അപകടത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ പിടിയില്‍

Tuesday 27 January 2015 11:52 pm IST

മാന്നാര്‍(ആലപ്പുഴ): അപകടത്തില്‍ പരിക്കേറ്റ് അര്‍ദ്ധ ബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലാക്കാന്‍ കൊണ്ടുപോകവെ ഓട്ടോറിക്ഷയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍. ഒരാള്‍ ഒളിവില്‍. ഡിവൈഎഫ്‌ഐക്കാരനായ എണ്ണയ്ക്കാട് വടക്കുംമുറി രാജേഷ് ഭവനത്തില്‍ ശരത്കുമാര്‍ (25), എസ്എഫ്‌ഐ ചെറിയനാട് എസ്എന്‍ കോളേജ് യൂണിറ്റ് സെക്രട്ടറി ഇലഞ്ഞിമേല്‍ അജിത്ത് ഭവനത്തില്‍ അജിത്ത് (20) എന്നിവരെയാണ് മാന്നാര്‍ എസ്‌ഐ: എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അജിത്ത് എസ്എന്‍ കോളേജ് ബിഎ എക്കണോമിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഡിവൈഎഫ്‌ഐ ഇലഞ്ഞിമേല്‍ യൂണിറ്റ് സെക്രട്ടറി ഇലഞ്ഞിമേല്‍ ചെറുതറയില്‍ വീട്ടില്‍ കിരണ്‍കുമാര്‍ (24) ഒളിവിലാണ്. ഞായറാഴ്ച രാത്രി 7.30ന് എണ്ണയ്ക്കാട് ജങ്ഷന് കിഴക്കാണ് സംഭവം. എണ്ണയ്ക്കാട് ഒരു സ്ഥാപനം നടത്തുന്ന കുട്ടംമ്പേരൂര്‍ സ്വദേശിയുടെ ഭാര്യയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭര്‍ത്താവിനെ സഹായിക്കാന്‍ എണ്ണയ്ക്കാടുള്ള കടയില്‍ യുവതി എത്താറുണ്ട്. സംഭവ ദിവസം വൈകിട്ട് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം കടയില്‍ എത്തിയ ഭര്‍തൃസഹോദരന്‍ യുവതിയെയും ഒപ്പമുണ്ടായിരുന്ന നാലരവയസുള്ള മകനെയും കടയിലെ ജീവനക്കാരിയുടെ വീടിനു മുന്‍പില്‍ ബൈക്കില്‍ എത്തിച്ചു. ഇതിനുശേഷം കട അടയ്ക്കുന്നതിനായി തിരികെ പോന്നു. റോഡ് മറികടക്കവെ യുവതിയെ എണ്ണയ്ക്കാട് ഭാഗത്തുനിന്നും എത്തിയ ബൈക്ക് ഇടിച്ചു. തെറിച്ചു വീണ യുവതി അര്‍ദ്ധബോധാവസ്ഥയിലായി. സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി. ഈ സമയം ഒരു ബൈക്കിലാണ് പ്രതികള്‍ മൂവരും ഇവിടെയെത്തുന്നത്. വിവരം തിരക്കിയശേഷം അതുവഴി വന്ന ഒരു ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കാനായി പ്രതികള്‍ യുവതിയെ കയറ്റി. സമീപമുള്ള പ്രായമായ സ്ത്രീ ഒപ്പം കയറാന്‍ തയ്യാറായെങ്കിലും യുവതിയുടെ മകനെ നോക്കാന്‍ ഏല്‍പ്പിച്ച ശേഷം ഇവര്‍ പരുമലയിലുള്ള ആശുപത്രിയിലേക്ക് തിരിച്ചു. യാത്രാമദ്ധ്യേ ഓട്ടോറിക്ഷയുടെ പിന്നില്‍ വച്ച് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷം പ്രതികള്‍ മടങ്ങി. അപകട വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ബന്ധുക്കളോട് യുവതി വിവരം പറയുകയും ഇവര്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികളെ വീടിനു സമീപത്തുനിന്നും പിടികൂടി. എന്നാല്‍ സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രതികള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇതേത്തുടര്‍ന്ന് ഇന്നലെ സന്ധ്യയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. എസ്‌ഐയ്‌ക്കൊപ്പം എഎസ്‌ഐ: സുബൈര്‍ റാവുത്തര്‍, ഗ്രേഡ് എസ്‌ഐ: സുരേഷ്‌കമാര്‍, സിപിഒ: ജോയിമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.