ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം

Tuesday 27 January 2015 11:52 am IST

ആഗ്ര: ഉത്തര്‍‌പ്രദേശിലെ ആഗ്രയില്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ മൂന്നു യുവാക്കള്‍ അതേ ട്രെയിന്‍ തട്ടി മരിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് താജ്മഹല്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂദല്‍ഹിയില്‍ നിന്നുള്ള അഫ്‌സല്‍ എന്നിവരാണ് മരിച്ചത്. എല്ലാവരും 20-22 വയസിനിടയിലുള്ളവരാണ്. ആഗ്രയിലേക്ക് കാറില്‍ പോകുന്നതിനിടെ മുന്നിലെ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് സെല്‍ഫിയെടുക്കാനായി കാര്‍ നിര്‍ത്തുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായിരുന്ന അനീഷ് എന്ന യുവാവ് പോലീസിനോട് പറഞ്ഞു. ഇയാളും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നെങ്കിലും ട്രെയിന്‍ വന്നപ്പോഴേക്കും ചാടി രക്ഷപ്പെടുകയായിരുന്നു. ഓടുന്ന ട്രെയിന്‍ ഏറ്റവും അടുത്ത് എത്തുമ്പോള്‍ സെല്‍ഫി പകര്‍ത്താനുള്ള ശ്രമത്തിലായിരുന്നു സംഘമെന്ന് കോസി സ്‌റ്റേഷനിലെ അഡീഷണല്‍ സ്‌റ്റേഷന്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ലക്ഷ്യം. ട്രെയിന്‍ അടുത്തെത്തിയപ്പോഴേക്കും തനിക്ക് മാത്രമേ ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെടാനായുള്ളൂവെന്നും അനീഷ് പോലീസിനോട് പറഞ്ഞു. അതിവേഗത്തിലെത്തിയ ട്രെയിന്‍ മറ്റ് മൂന്നുപേരെയും ഇടിച്ച് തെറിപ്പിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.