ഒരു കോടി തട്ടിയെടുത്ത ജീവനക്കാരന്‍ പിടിയില്‍

Friday 30 January 2015 10:37 pm IST

പള്ളുരുത്തി: സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനത്തില്‍ കണക്കില്‍ തിരിമറി നടത്തി ഒരു കോടിയില്‍ അധികം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതിയെ പള്ളുരുത്തി പോലീസ് അറസ്റ്റുചെയ്തു. ഇടക്കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അക്വാ സീഫുഡ് എന്ന സ്ഥാപനത്തില്‍ പര്‍ച്ചേസിങ് ആന്റ് ഫാക്ടറി മാനേജരായി പ്രവര്‍ത്തിച്ചിരുന്ന നിലമ്പൂര്‍ വാണിയമ്പലം പുലത്തുപുളിക്കോട്ടില്‍ വീട്ടില്‍ അബ്ദുള്‍ നാസര്‍ (39) ആണ് പിടിയിലായത്. 2013 ജൂണ്‍ മുതല്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് ഇയാള്‍ കണക്കുകളില്‍ കൃത്രിമം നടത്തിയിരിന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 12 ന് മറ്റൊരു ജീവനക്കാരിയുടെ സഹായത്തോടെ സ്ഥാപനത്തില്‍ കടന്ന പ്രതി നാലരലക്ഷം രൂപയും ഇവിടെ സൂക്ഷിച്ചിരുന്ന ബില്‍ബുക്കുകളും എടുത്തുകൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. പിന്നീട് ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്ക് വന്നിരുന്നില്ല. സംശയം തോന്നിയതിനെത്തുടര്‍ന്ന് സ്ഥാപന ഉടമ മട്ടാഞ്ചേരി സ്വദേശിയായ അബ്ദുള്‍ സിയാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് സിയാദ് ഒക്‌ടോബര്‍ 22 ന് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് പ്രതി ഒളിവില്‍ പോവുകയായിരുന്നു. സ്വകാര്യ ആവശ്യത്തിന് ചക്കനാട്ട് ക്ഷേത്രത്തിന് സമീപത്ത് എത്തുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് മട്ടാഞ്ചേരി അസി. പോലീസ് കമ്മീഷണര്‍ ജി. വേണു, പള്ളുരുത്തി സിഐ വി. ജി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ സഹായിച്ചവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തശേഷം കോടതിയില്‍ ഹാജരാക്കി. പള്ളുരുത്തി എസ്‌ഐ കെ. എസ്. ജയന്‍, സിപിഒമാരായ സമദ്, സൈജു എന്നിവരും പ്രതിയെ അറസ്റ്റ്‌ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.