ഭാരതത്തിലെത്തി ഇനി കളി കാണാം

Saturday 31 January 2015 3:00 pm IST

വീണ്ടും ഭാരതം കേരളത്തിലേക്കെത്തുന്നു; ഇരുപത്തെട്ടു വര്‍ഷത്തിനു ശേഷം. വിസിലുകളുടെ മുഴക്കം ഇന്നു മുതല്‍ കേള്‍ക്കാം, മത്സരങ്ങളിലെ കുതിപ്പുകള്‍ ഇന്നു മുതല്‍ കാണാം. കേരളം കാത്തിരിക്കുകയായിരുന്നു, ഇങ്ങനെയൊരു അവസരത്തിന്, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്കു മുന്നില്‍ കേരളത്തിന്റെ ആതിഥ്യമര്യാദ പ്രകടിപ്പിക്കാന്‍. ഭാരതത്തെ കേരള സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാന്‍, ആഘോഷിക്കാന്‍. മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസാണ് ഇന്നു തുടങ്ങുന്നത്. ഗെയിംസിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്. 1987-ല്‍  27-ാം ദേശീയ ഗെയിംസായിരുന്നു ഇതിനു മുമ്പു നടന്നത്. അതിനു ശേഷം ഗെയിംസ് ഏറെ വളര്‍ന്നു, കേരളവും. അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കാലതാമസം വേണ്ടിവന്നതിനാലാണ് ഗെയിംസ് ഇത്രയും വൈകിയത്. അല്ലെങ്കില്‍ നാലുവര്‍ഷം മുമ്പെങ്കിലും രണ്ടാം വട്ടം കേരളത്തില്‍ ഗെയിംസ് നടന്നേനെ. സാങ്കേതികമായി പറഞ്ഞാല്‍, കേരളത്തിന്റെ കായിക പരിശീലനത്തിന്റെ കേന്ദ്ര ആസ്ഥാനം തലസ്ഥാന ജില്ലയിലെ കാര്യവട്ടമാണ്. അവിടെ പുതുതായി നിര്‍മ്മിച്ച ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന്റെ ഉദ്ഘാടനം ഇന്നലെ നടന്നത്. ഫെബ്രുവരി 14ന് സമാപന ചടങ്ങുകളും അവിടെത്തന്നെ. അവിടെ തുടങ്ങി, തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ഏഴു ജില്ലകളിലെ 29 വേദികളില്‍ 33 ഇനങ്ങളിലാണ് മത്സരങ്ങള്‍. ജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ കരുത്തും കഴിവും പ്രകടിപ്പിക്കാനെത്തിയിട്ടുണ്ട്. മത്സരം മാത്രമല്ല, അതിനപ്പുറം ആഘോഷമാണ് കായിക താരങ്ങള്‍ക്ക്. ആഴ്ചകള്‍ക്ക് മുമ്പേ എത്തിയ താരങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആസ്വദിക്കുന്നുമുണ്ട്. പലര്‍ക്കും മത്സരത്തിനുമപ്പുറം ഇതൊരു കായികോത്സവമാണെന്ന് മനസിലായിക്കഴിഞ്ഞു. പക്ഷേ, പുറത്ത് കേരളം ഈ സന്തോഷമെല്ലാം പ്രകടിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യുമ്പോള്‍ ഉള്ളില്‍ കാര്യങ്ങള്‍ ഭദ്രമല്ല. ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ ഒരുവശത്ത്. ടീം സെലക്ഷനെ ചൊല്ലിയുള്ള വിവാദങ്ങള്‍കൊണ്ട് കായിക താരങ്ങള്‍ പോലും വ്യത്യസ്ത ചേരികളില്‍. അതിനു പുറമേ, സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനത്തു നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി, ഇങ്ങനെ എല്ലാം ചേര്‍ന്ന് ഉള്ളം പുകഞ്ഞു നില്‍ക്കുകയാണ് ഗെയിംസിന്റെ നടത്തിപ്പു വിഭാഗം. ഇതൊക്കെയാണെങ്കിലും ഇത്തവണത്തെ ദേശീയ ഗെയിംസ് കേരളത്തിന്റെ മുഖഛായ മാറ്റുമെന്നതില്‍ തര്‍ക്കമില്ല. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള കായികതാരങ്ങള്‍ക്ക് പുറമെ സര്‍വ്വീസസ് ടീമും ഗെയിംസില്‍ കരുത്തുകാണിക്കാനെത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ഗെയിംസിലെയും ചാമ്പ്യന്മാരാണ് സര്‍വ്വീസസ് ടീം. പതിനായിരത്തിലേറെ കായികതാരങ്ങളാണ് രണ്ടാഴ്ചത്തെ കായിക മഹോത്സവത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയിട്ടുള്ളത്. ചരിത്രവഴിയില്‍ പോയാല്‍ നാഷണല്‍ ഗെയിംസിന് അവ്യവസ്ഥയുടെ കഥയേ പറയാനുള്ളുവെന്നു തോന്നും. ഒളിമ്പിക്‌സ് എന്ന വിശ്വ കായികോത്സവത്തിന്റെ ചുവടുപിടിച്ച് തുടങ്ങിയെങ്കിലും, ഗെയിംസിലേക്ക് ഒതുങ്ങിപ്പോയില്ലേ എന്നു തോന്നാം. അത്‌ലറ്റിക്‌സിനങ്ങളിലും മത്സരമുണ്ടായിട്ട് എന്തുകൊണ്ട് ഗെയിംസ് എന്ന പേരായി ചുരുങ്ങിപ്പോയെന്നും തോന്നിയേക്കാം. സ്വാഭാവികം. എന്നാല്‍ ഈ മേളയുടെ ചരിത്രം നോക്കിയാല്‍ അവ്യവസ്ഥകള്‍ കണ്ട് അമ്പരക്കും. അതിന് ആരെ  പഴിക്കണമെന്നു ചോദിച്ചാല്‍, പതിറ്റാണ്ടുകളായി തുടരുന്ന നമ്മുടെ കായിക നയത്തെ എന്നു പറയണം. പക്ഷേ, ഇത് 35-ാമത് ഗെയിംസിലെ അരാജകത്വ സമാനമായ സാഹചര്യങ്ങള്‍ക്കു ന്യായീകരണമല്ലതന്നെ. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് 1924-ല്‍ അവിഭക്ത പഞ്ചാബിന്റെ ഭാഗമായിരുന്ന ലാഹോറിലാണ് ആദ്യ ദേശീയ ഗെയിംസിന് അരങ്ങൊരുങ്ങിയത്. രണ്ട് വര്‍ഷത്തിലൊരിക്കലായിരുന്നു ആദ്യകാലത്ത് ഗെയിംസ്. 1948 വരെ ആദ്യ പതിമൂന്ന് ഗെയിംസും ഈ രീതിയില്‍ നടന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം 1948-ല്‍ നടന്ന ആദ്യ ഗെയിംസിന് ലക്‌നൗ ആയിരുന്നു വേദി. എന്നാല്‍ പതിനാലാം ഗെയിംസ് നാല് വര്‍ഷത്തിനുശേഷം 1952-ലായിരുന്നു. പിന്നീട് ഓരോ വര്‍ഷത്തെ ഇടവേളയില്‍ 1953ലും 54 ലും ഗെയിംസ് നടന്നു. വീണ്ടും 1970വരെ രണ്ട് വര്‍ഷത്തെ ഇടവേളയായി. പിന്നീട് ഒമ്പത് വര്‍ഷത്തെ ഇടവേളക്കുശേഷം 1979ലാണ് ഗെയിംസ് വീണ്ടും ആരംഭിച്ചത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947 വരെ നടന്ന 12 ദേശീയ ഗെയിംസില്‍ ആറ് തവണയും ലാഹോര്‍ ആതിഥേയത്വം വഹിച്ചു. കൂടാതെ അലഹബാദ്, മദ്രാസ്, ന്യൂദല്‍ഹി, കല്‍ക്കട്ട, ബോംബെ, പാട്യാല എന്നിവിടങ്ങളില്‍ ഓരോ തവണയും ഗെയിംസ് അരങ്ങേറി. 1938 വരെ ഇന്ത്യന്‍ ഒളിമ്പിക്‌സ് ഗെയിംസ് എന്ന പേരിലറിയപ്പെട്ട ഗെയിംസ് 1940 മുതലാണ് ദേശീയ ഗെയിംസ് ആയത്. പിന്നീട് 1985-ലെ ദല്‍ഹി ഗെയിംസോടുകൂടി പുതിയ ഫോര്‍മാറ്റിലേക്ക് മാറ്റപ്പെട്ടു. സ്വാതന്ത്ര്യാനന്തരം നടന്ന ദേശീയ ഗെയിംസുകളില്‍ ദല്‍ഹി മൂന്നുതവണയും (1954, 1960, 1985), മദ്രാസും (1952, 1968)  കട്ടക്കും (1958, 1970) ഹൈദരാബാദും (1979, 2002) രണ്ട് തവണയും ജബല്‍പൂര്‍(1953), പാട്യാല(1956),  ബെംഗളരൂ(1966), മഹാരാഷ്ട്ര(1994), കര്‍ണാടക(1997), മണിപ്പൂര്‍(1999), പഞ്ചാബ്(2001)ഗുവാഹത്തി(2007), റാഞ്ചി(2011) എന്നീ സ്ഥലങ്ങള്‍ ഓരോ തവണയും ആതിഥേയത്വം വഹിച്ചു. റാഞ്ചിയില്‍നിന്നും ചില പാഠങ്ങള്‍ ദേശീയ ഗെയിംസിന് ആതിഥ്യമരുളുമ്പോള്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും ഏറ്റു പിടയുന്ന കേരളം കണ്ടുപഠിക്കേണ്ടത് റാഞ്ചിയെ. ഒരൊറ്റ സ്ഥലത്ത് മാത്രമായി എങ്ങിനെ ദേശീയ ഗെയിംസ് നടത്താമെന്നാണ് പഠിക്കേണ്ടത്. 2011ലെ 34-ാം ദേശീയ ഗെയിംസിന് വേദിയായ ഹോട്‌വാറിലെ ബിര്‍സമുണ്ട സ്‌റ്റേഡിയം കോംപ്ലക്‌സിലായിരുന്നു അന്ന് മത്സരങ്ങള്‍ മുഴുവനും നടന്നത്. കായികതാരങ്ങള്‍ക്ക് താമസിക്കാനുള്ള ഗെയിംസ് വില്ലേജും ഒരുക്കിയിരുന്നത്. ഇന്നും ഈ ഗെയിംസ് വില്ലേജ് മികച്ച രീതിയിലാണ് അവര്‍ സംരക്ഷിക്കുന്നത്. 300 ഏക്കറോളം വരുന്ന സ്ഥലത്താണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഈ ഗെയിംസ് വില്ലേജ് പണികഴിപ്പിച്ചത്. കേരളം താരങ്ങള്‍ക്കായി കോടികള്‍ ചെലവഴിച്ചു നിര്‍മ്മിച്ചിരിക്കുന്ന ഗെയിംസ് വില്ലേജ് കായികോത്സവം കഴിയുന്നതോടെ കല്ലോടു കല്ലു ശേഷിക്കാതെ ഇടിച്ചു നിരത്തും. ഹോട്‌വാറിലെ ഗെയിംസ് വില്ലേജില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഫഌറ്റ് സമുച്ചങ്ങളും വില്ലകളും കായിക പ്രേമികളെ കൊതിപ്പിക്കും. 34-ാം ദേശീയ ഗെയിംസ് കൊണ്ടു കിട്ടിയ നേട്ടങ്ങള്‍ കായിക മേഖലയുടെ കുതിപ്പിന് ഝാര്‍ഖണ്ഡ് പ്രയോജനപ്പെടുത്തി. വില്ലകളും ഫഌറ്റുകളും വാടകയ്ക്ക് നല്‍കിയും വിവിധ മത്സരങ്ങള്‍ക്കായി സ്‌റ്റേഡിയം വിട്ടുനല്‍കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ചുമാണ് ഗെയിംസ് വില്ലേജ് മികച്ച സൗകര്യങ്ങളോടെ നടത്തിക്കൊണ്ടു പോകുന്നത്. 35-ാം ദേശീയ ഗെയിംസ് നടത്തുന്നതുകൊണ്ട് കേരളത്തിന് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ട കാര്യമാണ്. റാഞ്ചിയില്‍ എല്ലാ മത്സരങ്ങളും ഒരു കുടക്കീഴില്‍ നടന്നപ്പോള്‍ കേരളത്തില്‍ കായിക പ്രേമികള്‍ക്ക് മത്സരങ്ങള്‍ മുഴുവന്‍ കാണണമെങ്കില്‍ തെക്ക് തിരുവനന്തപുരം മുതല്‍ വടക്ക് കണ്ണൂര്‍ വരെ ഓടേണ്ട അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ അത് അസംഭവ്യവുമാണ്. ഏതെങ്കിലും ഒരു ജില്ലയില്‍ ഒന്നിലേറെ മൈതാനങ്ങളും കളിസ്ഥലങ്ങളും ഉള്‍പ്പെട്ട സ്‌റ്റേഡിയം കോംപ്ലക്‌സും ഗെയിംസ് വില്ലേജും നിര്‍മ്മിച്ചിരുന്നെങ്കില്‍ അതു കായിക മേഖലക്ക് ഏറെ പ്രയോജനകരമായേനെ.‘കേരളത്തിലെ ഭരണാധികാരികളുടെയും നടത്തിപ്പുകാരുടെയും പിടിപ്പുകേടും കായിക മേഖലയോടുള്ള അവഗണനയും ഗെയിംസിലൂടെ ലഭിക്കാമായിരുന്ന പ്രയോജനം നഷ്ടപ്പെടുത്തി. റാഞ്ചി നമുക്ക് മാതൃക കാട്ടിത്തരുമ്പോള്‍പോലും. സൂപ്പര്‍ താരങ്ങളില്ലാതെ ദേശീയ ഗെയിംസ് ദേശീയ ഗെയിംസില്‍ ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ കഴിവുതെളിയിച്ച നിരവധി താരങ്ങള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ചില സൂപ്പര്‍താരങ്ങളുടെ അഭാവം മേളയുടെ ശോഭകുറയ്ക്കുമെന്ന് ഉറപ്പാണ്. ബാഡ്മിന്റണിലെ സൂപ്പര്‍താരം സൈന നെഹ്‌വാള്‍, പി.വി. സിന്ധു, പി. കശ്യപ്, ഡി. ശ്രീകാന്ത് എന്നിവര്‍ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. ഒളിമ്പിക് ഗുസ്തിയിലെ മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഗെയിംസില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ കണ്ണൂരില്‍ നടക്കുന്ന ഗുസ്തി മത്സരങ്ങള്‍ കാണാന്‍ സുശീല്‍കുമാര്‍ എത്തും. യുവ താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് സുശീല്‍കുമാര്‍ മത്സരിക്കാതെ മാറിനില്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.