178. നിജനിശ്വാസസംഭൂതഭൂതസംഘപരിവൃതാഃ – സര്‍വദേവന്മാരുടെയും തേജസ്സുകള്‍ ഒന്നായിചേര്ന്നവതരിച്ച മഹാദേവിയെ കോടികോടി സംഖ്യയുള്ള മഹിഷാസുരസൈന്യം ആക്രമിച്ചപ്പോള്‍ ദേവിയുടെ നിശ്വാസങ്ങളില്‍നിന്ന് ആയിരക്കണക്കിന് ശക്തി ഗണങ്ങളുണ്ടായത് മുന്‍നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞിരുന്നു. ആ ഗണങ്ങളാല്‍ ചുറ്റപ്പെട്ടവളായി ഈ നാമം ദേവിയെ സ്തുതിക്കുന്നു.
ശ്വാസത്തിന്റെ ഉള്ളിലേയ്ക്കോ പുറത്തേയ്ക്കോ ഉള്ള ഗതിയാണു നിശ്വാസം. ഭൂതം എന്നതിന് ഉണ്ടായത് എന്ന് പദാര്‍ത്ഥം. ശിവന്റെയോ ശിവയുടെയോ ഭൃത്യരെയും ഭൂതങ്ങള്‍ എന്നുപറയും. പരിവൃതാ എന്നതിന് ചുറ്റപ്പെട്ടവള്‍ എന്നര്‍ത്ഥം.
179. ചിക്ഷുരാസുരനിര്മുക്തശസ്ത്രസംഘവിനാശിനീഃ – ചിക്ഷുരന്‍ എന്ന അസുരസേനാനി മോചിപ്പിച്ച ആയുധസമൂഹങ്ങളെ നശിപ്പിച്ചവള്. മഹിഷാസുരന്റെ ഒരു സേനാനായകനാണു ചിക്ഷുരന്‍. ചിക്ഷുരനും സൈന്യവും ദേവിയുടെ നേര്‍ക്കയച്ച ആയുധങ്ങളെ ദേവി അനായാസമായി നശിപ്പിച്ചു.
ദേവീമാഹാത്മ്യം മൂന്നാം അദ്ധ്യായത്തില്‍ തുടക്കത്തിലുള്ള ഒന്‍പതു ശ്ലോകങ്ങളില്‍ ദേവിയും ചിക്ഷുരനുമായുള്ള യുദ്ധം വര്‍ണിച്ചിട്ടുണ്ട്. ചിക്ഷുരനെ മഹിഷാസുരന്റെ എല്ലാ സേനാനികളുടെയും പ്രതീകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ സേനാനായകരെയും ദേവി നശിപ്പിച്ച വിവരം ഈ സ്തോത്രത്തിലില്ല.
ചിക്ഷുരന്റെ ആയുധം നശിപ്പിച്ച കാര്യമേ പറയുന്നുള്ളൂ. ചിക്ഷുരന്റെ സൈന്യന്റെ നാശവും വിവരിക്കുന്നില്ല. മഹിഷാസുര സൈന്യത്തിലെ രണ്ടുമൂന്നുപേരുടെ പേരേ എടുത്തുപറഞ്ഞിട്ടുള്ളൂ.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: