ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന്് അച്ഛനും രണ്ട് മക്കളും മരിച്ചു

Wednesday 28 January 2015 9:34 pm IST

പാലക്കാട്: പല്ലശ്ശനയില്‍ വീട്ടിലെ സിലിണ്ടറിന് തീപിടിച്ച് അച്ഛനും രണ്ട് പിഞ്ചുകുട്ടികളും മരിച്ചു. പല്ലശന കൂടല്ലൂരിലാണ് നാടിനെ നടുക്കിയ സംഭവം. കൂടല്ലൂര്‍ ഏരിക്കാട് പരേതനായ രാമന്റെ മകന്‍ ബാബു (45), മക്കളായ അബിത(5), അക്ഷയ (2) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയ്ക്കായിരുന്നു സംഭവം. ഭാര്യ പ്രമീള ഇവരുടെ മൂത്തമകന്‍ അജിത്തിനെ കൂട്ടിക്കൊണ്ടുവരാന്‍ തറവാട്ടുവീട്ടില്‍ പോയ സമയത്തായിരുന്നു ദുരന്തം. മൃതദേഹങ്ങള്‍ മൂന്നും കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. ഒറ്റമുറി വീട് ഏകദേശം പൂര്‍ണമായും കത്തിനശിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിട്ടില്ലെന്നാണ് പോലീസും സ്ഥലവാസികളും പറയുന്നത്. വീട് അകത്തു നിന്നും പൂട്ടിയിരുന്നുവെന്നും ഗ്യാസിന്റെ പൈപ്പ് അഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും സ്ഥലവാസികള്‍ പറഞ്ഞു. അപകടമാണോ ആത്മഹത്യയാണോ എന്ന കാര്യം കൂടുതല്‍ പരിശോധനയിലേ വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. പാലക്കാട്- വാളയാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ബാബു. കൊല്ലങ്കോട് പോലീസും ആലത്തൂരില്‍ നിന്നും ചിറ്റൂരില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു വി.ചെന്താമരാക്ഷന്‍ എം.എല്‍.എ, ചിറ്റൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പല്ലശ്ശന ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അജിത്ത്. എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ് മരിച്ച അബിത. മരണകാരണം അന്വേഷിച്ച് വരികയാണെന്നും അപകടത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.