കുരുമുളക് വിലയിലെ ചാഞ്ചാട്ടം; നെഞ്ചിടിപ്പോടെ കര്‍ഷകര്‍

Friday 30 January 2015 1:33 am IST

കട്ടപ്പന: കുരുമുളക് വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം കര്‍ഷകരുടെ പ്രതീക്ഷയില്‍ വിള്ളല്‍ വീഴ്ത്തുന്നു. കുരുമുളക് ചെടികള്‍ക്ക് രോഗബാധയും കൂടി പിടിപെട്ടതോടെ കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലായി. ഒരുമാസം മുന്‍പ് ഒരുകിലോ കുരുമുളകിന് 740  രൂപ വിലയുണ്ടായിരുന്നു. വിളവെടുപ്പ് ആരംഭിച്ചപ്പോഴേയ്ക്കും കുരുമുളകിന് പെട്ടന്ന് വില താഴ്ന്ന്  610ല്‍ എത്തി. 740 എന്ന മോഹവിലകണ്ട് കൂലിക്ക് തൊഴിലാളികളെ നിര്‍ത്തി കുരുമുളക് ശേഖരിച്ചെങ്കിലും കിലോയ്ക്ക് നൂറ് രൂപയോളം വിലയിടിയുകയായിരുന്നു. പലകര്‍ഷകര്‍ക്കും പണിക്കൂലി കഴിഞ്ഞ് കാര്യമായ വരുമാനം ഇല്ലാതായി. 6000 ടണ്‍ കുരുമുളക് വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന കാരണത്താല്‍ തടഞ്ഞുവെക്കുകയും പിന്നീട് കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ വിഷാംശം ഇല്ലെന്ന് തെളിയുകയുംചെയ്തു. ഇതേത്തുടര്‍ന്ന് പിടിച്ചുവെച്ച കുരുമുളക് വിപണിയിലേക്ക് വ്യാപകമായി ഇറങ്ങിയപ്പോള്‍് വില 550ല്‍ എത്തി. ചെടികള്‍ക്കുണ്ടാകുന്ന ദ്രുതവാട്ടമാണ് കര്‍ഷകരെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്. രോഗം ബാധിച്ച കുരുമുളക് ചെടികള്‍ കരിഞ്ഞുണങ്ങി ഇലകളും വള്ളികളും കൊഴിഞ്ഞുപോകുന്നു. ഒരു ചെടിക്ക് രോഗബാധയേറ്റാല്‍ മറ്റ് ചെടികളിലേക്ക് വ്യാപിക്കുകയും ഇത് കുരുമുളക് ചെടികളുടെ നാശത്തിന് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ദല്‍ഹി, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുരുമുളകിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ആയിരം രൂപ വിലയെത്തിയാല്‍ കഷ്ടിച്ച് പിടിച്ചുനില്‍ക്കാമായിരുന്നുവെന്നാണ് ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.