തൃതീയാദ്ധ്യായം; ഭക്തിപീഡാനിവര്‍ത്തനം

Thursday 29 January 2015 9:23 pm IST

നാരദഉവാച ജ്ഞാനയജ്ഞംകരിഷ്യാമിശുകശാസ്ത്രകഥോജ്ജ്വലം ഭക്തിജ്ഞാനവിരാഗാണാംസ്ഥാപനാര്‍ത്ഥം പ്രയത്‌നതഃ കുത്ര കാര്യോമയായജ്ഞഃസ്ഥലംതദ്വാച്യതാമിഹ മഹിമാശുകശാസ്ത്രസ്യവക്തവ്യോവേദപാരഗൈഃ കിയദ്ഭിര്‍ദിവസൈഃ ശ്രാവ്യാ ശ്രീമദ്ഭാഗവതീകഥാ കോവിധിസ്തത്ര കര്‍ത്തവ്യോമമേദം ബ്രൂവതാമിതേഃ നാരദന്‍ പറഞ്ഞു: ഭക്തിജ്ഞാനവൈരാഗ്യങ്ങളെ നിലനിര്‍ത്താനായി ഞാന്‍ ശുഷ്‌കാന്തിയോടെ ശുകശാസ്ത്ര കഥകൊണ്ട് ജ്ഞാനയജ്ഞം ചെയ്യുന്നതാണ്. പക്ഷേ എവിടെയാണ് യജ്ഞം ചെയ്യേണ്ടത്? സ്ഥലം പറഞ്ഞുതന്നാല്‍കൊള്ളാം. ശുകശാസ്ത്രമായ ഭാഗവതത്തിന്റെ മഹിമയും ഭവാന്മാര്‍ അരുളിചെയ്യണം. ഭാഗവതം എത്ര നാളുകള്‍കൊണ്ട്‌വായിച്ചു കേള്‍ക്കണം? ജ്ഞാനയജ്ഞ വിശാരദന്മാരായ ഹേ സനകാദികളേ, ഭാഗവത ശ്രവണവിധി എങ്ങനെയാണ്? കുമാരാഊചൂ ശൃണു നാരദവക്ഷ്യാമോവിനമ്രായവിവേകിനേ   ഗംഗാദ്വാരസമീപേ തു തടമാനന്ദനാമകം     നാനാഋഷിഗണൈര്‍ജ്ജുഷ്ടം ദേവസിദ്ധനിഷേവിതം നാനാതരുലതാകീര്‍ണ്ണം നവകോമളവാലുകം     രമ്യമേകാന്തദേശസ്ഥംഹേമപദ്മസുസൗരഭം യത്സമീപസ്ഥ ജീവാനാം വൈരംചേതസി ന സ്ഥിതം ജ്ഞാനയജ്ഞസ്ത്വയാ തത്ര കര്‍ത്തവ്യോഹ്യപ്രയത്‌നതഃ അപൂര്‍വ്വരസരൂപാ ച കഥാ തത്ര ഭവിഷ്യതി     പുരഃസ്ഥം നിര്‍ബ്ബലംചൈവജരാജീര്‍ണ്ണകളേബരം തദ്ദ്വയംച പുരസ്‌കൃത്യ ഭക്തിസ്തത്രാഗമിഷ്യതി     യത്ര ഭാഗവതീവാര്‍ത്താ തത്ര ഭക്ത്യാദികം വ്രജേത് കഥാശബ്ദംസമാകര്‍ണ്യതത്ത്രികംതരുണായതേ     കുമാരന്മാര്‍ പറഞ്ഞു: നാരദാ, കേള്‍ക്കുക, വിനയവുംവിവേകവുമുള്ള ഭവാന് അതു ഞങ്ങള്‍ പറഞ്ഞുതരാം. ഗംഗാദ്വാരത്തിനടുക്കല്‍ കാമോദപുരത്ത ്മന്ദാകിനിയുടെ ഉത്തരതീരത്തില്‍ ആനന്ദം എന്ന ഒരു പുണ്യസ്ഥലമുണ്ട്. ഋഷിഗണങ്ങളാലും ദേവന്മാരാലും സിദ്ധന്മാരാലും സംസേവിതവും വിവധ വൃക്ഷലതാദികള്‍ നിറഞ്ഞതും മൃദുലമായ പുതുമണലോടുകൂടിയതും രമ്യവും വിജനവും സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന താമരപ്പൂക്കളാല്‍ പ്രശോഭിക്കുന്നതുമാണ് ആ സ്ഥലം. അവിടെയുള്ള ജീവികള്‍ സ്ഥലപ്രഭാവത്താല്‍  വൈരം വെടിഞ്ഞ് അന്യോന്യം സ്‌നേഹത്തോടെ കഴിയുന്നു. അങ്ങയുടെ ജ്ഞാനയജ്ഞത്തിനു യോജിച്ച അവിടെയജ്ഞം നിഷ്പ്രയാസം നടത്താം. അപൂര്‍വ്വ രസവത്തായ കഥാലാപത്തിന് തികച്ചും ഉചിതമായ അവിടെ ജരയാല്‍ജീര്‍ണ്ണിതരായി ദുര്‍ബ്ബലരായികിടക്കുന്ന പുത്രന്മാരേയുംകൊണ്ട് ഭക്തി വന്നെത്തിക്കൊള്ളും. ഭഗവല്‍ കഥയെവിടെയുണ്ടോ അവിടെ ഭക്തിജ്ഞാനവൈരാഗ്യങ്ങള്‍ ഓടിയെത്തുമെന്നറിയുക. ഭാഗവതകഥാ ശബ്ദംകേട്ടാല്‍ അവര്‍ മൂവര്‍ക്കും യൗവ്വനം തിരിച്ചു കിട്ടും. സൂതഉവാച ഏവമുക്ത്വാകുമാരാസ്‌തേ നാരദേന സമംതതഃ ഗംഗാതടംസമാജഗ്മുഃകഥാപാനായസത്വരാഃ     യദായാതാസ്തടംതേതുതദാകോലാഹലോപ്യഭൂത് ഭൂര്‍ല്ലോകേദേവലോകേ ച ബ്രഹ്മലോകേതഥൈവ ച     ശ്രീഭാഗവതപീയൂഷപാനായ രസലമ്പടാഃ ധാവന്തോപ്യാളയയുഃസര്‍വേ പ്രഥമം യേ ച വൈഷ്ണവാഃ     ഇപ്രകാരം പറഞ്ഞ് സനകാദികള്‍ നാരദനോടൊന്നിച്ച് കഥാപാനം നടത്താനായി ഗംഗാതീരത്തേയ്ക്ക് വെമ്പലോടെ നടകൊണ്ടു. അവര്‍ ഗംഗാതടത്തിലെത്തിയപ്പോഴേക്കും ഭൂലോകത്തും, സ്വര്‍ഗ്ഗലോകത്തും, ബ്രഹ്മലോകത്തും കോലാഹലമായി. ശ്രീമദ്ഭാഗവതമാകുന്ന അമൃതു നുകരാനായി കൊതിയോടെ ആദ്യംതന്നെ വൈഷ്ണവരെല്ലാവരും പാഞ്ഞ്എത്തിച്ചേര്‍ന്നു. ഭൃഗുര്‍വസിഷ്ഠശ്ച്യവനശ്ച ഗൗതമോ മേധാതിഥിര്‍ദ്ദേവലദേവരാതൗ രാമസ്തഥാഗാധിസുതശ്ചശാകലോ     മൃകുണ്ഡുപുത്രാത്രിജപിപ്പലാദാഃ     യോഗേശ്വരൗവ്യാസപരാശരൗ ച ഛായാശുകോജാജലി ജഹ്‌നുമുഖ്യാഃ സര്‍വേളപ്യമീമുനിഗണാഃ സഹപുത്ര ശിഷ്യാഃ     സ്വസ്ത്രീഭിരായയുരതിപ്രണയേന യുക്താഃ     ഭൃഗു, വസിഷ്ഠന്‍, ച്യവനന്‍, ഗൗതമന്‍, മേധാതിഥി, ദേവലന്‍, ദേവരാതന്‍, പരശുരാമന്‍, വിശ്വാമിത്രന്‍, ശാകലന്‍, മാര്‍ക്കണ്‌ഡേയന്‍, ആത്രേയന്‍, പിപ്പലാദന്‍, യോഗേശ്വരരായ വ്യാസന്‍, പിതാവായ പരാശരന്‍, ശുകന്‍, ജാജലി, ജഹ്‌നു തുടങ്ങിയ മഹര്‍ഷിമാരെല്ലാവരും അവരുടെ പുത്രമിത്രകളത്രാദികളോടും ശിഷ്യരോടും കൂടി അതീവതാല്പര്യത്തോടെ അവിടെ എത്തിച്ചേര്‍ന്നു. വേദാന്താനി ച വേദാശ്ച മന്ത്രാസ്തന്ത്രാഃ സമൂര്‍ത്തയഃ ദശസപ്തപുരാണാനി ഷട്ശാസ്ത്രാണിതഥാളളയയുഃ ഗംഗാദ്യാഃസരിതസ്തത്ര പുഷ്‌ക്കരാദിസരാംസി ച ക്ഷേത്രാണി ച ദിശഃസര്‍വാദണ്ഡകാദി വനാനി ച നാഗാദയോയയുസ്തത്ര ദേവഗന്ധര്‍വ്വദാനവാഃ ഗുരുത്വാത്തത്രനായാതാന്‍ ഭൃഗുഃസംബോധ്യ ചാനയത് ദീക്ഷിതാ നാരദേനാഥ ദത്തമാനസമുത്തമം കുമാരാവന്ദിതാഃസര്‍വ്വൈര്‍ന്നിഷേദുഃകൃഷ്ണതത്പരാഃ വൈഷ്ണവാശ്ചവിരക്താശ്ച ന്യാസിനോ ബ്രഹ്മചാരിണഃ മുഖഭാഗേസ്ഥിതാസ്‌തേ ച തദഗ്രേ നാരദഃസ്ഥിതഃ ഏകഭാഗേഋഷിഗണാസ്തദന്യത്ര ദിവൗകസഃ വേദോപനിഷദോളന്യത്ര തീര്‍ത്ഥാന്യത്രസ്ത്രിയോളന്യതഃ ജയശബ്‌ദോ നമഃശബ്ദഃശംഖശബ്ദസ്തഥൈവ ച ചൂര്‍ണ്ണലാജാപ്രസൂനാനാം നിക്ഷേപഃ സുമഹാനഭൂത് വിമാനാനി സമാരുഹ്യകിയന്തോദേവനായകാഃ കല്പവൃക്ഷപ്രസൂനൈസ്താന്‍ സര്‍വ്വാംസ്തത്ര സമാകിരന്‍ വേദങ്ങള്‍, വേദാന്തങ്ങള്‍, മന്ത്രങ്ങള്‍, തന്ത്രങ്ങള്‍, പതിനേഴു പുരാണങ്ങള്‍ (പതിനെട്ടില്‍ ഒന്ന് ഭാഗവതമാണല്ലോ), ആറുശാസ്ത്രങ്ങള്‍ എന്നിവയും മൂര്‍ത്തീഭാവം കൈക്കൊണ്ടു വന്നുചേര്‍ന്നു. ഗംഗാദികളായ നദികള്‍, പുഷ്‌കരാദികളായ തീര്‍ത്ഥങ്ങള്‍, ക്ഷേത്രങ്ങള്‍, ദിക്കുകള്‍, ദണ്ഡകാരണ്യം തുടങ്ങിയ വനങ്ങള്‍ എന്നിവയും എത്തിച്ചേര്‍ന്നു. ദേവഗന്ധര്‍വ്വകിന്നരനാഗങ്ങളും എത്തിച്ചേര്‍ന്നു. വരാതിരുന്നവരെ ഭൃഗുമഹര്‍ഷി വിവരമറിയിച്ചു വരുത്തി. നാരദന്‍ ഭിക്ഷ കൈക്കൊണ്ട് എല്ലാവരാലും വന്ദിക്കപ്പെടുന്ന സനകാദികള്‍ക്കു ശ്രേഷ്ഠമായ ഇരിപ്പിടം നല്‍കി. വിഷ്ണുഭക്തരായ കുമാരന്മാര്‍ ഉപവിഷ്ടരായി.  വൈഷ്ണവരും, വിരക്തരും, ബ്രഹ്മചാരികളും, സന്ന്യാസികളും മുന്‍ഭാഗത്ത് സ്ഥിതിചെയ്തു.  അവര്‍ക്ക് അഭിമുഖമായി നാരദമഹര്‍ഷിയും ഇരുന്നു. ഒരു ഭാഗത്ത് ഋഷിമാര്‍, ഒരുവശത്തു ദേവകള്‍ ഒരിടത്ത് വേദോപനിഷത്തുകള്‍, ഒരിടത്തു തീര്‍ത്ഥങ്ങള്‍. ഇനിയുമൊരിടത്ത് സ്ത്രീജനങ്ങള്‍. ജയഘോഷങ്ങളും നമഃ ശബ്ദവും ശംഖനാദവും അവിടെമുഴങ്ങി. പൊരി, അവില്‍, പൂവ് തുടങ്ങിയ പൂജാവസ്തുക്കള്‍ കുന്നുകള്‍ പോലെകൂട്ടിയിടപ്പെട്ടു. ചിലദേവനായകന്മാര്‍ വിമാനങ്ങളിലിരുന്ന് അവിടെ കല്പവൃക്ഷ കുസുമങ്ങള്‍(പാരിജാതം, മന്ദാരം തുടങ്ങിയവ) വര്‍ഷിച്ചു. ...തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.