കുട്ടികളിറങ്ങിപ്പോയ കലോത്സവങ്ങള്‍

Wednesday 11 February 2015 6:44 am IST

കേരളത്തിന് ഒഴിവാക്കാനാകാത്തവിധം സ്‌കൂള്‍ കലോത്സവങ്ങള്‍ മലയാളിയുടെ മനസില്‍ ഉറച്ചിരിക്കുന്നു. ഇനിയൊരു തിരിച്ചുപോക്കിന് കഴിയാത്തവിധം. എന്നാല്‍ ഇതിങ്ങിനെയൊക്കെയാണോ വേണ്ടതെന്ന ചിന്ത തീര്‍ച്ചയായും ഉയരുന്നുണ്ട്.കലോത്സവത്തിന്റെ പെരുമ്പറകള്‍ക്കൊപ്പം. കലോത്സവം കുട്ടികള്‍ക്ക് തിരികെ ലഭിക്കണം കലോത്സവങ്ങളില്‍ നിന്നും കുട്ടികള്‍ തഴയപ്പെടുന്നുവോ? വെറുമൊരു പിടിഎ മേളയായി മാറുന്നുണ്ടോ ഇത്. അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് മത്സരത്തിന്റെ കൊമ്പ് കോര്‍ക്കുന്ന ഇടങ്ങളായി ഇത് മാറുകയാണോ. കുട്ടികളുടെ സര്‍ഗ്ഗാവിഷ്‌കാരങ്ങളുടെ വേദി രക്ഷകര്‍ത്താക്കളുടെയും കലാഗുരുക്കന്മാരുടെയും വടംവലിയില്‍ നിറം കെടുകയാണ്. വിദ്യാര്‍ത്ഥി കേന്ദ്രിത വിദ്യാഭ്യാസം എന്ന ആശയം നടപ്പാക്കുമ്പോള്‍ സര്‍ഗ്ഗാവിഷ്‌കാരങ്ങളില്‍ നിന്ന് കൗമാരം തൂത്തെറിയപ്പെടുന്നു. ആശയഭാരം കൊണ്ട് തലകുത്തിവീഴുന്ന നാടകവേദികള്‍ മുതല്‍ ശബ്ദാനുകരണത്തിലും കവിതയിലും കഥയിലുമൊക്കെ ഇത് കാണാം. ആവര്‍ത്തന വിരസമായ പ്രമേയങ്ങള്‍ അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നു. കുട്ടികളുടെ വേദികളില്‍ നിന്ന് മുതിര്‍ന്നവര്‍ മാറി നില്‍ക്കുന്ന കാലം വരുമോ? കലോത്സവം കുട്ടികള്‍ക്ക് തിരിച്ചു നല്‍കാന്‍ എന്തൊക്കെ ചെയ്യണമെന്ന് കേരളം ഉറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പീല്‍.... അപ്പീല്‍.... ഹയര്‍ അപ്പീല്‍..... കുട്ടികളുടെ കലോത്സവത്തേക്കാള്‍ ഇത് അപ്പീലുകളുടെ മേളയായി മാറിയിരിക്കുന്നു. താഴെത്തലം മുതല്‍ വിധി നിര്‍ണ്ണയത്തിലുണ്ടാകുന്ന പാകപ്പിഴവുകള്‍, പക്ഷപാതം, ആക്ഷേപങ്ങള്‍ എന്നിവയുടെ പ്രളയം. സംസ്ഥാന കലോത്സവത്തില്‍ അത് ഹയര്‍ അപ്പീലിലെത്തിനില്‍ക്കുന്നു. സ്‌കൂള്‍തലം മുതല്‍ കുട്ടികള്‍ തഴയപ്പെടുന്നു. അവിടെ വിധി നിര്‍ണ്ണയിക്കുന്ന അദ്ധ്യാപകര്‍ക്ക് പഠനവിഷയങ്ങളില്‍ അറിവുണ്ടായിരിക്കാം. അവര്‍ പാഠ്യേതര വിഷയങ്ങളില്‍ നിപുണരാവണമെന്നില്ല. അവര്‍ തെരഞ്ഞെടുക്കുന്ന പാട്ടുകാരും ആട്ടക്കാരുമാണ് ഉപജില്ലയിലെത്തുന്നത്. വിധി നിര്‍ണ്ണയത്തിലെ അശാസ്ത്രീയത ഇവിടെ നിന്നാരംഭിക്കുന്നു. കുറ്റമറ്റ വിധി നിര്‍ണ്ണയം സാധ്യമാവുമ്പോഴാണ് അപ്പീലുകള്‍ എന്ന അവസ്ഥ ഇല്ലാതാവുക. അതെങ്ങിനെയാണ് സാധ്യമാവുകയെന്നത് കണ്ടെത്തുക ദുഷ്‌കരവും മാനദണ്ഡം മാറണം കലോത്സവത്തിലെ മികച്ച നേട്ടം ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ ഗ്രേഡ് നേടുക എന്നതിനായി മാറിയിരിക്കുന്നു. കലാതിലക, പ്രതിഭാപട്ടം ഒഴിവാക്കിയതോടെ തീപാറുന്ന മത്സരമാണ് ഒഴിവായത്. ഗ്രേസ് മാര്‍ക്ക് കൂടി ഒഴിവാക്കിയാല്‍ കിടമത്സരം ഒഴിവാക്കാം. അതിന് കഴിയുമോ എന്നതാണ് പ്രശ്‌നം. കലാവിഷ്‌കരണമാണ് പ്രധാനമെന്ന് ചിന്തിക്കുന്ന കുട്ടികളുടെതായി മേള മാറണം. ക്ലാസിക്കല്‍ കലകളില്‍, കേരളത്തിന്റെ തനത്കലാരൂപങ്ങളില്‍ അഭിരുചിയും താത്പര്യവും വളര്‍ത്തുന്ന തരത്തിലുള്ള പരിശീലനവും പഠനവും നടക്കണം. ഒരു കവിത ചൊല്ലിയകുട്ടിക്ക് മറ്റൊരു കവിതനല്‍കിയാല്‍ വൃത്തമനുസരിച്ച് അക്ഷരശുദ്ധിയോടെ ചൊല്ലാന്‍ കഴിയാതെ വരുന്നു. മനോധര്‍മ്മം ആവശ്യപ്പെടുന്ന കലാരൂപങ്ങള്‍ വരെ ഇന്‍സ്റ്റന്റായി അവതരിപ്പിക്കുന്നു. മത്സരത്തിനുവേണ്ടിയുളള പഠനം കല കലയ്ക്കുവേണ്ടിയല്ല മത്സരത്തിനു വേണ്ടിയാണ് എന്ന സൂചനയാണ് കുഞ്ഞുമനസ്സുകളില്‍ ഉറപ്പിക്കുന്നത്. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് പകരം ഗുരുവിന്റെ കഴിവ് പരീക്ഷിക്കപ്പെടുന്ന കലോത്സവങ്ങള്‍ എന്ന നിലവിലുള്ള രീതിമാറണം. പണക്കൊഴുപ്പിന്റെ മേള സര്‍ക്കാരിന്റെയും സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികളുടെയും വകയായി ചെലവഴിക്കപ്പെടുന്ന കോടികളാണ് കലോത്സവത്തിലെ പണക്കൊഴുപ്പെന്ന് ധരിക്കേണ്ട. സംഘനൃത്തത്തിലെ ഒരു ടീമിന് സംസ്ഥനതല മത്സരത്തില്‍ പങ്കെടുക്കേണ്ടിവരുമ്പോള്‍ ചെലവഴിക്കേണ്ടി വരുന്നത് ലക്ഷങ്ങളാണ്. ആര്‍ഭാടത്തിന്റെ മേളയാണ് ഇന്ന് നടക്കുന്നത്. മധ്യവര്‍ഗ്ഗസമൂഹത്തിന്റെ ഇടവേളകളിലെ ആനന്ദമാണ് കല എന്ന ധാരണയുടെ നടപ്പുരീതിയാണ് കലോത്സവവേദിയിലും ആവര്‍ത്തിക്കുന്നത്. നൃത്തയിനങ്ങള്‍ക്കാണ് വന്‍ ചെലവ്. ഗുരുവിന് നല്കുന്ന 'ദക്ഷിണ' മുതല്‍ വിധികര്‍ത്താക്കള്‍ക്ക് നല്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന കൈക്കൂലി പണം വരെ എത്ര കോടികളാണ് കലോത്സവ വേദികളില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. കലോത്സവത്തിലെ ബിപിഎല്ലുകാര്‍ മത്സരവേദികള്‍ക്കരികില്‍ കുനിഞ്ഞ മുഖങ്ങളുമായി ചിലരെ കാണാം. പണമെറിഞ്ഞ് ഗ്രേഡും ഒന്നാം സ്ഥാനവും കയ്യടക്കാന്‍ കഴിവില്ലാത്ത കലോത്സവത്തിലെ ദാരിദ്ര്യരേഖക്കാര്‍. അകമ്പടിയായി ബന്ധുക്കളും കുടുംബക്കാരും വീട്ടുകാരും സുഹൃത്തുക്കളുമില്ല! സെല്‍ഫിയെടുക്കാന്‍ ആന്‍ഡ്രോയിഡ് മൊബൈലില്ല. അമ്മയോ അച്ഛനോ കൂടെകാണും. പ്ലാസ്റ്റിക്ക് കവറുകളില്‍ കുത്തി നിറച്ച വേഷങ്ങളുമായി വിയര്‍ത്തൊലിച്ച്, നടക്കുന്നവര്‍ ഹയര്‍ അപ്പീല്‍ നല്‍കാന്‍ 2000 രൂപയില്ലാത്തവര്‍, ബി ഗ്രേഡും അവഗണനയും സഞ്ചിയിലാക്കി. തിരക്കിനിടയിലൂടെ ചാനല്‍ ക്യാമറകളുടെ വേട്ടയാടലുകളില്‍ ഒന്നും പെടുവാന്‍ ഭാഗ്യമില്ലാതെ തീവണ്ടിയിലെ ജനാല്‍ കമ്പാര്‍ട്ടുമെന്റ് തേടി പരക്കം പായുന്നവര്‍... കലോത്സവത്തില്‍ സംവരണമേതുമില്ലാതെ ഇവര്‍ക്കും മാന്യമായ സ്ഥാനം ലഭിക്കണം. മേള ഞങ്ങളുടേതുമാണെന്ന് ഇവര്‍ക്കും തോന്നുന്ന കാലം വരണം. അപ്പീല്‍ തലവന്‍മാര്‍ എത്രയെത്ര അപ്പീലുകള്‍ താരമായ കലോത്സവത്തില്‍ ഏതൊക്കെ വഴികളിലൂടെയാണ് അപ്പീലുകള്‍ വന്നത്! വിദ്യാഭ്യാസവകുപ്പ്, ഹൈക്കോടതി സെഷന്‍സ് കോടതികള്‍, ബാലവാകാശ കമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി എന്നിങ്ങനെ അപ്പീല്‍ സമര്‍പ്പിക്കാന്‍ എത്രതരം ഔദ്യോഗിക തലങ്ങളാണുള്ളത്. മത്സരം അവസാനിക്കുന്നത് വരെ അപ്പീലുകള്‍ വന്നു. അപ്പീലുകളില്‍ തീര്‍പ്പാക്കുന്ന വിധം പരിശോധിച്ചാല്‍ അതിലെ പൊള്ളത്തരം വ്യക്തമാകും. ഹയര്‍ അപ്പീലിന്റെ ഇടനാഴിയില്‍ ഒരു മണിക്കൂര്‍ നിന്നപ്പോള്‍ ബി ഗ്രേഡ് എ ഗ്രേഡായി മാറിയത് എങ്ങനെയെന്നത് നേരിട്ടറിയാന്‍ കഴിഞ്ഞു. അപ്പീല്‍ അതോറിറ്റികളെ സംബന്ധിച്ച് വ്യക്തതയുണ്ടാകണം; അപ്പീല്‍ നിയന്ത്രണമല്ല; ഏകീകരണമാണ് വേണ്ടത്. * * * വിദ്യാഭ്യാസ - സാംസ്‌കാരിക - ഭരണ രംഗങ്ങളിലെ പ്രമുഖര്‍ സുചിന്തിതമായ നിലപാടുകളിലൂടെ കലോത്സവത്തെ നവീകരിക്കാന്‍ മുന്‍കയ്യെടുക്കണം. തുറന്ന ചര്‍ച്ചയിലൂടെ മാന്വല്‍ പരിഷ്‌ക്കരണം സാധ്യമാക്കണം. വളരെ കൂടുതല്‍ പഠനദിനങ്ങള്‍ നഷ്ടപ്പെടുന്ന ഇന്നത്തെ അവസ്ഥ മാറണം. എല്ലാ കലാരൂപങ്ങളെയും സംരക്ഷിച്ചു കളയാമെന്ന ഉത്തരവാദിത്തം വിദ്യാഭ്യാസവകുപ്പ് സ്വയം ഏറ്റെടുക്കേണ്ടതില്ല. സര്‍ക്കാരിന് കീഴിലെ വിവിധ അക്കാദമികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇക്കാര്യത്തില്‍ പങ്കുവഹിക്കാന്‍ കഴിയണം. കലോത്സവമത്സര ഇനങ്ങളെ ഇത്തരം അക്കാദമികളിലൂടെ വികേന്ദ്രകരിക്കണം. സ്വയം നവീകരിക്കാതെ ഇന്നത്തെ നിലയില്‍ കലോത്സവത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് 52-ാം സ്‌കൂള്‍ കലോത്സവം മുന്നോട്ടു വെച്ചത്. സമാന്തര വിധി നിര്‍ണ്ണായകമെന്ന 'മാവോയിസ്റ്റ് ആക്രമണം' കലോത്സവം എത്തിനില്‍ക്കുന്ന ജീര്‍ണ്ണതയുടെ ലക്ഷണത്തെയാണ് വരച്ചു കാട്ടിയത്; പരിഷ്‌കരണത്തിന്റെ വഴിയല്ല. കേരളത്തിലെ ഏറ്റവും ജനകീയമായ ഈ സാംസ്‌കാരിക മഹോത്സവത്തെ സമഗ്രമായി പരിഷ്‌കരിക്കാന്‍ കേരളത്തിന്റെ സാംസ്‌കാരിക മനസ് തയ്യാറാവണം. അടുത്ത കലോത്സവത്തിന്റെ തയ്യാറെടുപ്പിന്റെ 13-ാം മണിക്കൂറില്ലല്ല വളരെ നേരത്തെ അത് ആരംഭിക്കട്ടെ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.