കുറിച്ചിത്താനത്ത് മൂന്നിടത്ത് അനധികൃത നിലംനികത്തല്‍

Thursday 29 January 2015 10:58 pm IST

  കുറവിലങ്ങാട്: മീനച്ചില്‍ താലൂക്കില്‍ കുറിച്ചിത്താനം വില്ലേജ് പരിധിയില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ മൂന്നിടത്ത് ഒരേ സമയം അനധികൃത നിലംനികത്തല്‍. ചെത്തിമറ്റം-പെരുന്താനം-പൂവത്തുങ്കല്‍ റോഡിന്റെയും, കിടങ്ങൂര്‍-അങ്കമാലി കെ.ആര്‍ നാരായണന്‍ സ്മാരകഹൈവേ റോഡിന്റെ വശത്തും, കുറിച്ചിത്താനം-പൂവത്തുങ്കല്‍ റോഡിന്റെ വശങ്ങളിലുളള നെല്‍വയലുകളാണ് വ്യാപകമായി നികത്തുവാന്‍ ഭൂമാഫിയ ശ്രമിക്കുന്നത്. പോലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് നെല്‍വയല്‍ നികത്തുന്നതെന്ന് സ്ഥല ഉടമകളുടെ പരസ്യപ്രഖ്യാപനത്തെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പോലീസ്-റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലങ്ങളില്‍ എത്തിയിരുന്നു. ഇതില്‍ ചെത്തിമററം-പെരുന്താനം-പൂവത്തുങ്കല്‍ റോഡിന്റെ അരികിലെ നെല്‍വയല്‍ നികത്തിയ സ്ഥല ഉടമയ്ക്ക് നിയമനടപടികളുടെ ഭാഗമായി കുറിച്ചിത്താനം വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. ഉന്നതരാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് വീട് നിര്‍മ്മാണം പൂര്‍ത്തികരിച്ചതിന് ശേഷം ഇട്ടമണ്ണ് നീക്കം ചെയ്തുകൊളളാമെന്ന വ്യവസ്ഥയില്‍ കരാര്‍ ഉടമ്പടി ഉണ്ടായിരുന്നു. ഇപ്പോള്‍ ഇട്ട മണ്ണ് ഭൂവിനിയോഗ നിയമത്തിന് വിരുദ്ധമാണെന്നും റവന്യൂ അധികൃത പറഞ്ഞു. ബുധനാഴ്ചയും, വ്യാഴാഴ്ചയും പുലര്‍ച്ചമുതല്‍ പ്രദേശത്ത് വ്യാപകമായി നെല്‍വയല്‍ നികത്തുന്നതിനെതിരെ പോലീസ് റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടികള്‍ വൈകിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.