കു വേണ്ടിയും ഹൃദയത്തില്‍ കുറച്ച് ഇടം കൊടുക്കണം. എന്നാല്‍ ഇന്ന് പലരും വസ്തുക്കള്‍ക്ക് വേണ്ടി മാത്രമേ ഇടം കൊടുക്കുന്നുള്ളൂ. ഇന്നത്തേ സ്‌നേഹം ഒരു വസ്തുവിന്റെ പിന്നിലാണ് അതുകൊണ്ട് സ്‌നേഹത്തിന്റെ മാധുര്യം നുകരാന്‍ കഴിയുന്നില്ല. എന്നാല്‍ ഒരമ്മയ്ക്ക്  തന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തിന് വിടവുകളില്ല. ഈ സ്‌നേഹം മാത്രമേ നിലനില്‍ക്കുകയുള്ളൂ. ഈ വിടവുകളെ നികത്തി പാലം ഉണ്ടാക്കാനുള്ള മാര്‍ഗമാണ് ആദ്ധ്യാത്മികത. നടന്നുകൊണ്ടിരിക്കുമ്പോള്‍ 'നില്‍ക്ക്' എന്ന് പറഞ്ഞാല്‍ കാലുകള്‍ ഉടനെ നിശ്ചലമാകും. കൈകൊണ്ട് താളമടിക്കുമ്പോള്‍ 'നിര്‍ത്ത്' എന്ന് ആജ്ഞാപിച്ചാല്‍ താളം പിടിക്കുന്നത് ഉടനെ നില്‍ക്കും പക്ഷെ ചിന്തകളോട് നില്‍ക്ക് എന്ന് പറഞ്ഞാല്‍ നില്‍ക്കുമോ? ചിന്തകളെ നിര്‍ത്താന്‍ കഴിയണം അതാണ് ധ്യാനം. നമ്മള്‍ മനസിനെ നിശ്ചലമാക്കാന്‍ ശ്രമിക്കുന്നതേയില്ല. മനസിന്റെ നിശ്ചലതയില്‍ നിന്നാണ് എല്ലാ വെളിപാടുകളും ഉണ്ടാകുന്നതെന്ന് അമ്മ പറഞ്ഞു. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും അശ്വതി തിരുനാള്‍ ഗൗരി പാര്‍വ്വതി, ലക്ഷ്മി ഭായി , കൃഷ്ണമൂര്‍ത്തി, എം.എ. വാഹിദ് എംഎല്‍എ,  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കുടുബാംഗങ്ങളും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖ, ഐറ്റി സെക്രട്ടറി ജ്യോതിലാല്‍,  ഡിസിസി പ്രസിഡന്റ് അഡ്വ. കെ. മോഹന്‍കുമാര്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ തുടങ്ങിയവര്‍ ഇന്നലെ അമ്മയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. കഴിഞ്ഞ രണ്ടുദിവസമായി നടന്ന സത്സംഗമത്തിലും ധ്യാനത്തിലും ആയിരകണക്കിന് ഭക്തര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.