മാലിന്യമുക്ത ഗെയിംസിന് ഹരിത സേന

Friday 30 January 2015 10:26 pm IST

തിരുവനന്തപുരം: ദേശീയ ഗെയിംസിനെ പൂര്‍ണ്ണമായും മാലിന്യമുക്തമാക്കാന്‍ ഹരിതസേന (ഗ്രീന്‍ പ്രോട്ടോക്കോള്‍ സംഘം). ഏഴു ജില്ലകളിലെ 29 വേദികളെയും മാലിന്യരഹിതമാക്കുകയും മാലിന്യങ്ങളെ സംസ്‌കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍പ്രോട്ടോക്കോള്‍ കമ്മറ്റിയുടെ നേതൃത്വത്തിലെ സംഘം ഗെയിംസിന്റെ ഭാഗമാകുന്നത്. മത്സരവേദികളിലും ഗെയിംസ് വില്ലേജിലും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസറും ശുചിത്വമിഷന്‍ ഡയറക്ടറുമായ ഡോ.എസ്. വാസുകി അറിയിച്ചു. മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വിവരിച്ചുകൊണ്ടുള്ള ഒരു കാര്‍ഡ് അത്‌ലറ്റുകളും ടീം ഒഫീഷ്യലുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യും. ശുചീകരണത്തെക്കുറിച്ച് ഏവരെയും ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ഗെയിംസ് വില്ലേജിലെ ഓരോ വീടുകളിലും പോസ്റ്ററുകള്‍ പതിക്കും. മണ്ണില്‍ അലിഞ്ഞു ചേരുന്നതും ചേരാത്തതുമായ മാലിന്യങ്ങള്‍, സാനിട്ടറി മാലിന്യങ്ങള്‍ എന്നിവ നിക്ഷേപിക്കുന്നതിനായി മുളകൊണ്ടുണ്ടാക്കിയ വീപ്പകള്‍ (പനമ്പ്) സ്ഥാപിച്ചിട്ടുണ്ട്. അത്‌ലറ്റുകളും ഒഫീഷ്യലുകളും പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ വില്ലേജിലും വേദികളിലും കൊണ്ടുവരുന്നത് ഒഴിവാക്കണം. ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഓരോ അത്‌ലറ്റിനും സ്റ്റെയിന്‍ലെസ് വാട്ടര്‍ ബോട്ടിലുകള്‍ നല്‍കും. വെള്ളം ശേഖരിക്കുന്നതിന് പ്രത്യേകം സംവിധാനമൊരുക്കും. ഡിസ്‌പോസിബിള്‍ വസ്തുക്കളും മാലിന്യങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് അത്‌ലറ്റുകള്‍ക്ക് ഭക്ഷണമെത്തിക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. വീണ്ടും ഉപയോഗിക്കാവുന്നതും മാലിന്യം ഉണ്ടാക്കാത്തതുമായ തരത്തിലുള്ള പാത്രങ്ങളിലാവും അത്‌ലറ്റുകള്‍ക്ക് ഭക്ഷണം നല്‍കുക. ഗെയിംസ് നടക്കുന്ന ഓരോ വേദിയെയും ഗ്രീന്‍ സോണായി പ്രഖ്യാപിച്ചു. ഗ്രീന്‍സോണ്‍ എന്ന് ആലേഖനം ചെയ്ത തുണികൊണ്ടുള്ള നാടകള്‍ ഹാന്റ്‌ലൂമിന്റെ സഹകരണത്തോടെ വേദികളില്‍ സ്ഥാപിച്ച് പ്രദേശത്തെ ഹരിത മേഖലയായി തിരിച്ചിട്ടുണ്ട്. ഈ ഗ്രീന്‍ സോണുകളില്‍ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ എത്തിക്കുന്നത് കര്‍ശനമായി തുടരും. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഓരോ വേദികളിലും വിന്യസിക്കപ്പെടുന്ന വോളന്റിയര്‍മാര്‍ ഇത്തരം വസ്തുക്കള്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ മത്സര വേദികളിലേക്ക് കൊണ്ടു വന്നാല്‍ 10 രൂപ ഡെപ്പോസിറ്റ് ചെയ്യേണ്ടിവരും. മാലിന്യമുക്ത സന്ദേശം നല്‍കുന്ന ഹാന്റ്‌ലൂമിന്റെ സ്റ്റിക്കറുകള്‍ ബാഗുകളിലും സഞ്ചികളിലും ഒട്ടിക്കും. ഡിസ്‌പോസിബിള്‍ സാധനം തിരികെ കൊണ്ടുവന്നാല്‍ 10 രൂപ തിരികെ നല്‍കും. 2 രൂപ നിരക്കില്‍ 300 എംഎല്‍ വെള്ളം ശുചിത്വമിഷന്‍ വോളന്റിയര്‍മാര്‍ എല്ലാ വേദികളിലും സ്റ്റീല്‍ ഗ്ലാസില്‍ വിതരണം ചെയ്യും. ഒരു ലിറ്ററിന് 5 രൂപ നിരക്കില്‍ ജലസംഭരണികളില്‍ നിന്നും വെള്ളം ശേഖരിക്കാം. അത്‌ലറ്റുകളുടെയും കാണികളുടെയും പക്കലുള്ള മാലിന്യങ്ങള്‍ വോളന്റിയര്‍മാര്‍ വന്ന് ശേഖരിക്കുന്നത് വരെ കയ്യില്‍ കരുതണം. മുത്തൂറ്റ് ഗ്രൂപ്പ്, എസ്എഫ്എസ് ഗ്രൂപ്പുകളുടെ സഹകരണത്തോടെ 30 കമ്പോസ്റ്റിംഗ് വെസ്സലുകള്‍ ഗെയിംസ് വില്ലേജില്‍ സ്ഥാപിച്ചിട്ടുണ്ട്. മണ്ണില്‍ അലിഞ്ഞുചേരുന്ന മാലിന്യങ്ങള്‍ ഈ വെസ്സലുകളില്‍ നിക്ഷേപിക്കാം. പുനര്‍ ചംക്രമണ, പുനരുപയോഗ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പ്രത്യേക സ്ഥലവും കണ്ടെത്തിക്കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.