തബലയിലൂടെ വന്നു, നാടകത്തിലൂടെ സിനിമയില്‍

Wednesday 28 January 2015 10:48 pm IST

മാള അരവിന്ദന്റെ മൃതദേഹം പൊതുദര്‍ശനത്തിന് തൃശൂര്‍ റീജണല്‍
തിയ്യറ്ററില്‍ വെച്ചപ്പോള്‍ പൊട്ടിക്കരയുന്ന മകന്‍ മുത്തു

തൃശൂര്‍ : തബലയിലൂടെയെത്തി നാടകത്തിലുടെ സഞ്ചരിച്ച് സിനിമയിലെത്തിയ കലാജീവിതമായിരുന്നു ടി.കെ. അരവിന്ദന്‍ എന്ന മാള അരവിന്ദന്റേത്. സംഗീത അധ്യാപികയായ അമ്മയുടെ സംഗീത പാരമ്പര്യം ഉള്‍കൊണ്ടാണ് തബല വാദനത്തിലേക്ക് കടന്നത്. കൊച്ചിന്‍ മുഹമ്മദ് ഊസ്താദില്‍ നിന്നാണ് തബലയില്‍ ബാല പാഠം പഠിച്ചത്.

പ്രാഥമിക കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉള്‍ക്കൊണ്ട മാള പിന്നിടെല്ലാം സ്വയം ആര്‍ജ്ജിക്കുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ കലാ രംഗത്തേക്ക് വന്ന മാള അരവിന്ദന്‍ യുവജനോത്സവ വേദികളിലും സജീവമായിരുന്നു. നിരവധി തവണ സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹനായ അദ്ദേഹം പിന്നിട് നാടക സമിതികളിലേക്ക് കടന്നു. സ്‌കൂള്‍ പഠനകാലത്ത് ഹാര്‍മോണിയം കലാകാരനായ പരമനുമായുള്ള സൗഹൃദമാണ് നാടകത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.
തുടര്‍ന്ന് ഇരുവരും അമച്ച്വര്‍ നാടകവേദികളില്‍ സ്ഥിരം സാന്നിദ്ധ്യമായി മാറി. നാടകങ്ങള്‍ക്ക് ഒപ്പം ഗാനമേളകളിലുടെ ഉത്സവപ്പറമ്പുകളിലും നിറസാന്നിദ്ധ്യമായി മാറി. അന്നമനട കലാസമിതിയുടെ ഗായകനായ മാധവനുമായുള്ള സൗഹൃദവും കലാജീവിതത്തില്‍ മാള അരവിന്ദനെ ഏറെ സ്വാധീനിച്ചു.തബലയും നാടകവും ഗാനമേളയുമെല്ലാം നിറഞ്ഞ് നില്‍ക്കുന്നത്തിനിടയിലാണ് സിനിമ നടനാകണമെന്ന മോഹം മനസില്‍ ചേക്കേറിയത്.പിന്നെ ഒന്നും ചിന്തിച്ചില്ല, മദ്രാസിലേക്ക് വണ്ടി കയറി.
ജെ.എ.ആര്‍.ആനന്ദ് സംവിധാനം ചെയ്യുന്ന എന്റെ കുഞ്ഞ് എന്ന സിനിമയിലേക്ക് നടീനടന്‍മാരെ ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം കണ്ടതോടെയാണ് മദ്രാസ് യാത്ര വേഗത്തിലാക്കിയത്. ചാലക്കുടിയില്‍ നിന്ന് ആറു രൂപ തീവണ്ടി ചാര്‍ജ്ജ് നല്‍കിയാണ് കരിവണ്ടിയില്‍ അവിടെ എത്തിയത്. മദ്രാസില്‍ ചെന്ന് സുഹൃത്തിനെ കണ്ട് താമസ കാര്യം അറിയിച്ചപ്പോള്‍ മുഖഭാവം പന്തിയല്ലെന്ന് കണ്ട് അവിടെ നിന്ന് എന്റെ കുഞ്ഞിന്റെ ഷുട്ടീംഗ് ലൊക്കേഷനായ വടപളനിയെിലെത്തി. അവിടെ മാളയെ പൊലെ സിനിമ ഭ്രമം തലയ്ക്ക് പിടിച്ച ഒരു പാടുപേരുണ്ടായിരുണ്ടായിരുന്നു. അവരില്‍ ഒരുവനായി അവിടെ താമസിച്ചു.

ഇതിനിടയില്‍ സംവിധായകനെ കണ്ട് തന്റെ മോഹം അറിയിച്ചു. അനശ്വര നടന്‍ സത്യനോടൊപ്പമായിരുന്നു സിനിമയിലെ ആദ്യ സീന്‍. പട്ടി കടിക്കാന്‍ ഓടിക്കുമ്പോള്‍ സത്യന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന സീന്‍.. പിന്നിട് എറെ നാളുകള്‍ക്ക് ശേഷം ഡോ.ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തളിരുകള്‍ എന്ന സിനിമയിലായിരുന്നു വേഷം ലഭിച്ചത്.എന്നാല്‍ ആദ്യം പുറത്തിറങ്ങിയത് സിന്ദൂരം എന്ന ചിത്രമായിരുന്നു ഭ്രാന്തന്റെ വേഷത്തിലായിരുന്നു മാള.

ഇതിലും സംവിധായകന്റെ മനസിണങ്ങുന്നവിധം അഭിനയിച്ച മാള അരവിന്ദന്‍ എന്ന ഹാസ്യ നടന്‍ പിന്നിട് മലയാളക്കരയെ കുടുകുടെ ചിരിപ്പിക്കുന്ന നടനായി മാറി. ഏതൊരു മിമിക്രി കലാകാരനും തന്റെ ശബ്ദാനുകരണത്തിന് തെരഞ്ഞെടുക്കുന്ന നടന്‍മാരില്‍ എന്നും മാള അരവിന്ദനുണ്ടായിരുന്നു. തന്നെ താനാക്കുന്നതില്‍ നാടിനുള്ള പങ്ക് എന്നും ഓര്‍മ്മിക്കാനാണ് ടി.കെ. അരവിന്ദന്‍ എന്ന പേര് മാറ്റി മാള അരവിന്ദന്‍ എന്ന പേര് സ്വീകരിച്ചത്. മലയാളത്തിലെ സത്യന്‍, നസീര്‍, മധു എന്നി പഴയകാല നടന്‍മാര്‍ക്കും പുതിയ കാല നടന്‍മാര്‍ക്കും ഒപ്പം അഭിനയിച്ച അപൂര്‍വ്വം ചില നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മാളയുടെ സ്വന്തം അരവിന്ദന്‍.

ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചപ്പോള്‍ സംഗീതാധ്യാപികയായ അമ്മയുടെ തുച്ഛ വരുമാനത്തിലായിരുന്നു മാള അരവിന്ദന്റെ കുടുംബം കഴിഞ്ഞിരുന്നത്. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് തുടങ്ങുന്നത്. അമ്മ മകനൊരു തബല വാങ്ങികൊടുത്തു. കൊച്ചിന്‍ മുഹമ്മദിന്റെ ശിക്ഷണത്തില്‍ അരവിന്ദന്‍ താളപ്പെരുക്കങ്ങളെ കൈവിരലുകളില്‍ ബന്ധിപ്പിച്ചു. അവിചാരിതമായാണ് നാടകത്തിലേക്കുള്ള പ്രവേശം. തബല വായിക്കുന്നതിനിടയ്ക്കാണ് ഒരു ഹാസ്യതാരം വന്നില്ലെന്ന് അറിഞ്ഞത്.

കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകമായിരുന്നു അത്. നാടക സമിതിക്കാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മാള ഹാസ്യതാരത്തിന്റെ റോളില്‍ അഭിനയിക്കുകയായിരുന്നു. അരമണിക്കൂറു കൊണ്ട് കഥാപാത്രത്തെ മനസിലാക്കി സ്‌റ്റേജില്‍എത്തിയ അദ്ദേഹം ആസ്വാദകരുടെ കയ്യടി വാങ്ങി.ഇതിലൂടെ മലയാളത്തിന് ലഭിച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഹാസ്യ സാമ്രാട്ടിനെയാണ്. കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സായിരുന്നു അടുത്ത തട്ടകം.അന്നമനട കലാസമിതി എന്നിവയില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാര്‍ ആദ്യമായി നാടകത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം മറ്റാര്‍ക്കുമല്ല മാള അരവിന്ദന് തന്നെയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.