കൃഷ്ണപിള്ള കേസ് : കണ്ണര്‍കാട് പൗരസമിതി കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി

Friday 30 January 2015 8:10 pm IST

പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണര്‍കാട് പൗരസമിതി നടത്തിയ കളക്‌ട്രേറ്റ് മാര്‍ച്ച്‌

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മ കണ്ണര്‍കാട് പൗരസമിതി കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.

സ്മാരകം സ്ഥിതി ചെയ്യുന്ന കണ്ണര്‍കാട് പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സിപിഎം പ്രവര്‍ത്തകരും അനുകൂലികളുമായിരുന്നു ഇവരില്‍ ബഹുഭൂരിപക്ഷവും. ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എം. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു.പൗരസമിതി കണ്‍വീനര്‍ ബി. വിജീഷ്, ജോയിന്റ് കണ്‍വീനര്‍ ഡി. അനില്‍കുമാര്‍, സുനീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുറ്റക്കാരാണെന്ന് മുദ്രകുത്തി സിപിഎം പുറത്താക്കിയ രണ്ടു മുതല്‍ അഞ്ചുവരെ പ്രതികളായ കണ്ണര്‍കാട് മുന്‍ലോക്കല്‍ സെക്രട്ടറി പി. സാബു, ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവര്‍ നിരപരാധികളാണെന്നു പ്രഖ്യാപിച്ചും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൗരസമിതിയുടെ സമരം.

പക്ഷേ ഒന്നാംപ്രതിയും വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ ലതീഷ് ബി.ചന്ദ്രനെ പൗരസമിതി പിന്തുണയ്ക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്ന് സിപിഎം നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ക്രൈംബ്രാഞ്ച് അഞ്ച് പ്രതികളുടെ പേര് വിവരമടങ്ങിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ണമായും നിലച്ചു. പിടിയിലായ അഞ്ചു പ്രതികളില്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കമാണുള്ളത്.

ഭരണ-പ്രതിപക്ഷങ്ങള്‍ ആസൂത്രിതമായി അന്വേഷണം അട്ടിമറിച്ച് ഉന്നത സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന സാഹചര്യത്തിലാണ് പ്രതികളും പാര്‍ട്ടി പ്രവര്‍ത്തകരും കണ്ണര്‍കാട് നിവാസികളും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയെന്ന നിലയില്‍ കൃഷ്ണപിള്ള വിഷയം ആലപ്പുഴയില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകുന്നത് സിപിഎമ്മിന് തലവേദനയായി മാറിയിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.