നെയ്യാര്‍ ഡാമില്‍നിന്നും വെള്ളം തമിഴ്‌നാടിന് വേണം

Tuesday 27 January 2015 9:57 pm IST

2014 മെയ് 26 ന് നരേന്ദ്രമോദി ഭാരതത്തിന്റെ 15-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റ് എട്ട് ദിവസത്തിനകം അതായത് 2014 ജൂണ്‍ മൂന്നിന് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തമിഴ്‌നാടിന്റെ ആവശ്യങ്ങളടങ്ങിയ ഒരു മെമ്മോറാണ്ടം പ്രധാനമന്ത്രിയെ ഏല്‍പ്പിച്ചു. അതിലെ ആദ്യത്തെ നാല് ആവശ്യങ്ങള്‍ താഴെ പറയുന്നവയാണ്. ഒന്ന്) കാവേരി നദീജല തര്‍ക്ക പരിഹാരത്തിനായി ട്രിബ്യൂണല്‍ 2007 ഫെബ്രുവരി 5 ന് ഇറക്കിയ ഉത്തരവനുസരിച്ച് നടപടികള്‍ നടപ്പിലാക്കുവാനായി കാവേരി ജല നിയന്ത്രണ കമ്മറ്റി, കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് എന്നീ സംവിധാനങ്ങള്‍ വേണമെന്ന് പറയുന്നുണ്ട്. ഈ രണ്ട് സംവിധാനങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല. അതിന്റെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന് തുടങ്ങണം. രണ്ടാമതായി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുവാനുള്ള 2014 മെയ് 7 ന് വന്ന സുപ്രീംകോടതി വിധി പ്രകാരം സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പ്രതിനിധിയെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് നിരീക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പ്രതിനിധിയെ എത്രയും പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കണം. മൂന്നാമത്തെ നിവേദനം നെയ്യാര്‍ ഡാമില്‍നിന്നും ജലം തുറന്നുവിടുവാന്‍ കേരളത്തോട് നിര്‍ദ്ദേശിക്കുവാനാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്കിലെ 9200 ഏക്കര്‍സ്ഥലം പണ്ട് തിരുകൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാനങ്ങള്‍ പുനഃനിര്‍ണയം ചെയ്തപ്പോള്‍ ഈ ഭാഗം തമിഴ്‌നാട്ടില്‍ ഉള്‍പ്പെടുകയായിരുന്നു. നെയ്യാര്‍ ഡാമിന്റെ ഇടതുകര കനാല്‍ വിളവന്‍കോടിന് പ്രയോജനകരമാണ്. 2004 ഫെബ്രുവരി വരെ നെയ്യാര്‍ ഡാമില്‍നിന്നും ജലസേചനത്തിനായി തമിഴ്‌നാട്ടിലേക്ക് ജലം ഒഴുക്കിയിരുന്നു! 2004 മാര്‍ച്ച് മാസത്തില്‍ നെയ്യാര്‍ ഡാം അന്തര്‍സംസ്ഥാന നദിയാണെന്നുള്ള തമിഴ്‌നാടിന്റെ വാദത്തോടനുബന്ധിച്ച് പൊടുന്നനവെ നെയ്യാര്‍ വഴി തമിഴ്‌നാട്ടിലേക്ക് ഒഴുക്കിയ ജലസേചനത്തിനുള്ള വെള്ളം കേരളസര്‍ക്കാര്‍ നിര്‍ത്തിവച്ചു. പ്രധാനമന്ത്രി നേരിട്ട് കേരള സര്‍ക്കാരിനോട് തമിഴ്‌നാടിന് നെയ്യാര്‍ ഡാമില്‍നിന്ന് ജലം നല്‍കുവാന്‍ ആവശ്യപ്പെടണം. നാലാമത്തെ തമിഴ്‌നാടിന്റെ ആവശ്യം പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജനം എത്രയും പെട്ടെന്ന് നടപ്പിലാക്കുവാന്‍ പ്രധാനമന്ത്രി ഇടപെടുക എന്നതാണ്. പുതിയ ഭാരത പ്രധാനമന്ത്രി വന്നെങ്കിലും വിവിധ കരാറുകളിലൂടെ ഇത്തരത്തില്‍ കേരളത്തിന് ലഭിക്കുവാനുള്ള വെള്ളം നമുക്ക് അവകാശപ്പെട്ട ജലം തമിഴ്‌നാട് കേരളത്തിന് നല്‍കുവാന്‍ പ്രധാനമന്ത്രിയെ ഇടപെടുത്തുവാനുള്ള ഒരു ശ്രമവും കേരളം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. അന്തര്‍സംസ്ഥാന നദിയല്ലാത്ത നെയ്യാര്‍ നദിയെ അന്തര്‍സംസ്ഥാന നദിയാക്കി ചിത്രീകരിക്കുകയും അറ്റ വേനലില്‍ 2004 ഫെബ്രുവരി വരെ നല്‍കിയ ജലസഹായം അവകാശമാക്കി കാണിക്കുകയും ചെയ്ത തമിഴനാട് നടത്തുന്ന അവകാശവാദങ്ങള്‍ കേരള സര്‍ക്കാര്‍ കണ്ടുപഠിക്കേണ്ടതുണ്ട്. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയും ശിരുവാണി കരാര്‍ വഴി കേരളത്തിന് ലഭ്യമാക്കേണ്ട ജലം സമയാസമയങ്ങളില്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന തമിഴ്‌നാടിന്റെ നെയ്യാര്‍ ജലത്തിലെ അവകാശം വിരോധാഭാസമാണ്. നെയ്യാര്‍ നദിയ്ക്ക് വെറും 56 കി.മീ. നീളവും 497 ചതുരശ്ര കി.മീ. വിസ്തീര്‍ണത്തില്‍ വൃഷ്ടിപ്രദേശവുമാണുള്ളത്. ഇത് പൂര്‍ണമായും കേരളത്തിനകത്താണ്. യാതൊരുവിധ കരാറുമില്ലാതെ കേരളം തമിഴ്‌നാടിന് ജലം നല്‍കിയിരുന്നതാണ് 2004 ല്‍ ടി.എം.ജേക്കബ് ജലവിഭവ മന്ത്രിയായിരുന്നപ്പോള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവരുടെ ഭരണകാലത്ത് നിഗൂഢമായ ചില കാരണങ്ങളാല്‍ വീണ്ടും തമിഴ്‌നാടിന് നെയ്യാറില്‍ നിന്നും ജലം നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു. കൃഷിക്കായി നെയ്യാര്‍ ഡാമില്‍നിന്നും ജലം നല്‍കുവാനായി കേരളം തയ്യാറായിരുന്നു. അതിനായി ഡ്രാഫ്റ്റ് കരാര്‍ നിര്‍മിക്കുകയും തമിഴ്‌നാടിന് കൈമാറുകയും ചെയ്തതാണ്. എന്നാല്‍ തമിഴ്‌നാട് അവരുടേതായി പുതിയ കരാര്‍ നിര്‍മിക്കുകയും അതില്‍ നെയ്യാര്‍ ഒരു അന്തര്‍സംസ്ഥാന നദിയായി എഴുതിച്ചേര്‍ക്കുകയും ചെയ്തതോടെയാണ് കേരളസര്‍ക്കാര്‍ നെയ്യാറില്‍നിന്നും തമിഴ്‌നാടിനുള്ള ജലസേചനത്തിനുള്ള ജലവിതരണം നിര്‍ത്തലാക്കിയത്. കേരളസംസ്ഥാനത്ത് മിച്ച ജലം ഇല്ലെന്ന വസ്തുത നാം മനസ്സിലാക്കണം. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിലേയ്ക്കും വേനല്‍ അടുക്കുന്നതോടെ വേലിയേറ്റ സമയത്തെ ഓരുവെള്ള കയറ്റം ചെറുക്കുവാനുള്ള ജലമില്ലാത്തതിനാല്‍ എല്ലാ നദികളിലേയ്ക്കും കിലോമീറ്ററുകളോളം നദിക്ക് അകത്തോട്ട് ഉപ്പുവെള്ളം കയറുകയാണ്. കേരളത്തിലെ നദികളില്‍ മിച്ച ജലം ഇല്ലെന്നതിന് ഏറ്റവും വലിയ തെളിവാണിത്. സംസ്ഥാനത്തെ ആയിരത്തിലധികം വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലും വേനല്‍ക്കാലത്ത് ലോറിവെള്ള വിതരണം നടത്തുന്നത് ജലദൗര്‍ലഭ്യതയുടെ തെളിവാണ്. ടാങ്കര്‍ലോറിയില്‍ ജലം വിതരണത്തിനായി കോടിക്കണക്കിന് രൂപയാണ് ഓരോ പഞ്ചായത്തും തങ്ങളുടെ ബജറ്റില്‍ വക ഉള്‍ക്കൊള്ളിക്കുന്നത്. സംസ്ഥാനത്തെ മിക്കവാറും നദികളും വേനല്‍ക്കാലങ്ങളില്‍ വറ്റിവരളുകയാണ്. പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളില്‍ ഒന്നോ രണ്ടോ മാത്രമാണ് വേനല്‍ക്കാലങ്ങളില്‍ ഒഴുക്കു നിലനിര്‍ത്തുന്നത്. ഇതുകൂടാതെയാണ് കേരളത്തിലെ നദികളിലെ രൂക്ഷമായ മലിനീകരണ പ്രശ്‌നങ്ങള്‍. ശിരുവാണി കരാര്‍ വഴിയും പറമ്പിക്കുളം-ആളിയാര്‍ കരാര്‍വഴിയും നാം തമിഴ്‌നാടിന് ജലം നല്‍കുന്നത് നദികളുടെ ഉത്ഭവസ്ഥാനമായ ഹൈറേഞ്ചുകളില്‍നിന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ നദികളില്‍ താഴോട്ടൊഴുകുവാന്‍ ജലമില്ലാതിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മിച്ചജലം ഉണ്ടെന്ന വാദമുഖം പച്ചക്കള്ളമായി മാത്രമേ കണക്കാക്കാനാകൂ. 41 നദികളില്‍ നിന്നും സംസ്ഥാനത്തെ കായലുകളിലേക്ക് ശുദ്ധജലം വേനല്‍ക്കാലത്തും ഒഴുകിവരുന്നുണ്ടായിരുന്നെങ്കില്‍ കായലുകളിലെ ഉപ്പിന്റെ അളവ് വേനല്‍ക്കാലങ്ങളില്‍ ഇന്നത്തെപ്പോലെ ഉയര്‍ന്നുവരില്ലായിരുന്നു. ഇത് നല്‍കുന്ന സൂചന സംസ്ഥാനത്തെ നദികള്‍ വേനലാകുന്നതോടെ ഒഴുക്കില്ലാതാകുന്നു എന്നതാണ്. ഈ സാഹചര്യത്തിലാണ് നെയ്യാര്‍ ഡാമില്‍ നിന്നും ജലം തമിഴ്‌നാടിന് നല്‍കുവാന്‍ കേരളത്തോട് അഭ്യര്‍ത്ഥിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. നെയ്യാര്‍ അന്തര്‍സംസ്ഥാന നദിയെന്ന് 1959 ല്‍ നെയ്യാര്‍ ഡാം ഭാഗികമായി കമ്മീഷന്‍ ചെയ്യുന്ന സമയത്തോ തമിഴ്‌നാടുമായി കേരളം 1971 ല്‍ അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ നിര്‍മിച്ച സമയത്തോ തമിഴ്‌നാട് ഉന്നയിച്ചിട്ടില്ല എന്നതുതന്നെ നെയ്യാര്‍ തമിഴ്‌നാട് അന്തര്‍സംസ്ഥാന നദിയാക്കിയത് പിന്നീടാണെന്ന് വളരെ വ്യക്തം. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ജലം നല്‍കുന്നതിന് കേരളം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇത് മുല്ലപ്പെരിയാര്‍, ശിരുവാണി, പറമ്പിക്കുളം ആളിയാര്‍ എന്നീ കരാറുകളില്‍ സുവ്യക്തമാണ്. അന്തര്‍സംസ്ഥാന നദിയല്ലാത്ത ഒരു നദിയെ അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കുകയും കേരളത്തില്‍നിന്നും ജലം വിവിധ നദികളുടെ അണക്കെട്ടുകളില്‍നിന്നും ലഭിക്കുന്നത് തമിഴ്‌നാടിന്റെ അവകാശമാണെന്നും വരുത്തിത്തീര്‍ക്കുന്ന തമിഴ്‌നാടിന്റെ നടപടികളോട് യോജിക്കുക പ്രയാസമാണ്. നെയ്യാര്‍ വെള്ളം തമിഴ്‌നാട് ആഗ്രഹിക്കുന്നത് തെറ്റായ ചില കാര്യങ്ങള്‍ നിരത്തിയാണ്. തമിഴ്‌നാടിന് 152 ടിഎംഎസി ജലം കേരളം നല്‍കണമെന്ന് പറയുന്നത് കേരളത്തില്‍ വന്‍തോതില്‍ മഴ ലഭിക്കുന്നതുകൊണ്ടാണത്രെ! ജലസമ്പന്നമായ കേരള സംസ്ഥാനത്തിന് ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് തമിഴ്‌നാട് പറഞ്ഞുവയ്ക്കുന്നു. 1956 ലെ സംസ്ഥാന പുനര്‍നിര്‍ണയ ആക്ട് സബ്‌സെക്ഷന്‍ (2) സെക്ഷന്‍ 108 പ്രകാരവും കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് താലൂക്ക് കേരളത്തിന്റെ ഭാഗമായിരുന്നെന്നും അതുകൊണ്ട് ഇപ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമായ ഈ പ്രദേശത്തിന് ജലം ലഭിക്കുവാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് പിന്തുണയുമായിട്ടാണ് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. കേരള സര്‍ക്കാര്‍ ഉണ്ടാക്കിയ ഡ്രാഫ്റ്റ് കരാര്‍ പ്രകാരം അഞ്ച് വര്‍ഷത്തേക്ക് ജലം കൊടുക്കുവാന്‍ ഒരുകാലത്ത് കേരള സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ തമിഴ്‌നാട് ഉണ്ടാക്കിയ കരാര്‍ പ്രകാരം നെയ്യാര്‍ അന്തര്‍സംസ്ഥാന നദിയായി കണക്കാക്കി കേരളം ജലം നല്‍കുവാന്‍ തയ്യാറാകണമെന്നും തമിഴ്‌നാടിന്റെ കരാര്‍ 30 വര്‍ഷത്തേക്ക് നടപ്പാക്കി കിട്ടുവാനുമാണ് അവര്‍ പ്രധാമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. നെയ്യാര്‍ ഡാം തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ ചുറ്റുപാടുമുള്ള പ്രദേശത്ത് കുടിവെള്ളവും കൃഷിക്കാവശ്യവുമായ ജലത്തിനുമുള്ള ഏക ആശ്രയമാണ്. സ്വാതന്ത്ര്യാനന്തരം ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി നിര്‍മിച്ചതാണ് നെയ്യാര്‍ നദിയിലെ നെയ്യാര്‍ ഡാം. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ നദിയില്‍ കാട്ടാക്കടയ്ക്കടുത്ത് 106.08 ദശലക്ഷം ചതുരശ്ര മീറ്റര്‍ സംഭരണശേഷിയിലാണ് നെയ്യാര്‍ ഡാം പണിതീര്‍ത്തിരിക്കുന്നത്. ഡാമിന്റെ ഒന്നും രണ്ടും സ്റ്റേജുകള്‍ 1973 ല്‍ പൂര്‍ത്തിയാക്കിയതാണ്. 11740 ഹെക്ടര്‍ പ്രദേശത്തെ കാര്‍ഷിക ആവശ്യത്തിനുള്ള ജലസേചനം നടത്തുവാന്‍ ഈ ഡാമിന് ശേഷിയുണ്ട്. ഇന്ന് കേരളത്തിലെ നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് കുറെക്കാലമായി കുറഞ്ഞുവരികയാണ്. ഇതിനു പ്രധാനകാരണം മഴ പെയ്യുമ്പോള്‍ ജലം മണ്ണിലേയ്ക്ക് അരിച്ചിറങ്ങുവാനുള്ള പ്രകൃത്യാ ഉള്ള സംവിധാനങ്ങള്‍ വികസനപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാനത്തിന് നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. വനമേഖലയിലെ മരങ്ങള്‍ ജലകുടങ്ങളായ കുന്നുകള്‍, മലകള്‍, ചതുപ്പുനിലങ്ങള്‍, കാവുകള്‍, കായലുകള്‍, കോള്‍നിലങ്ങള്‍, പൊക്കാളി പാടങ്ങള്‍, നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെല്ലാം മണ്ണിട്ട് നികത്തിയും മണ്ണെടുത്ത് നശിപ്പിച്ചും നാം ഇല്ലാതാക്കി. അതുകൊണ്ടുതന്നെ മഴക്കാലത്ത് ജലം പുഴകളിലൂടെ കുത്തിയൊലിച്ചുപോകുന്ന സ്ഥിതി വിശേഷമാണ് നമുക്കുള്ളത്. ശാസ്ത്രീയമായ ജലമാനേജ്‌മെന്റ് നമുക്കില്ല. മഴക്കാലത്തെ നദികളിലെ ജലമൊഴുക്കിന്റെ അളവ് കേന്ദ്ര ഏജന്‍സികള്‍ പഠനം നടത്തി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് മിച്ച ജലമുണ്ടെന്ന ധാരണ പരത്തുന്നത്. മഴക്കാലത്തെ ഒഴുക്കിന്റെ ശരാശരി വര്‍ഷത്തേക്ക് കണക്കാക്കുന്നത് തെറ്റാണ്. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ പഠനങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ ജലഗവേഷണ കേന്ദ്രത്തിന് (സിഡബ്ല്യുആര്‍ഡിഎം) ജലത്തിന്റെ പുഴകളിലെ ഒഴുക്ക് പഠിക്കാനായിരുന്നെങ്കില്‍ മുല്ലപ്പെരിയാറില്‍ കേരളം തോല്‍ക്കില്ലായിരുന്നു. ഇനി നെയ്യാറിലാണ് കേരളം പരാജയപ്പെടാന്‍ പോകുന്നത്. ആവശ്യങ്ങള്‍ വികാരപരമായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് കാര്യം നേടുന്നതില്‍ പലപ്പോഴും തമിഴ്‌നാട് വിജയിക്കുന്നത് കേരള സര്‍ക്കാര്‍ അവലംബിക്കുന്ന നിരുത്തരവാദപരമായ സമീപനങ്ങള്‍ മൂലമാണ്. യഥാര്‍ത്ഥ പഠനങ്ങള്‍ ശാസ്ത്രീയമായി ഡാറ്റ വച്ച് സമര്‍ത്ഥിക്കുവാനുള്ള ആത്മാര്‍ത്ഥത നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കില്ലാതെ പോകുന്നത് നെയ്യാറിലെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുള്ള ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കിവിടുന്ന സ്ഥിതിയിലെത്തിയിരിക്കും. നെയ്യാര്‍ ഡാമിലെ ജലം കേരളത്തിന്റെ കുടിവെള്ളം, കാര്‍ഷിക ആവശ്യം, മറ്റ് ജലസേചന ആവശ്യങ്ങള്‍ എന്നിവയ്ക്ക് തികയുന്നില്ലെന്ന വസ്തുത പഠനം നടത്തി യുക്തിഭദ്രമാക്കുന്നതില്‍ കേരളം പരാജയപ്പെടരുത്. മുല്ലപ്പെരിയാറില്‍ ജനങ്ങളെ വിഡ്ഢിവേഷം കെട്ടിച്ചതുപോലെ നെയ്യാറില്‍ സംഭവിക്കരുതേ!    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.