അല്‍ക്കയുടെ അച്ഛന്‍

Sunday 7 February 2016 3:56 pm IST

പതിനൊന്നു വയസ്സുകാരി അല്‍ക്ക അടക്കിയ നിലവിളി പതിഞ്ഞ ശബ്ദത്തില്‍ ഉറക്കെവിളിച്ചുപറഞ്ഞത് ആത്മവിശ്വാസത്തിന്റെ മുദ്രാവാക്യമായിരുന്നു. 'ഹോ കി ഹൊയ്‌ന, ഹോനെ ഹെ പര്‍ച, ഹൊ ഹൊ ഹൊ' ദൗത്യനിര്‍വഹണത്തിനിറങ്ങുന്ന ഗൂര്‍ഖാ റജിമെന്റിലെ സൈനികര്‍ മുഴക്കാറുള്ള മുദ്രാവാക്യം. 'നടക്കുമോ ഇല്ലയോ എന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല, അത് നടക്കുക തന്നെ ചെയ്യും' എന്നര്‍ത്ഥം ധ്വനിക്കുന്ന വാക്കുകള്‍. അല്‍ക്കയ്ക്കും കുഞ്ഞനിയന്‍ ആദിത്യയ്ക്കും അച്ഛന്‍ പഠിപ്പിച്ചു കൊടുത്ത പടപ്പാട്ട്. അടഞ്ഞ കണ്ണുകള്‍ക്കപ്പുറം കേണല്‍ മുനീന്ദ്രനാഥറോയ് അല്‍ക്കയുടെ ആ അന്തിമാഭിവാദനം അറിഞ്ഞിരിക്കണം. ഡാര്‍ജിലിംഗിലെ സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന നാഗേന്ദ്രനാഥ റായിയുടെ മൂന്ന് മക്കളില്‍ ഇളയവനാണ് മുനീന്ദ്രനാഥ്. ജ്യേഷ്ഠന്മാരായ വൈ.എന്‍. റായ് സിആര്‍പിഎഫ് കമാന്‍ഡിംഗ് ഓഫീസറും ഡി.എന്‍. റായ് ബിഎസ്എഫില്‍ ലഫ്റ്റനന്റ് കേണലുമാണ്. പോരാട്ടത്തിന്റെ കഥകള്‍ അല്‍ക്കയ്ക്കും സഹോദരങ്ങള്‍ക്കും കുട്ടിക്കഥകളേക്കാള്‍ പ്രിയങ്കരമായതില്‍ അതിശയിക്കാനുണ്ടോ. കേണല്‍ മുനീന്ദ്രനാഥറായി. ചരിത്രത്തില്‍ എങ്ങനെയായിരിക്കും ആ പേര് എഴുതപ്പെടുക. അക്ഷരാര്‍ത്ഥത്തല്‍ പരന്തപന്‍. ശത്രുവിന്റെ നിഴല്‍പോലും പിന്തുടര്‍ന്ന് ഇല്ലാതാക്കുമെന്ന് ശപഥം ചെയ്ത ദേശാഭിമാനി. ശത്രുക്കളെ വധിക്കുക എന്നത് തന്റെ കടമയാണെന്നും അതില്‍ ലവലേശം ഖേദിക്കില്ലെന്നും പ്രഖ്യാപിച്ചവന്‍. ഒരിക്കല്‍ റായി പറഞ്ഞു, 'ഞങ്ങള്‍ സൈനികര്‍ ഹിമാലയത്തിന്റെ മലനിരകളില്‍ നിന്ന് പലകുറി കണ്ടിട്ടുണ്ട്, ഈ രാഷ്ട്രമാതാവിന്റെ വിരാടരൂപം. ആ കാഴ്ച തിരിച്ചറിവാണ്. ഞാനൊരു വ്യക്തിയല്ല, രാഷ്ട്രം തന്നെയാണെന്ന തിരിച്ചറിവ്. ' ആ വിരാടദര്‍ശനത്തില്‍നിന്നാണ് മുനീന്ദ്രനാഥ റായ് പരന്തപനായി ജ്വലിച്ചുയരുന്നത്. മുപ്പത്തൊമ്പതാം വയസ്സില്‍ കാശ്മീരിലെ ത്രാല്‍ മേഖലയില്‍ വെടിയേറ്റുവീഴും വരെ പോര്‍ക്കളമടക്കിവാണ സവ്യസാചി. കടന്നുപോയ ഗണതന്ത്രദിനം മുനീന്ദ്രനാഥിന്റെ കുടുംബത്തിനും ഗാസിയാബാദിലെ ഗ്രാമീണര്‍ക്കും ആനന്ദവും അഭിമാനവും പകരുന്നതായിരുന്നു. രാജ്യം തങ്ങളുടെ പ്രിയപ്പെട്ട മുനീന്ദ്രനാഥിന് യുദ്ധസേവാമെഡല്‍ നല്‍കി ആദരിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു അവര്‍. റായിയുടെ ആറുവയസ്സുകാരന്‍ മകന്‍ അച്ഛന് ലഭിച്ച ആദരവിന്റെ നെഞ്ചുവിരിവില്‍ ആ കുടുംബത്തില്‍ ആഹ്ലാദച്ചിരിയുടെ അലകളുയര്‍ത്തി. എന്നാല്‍ എന്നും അത്തരം ആഘോഷങ്ങളോട് ഒരു മുനിയെപ്പോലെ നിസംഗനായിരുന്നു മുനീന്ദ്രനാഥ്. 'ശത്രുക്കളെ കൊല്ലുക എന്നത് എന്നില്‍ അര്‍പ്പിക്കപ്പെട്ട ദൗത്യമാണ്. അതില്‍ ഞാന്‍ അല്പംപോലും ഖേദിക്കുന്നില്ല. എന്നാല്‍ സഹപ്രവര്‍ത്തകരും നിരപരാധികളായ ഗ്രാമീണരുമടക്കം എനിക്ക് രക്ഷിക്കാനാകാതെ പോയ ജീവിതങ്ങളെക്കുറിച്ചോര്‍ത്താണ് എന്റെ വിഷമം.' ആഘോഷങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ, അഭിനന്ദനങ്ങള്‍ക്ക് കാത് കൊടുക്കാതെ മുനീന്ദ്രനാഥ് റോയ് നടന്നുപോയത് കാലത്തിന്റെ ദൗത്യനിര്‍വഹണത്തിനായിരുന്നു. യുദ്ധസേവാമെഡല്‍ നല്‍കി രാഷ്ട്രം അദരിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്. ത്രാല്‍ മേഖലയിലെ പുല്‍വാമ ജില്ലയില്‍ മിന്ദോരഗ്രാമത്തിലെ ഭീകരന്മാരുടെ ഒളിയിടമായിരുന്നു ഉന്നം. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍മാരായ ആബിദ് ഹുസൈന്‍ഖാനും ഷിറാസ് ഹസന്‍ദാറും മിന്ദോരയിലെ ഒരു വീട്ടില്‍ താവളമടിച്ചിരിക്കുന്നു എന്ന വിവരം മുനീന്ദ്രനാഥിന് നല്‍കിയത് പ്രദേശത്തെ പോലീസുദ്യോഗസ്ഥനായ സഞ്ജീവ് കുമാര്‍സിംഗാണ്. രാക്ഷസന്മാരുടെ ഈറ്റുമാളമാണ് മിന്ദോരയെന്നും അവരെ കീഴ്‌പ്പെടുത്തുക ദുഷ്‌കരമാണെന്നും റായിക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പിന്നോക്കം പോകാന്‍ ഒരുക്കമായിരുന്നില്ല റായി. സഞ്ജീവ് കുമാര്‍സിംഗിന്റെയും നിലേഷ്‌കുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ മുന്നില്‍നിന്നു നയിച്ചുകൊണ്ട് 42 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ മുനീന്ദ്രനാഥ് റായി മിന്ദോരയിലെ ഭീകരത്താവളം വളഞ്ഞു. വീടുവളഞ്ഞ റായിയുടെ മുന്നിലേക്ക് യാചിക്കുന്ന കരങ്ങളുമായി വാതില്‍തുറന്ന് പുറത്തുവന്നത് ആബിദ് ഹുസൈന്റെ പിതാവായിരുന്നു. മകനും സുഹൃത്തും കീഴടങ്ങുമെന്നും അവരെ കൊല്ലരുതെന്നും അയാള്‍ കരഞ്ഞു. അതിന് അനുമതി നല്‍കിയ റായിക്ക് അയാളുടെ യാചനയുടെ പിന്നിലെ ചതി മനസ്സിലായില്ല. മുനീന്ദ്രനാഥ് എന്ന 'മനുഷ്യന്' അത് മനസ്സിലാകുമായിരുന്നില്ല. കീഴടങ്ങാനെന്ന വ്യാജേന പുറത്തെത്തിയ ഭീകരര്‍ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു. ധീരനായ റായി ഞൊടിനേരംകൊണ്ട് സമനില വീണ്ടെടുക്കുകയും തിരിച്ചുവെടിയുതിര്‍ക്കുകയും ചെയ്തു. കേണല്‍ റായിയും കൂട്ടരും ധീരമായി പൊരുതിക്കയറി. ഒടുവില്‍ പിടഞ്ഞുവീണു. എന്നാല്‍ വീഴും മുമ്പ് മിന്ദോരയിലെ ആ രാക്ഷസന്മാരെ റായി കാലനൂര്‍ക്ക് അയച്ചു കഴിഞ്ഞിരുന്നു. കശ്മീര്‍ പോലീസിലെ കോണ്‍സ്റ്റബിളായ സഞ്ജീവ്കുമാര്‍സിംഗും റായിക്കൊപ്പം വീരമൃത്യു വരിച്ചു. സ്വജീവന്‍ ബലിയര്‍പ്പിച്ച് റായിയും സഞ്ജീവും യാത്രയായത് മിന്ദോരയുടെ ജീവന്‍ മടക്കിനല്‍കിയിട്ടാണ്. മിന്ദോര പോലെയുള്ള കശ്മീര്‍ഗ്രാമങ്ങളിലെ നാട്ടുകാര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും അവരെ സൈന്യത്തിനും രാഷ്ട്രത്തിനുമെതിരെ തിരിക്കുകയും ചെയ്യുക എന്നതാണ് ഭീകരസംഘടനകളുടെ കുടില നീതി. സൈന്യം ആയുധസജ്ജരായെത്തുമ്പോള്‍ ഇതേ ഗ്രാമീണരെ തോക്കിനുമുന്നിലേക്ക് എറിഞ്ഞുകൊടുത്ത് അവര്‍ ഒളിച്ചോടും. പാഠശാലകളില്ലാതെ, കളിയിടങ്ങളില്ലാതെ എന്നും ഭീതിയില്‍ കഴിയാന്‍ വിധിക്കപ്പെട്ട ആ ഗ്രാമങ്ങളിലേക്കാണ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് സൈന്യം ആയുധങ്ങള്‍ക്ക് പകരം പുസ്തകവുമായി കടന്നുചെന്നത്. സൗഹൃദ കശ്മീര്‍ എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. പട്ടാളക്കുപ്പായത്തില്‍ത്തന്നെ സൈനികര്‍ അദ്ധ്യാപകരായും കളിക്കൂട്ടുകാരായും വേഷപ്പകര്‍ച്ച നടത്തി. മക്കളെ നഷ്ടപ്പെട്ട അമ്മമാര്‍ക്ക് അവര്‍ മക്കളായി, സഹോദരിമാര്‍ക്ക് ആങ്ങളമാരായി. പവിത്രമായ രാഖിച്ചരടിന്റെ കരുതല്‍ ഓരോ കശ്മീരി ഗ്രാമീണനും സൈനികര്‍ പകര്‍ന്നു നല്‍കി. കേണല്‍ മുനീന്ദ്രനാഥ് റായി ത്രാല്‍ മേഖലയിലെ ഗ്രാമീണര്‍ക്ക് ഒരു പട്ടാള ഉദ്യോഗസ്ഥനായിരുന്നില്ല. ഗ്രാമത്തിലെ ചെറുപ്പക്കാര്‍ക്കൊപ്പം വോളിബോള്‍ കളിക്കുകയും തങ്ങളുടെ കുട്ടികളോട് കുശലം പറയുകയും ചെയ്യുന്ന പ്രിയ സുഹൃത്തായിരുന്നു. ത്രാലിലെ ഗ്രാമങ്ങള്‍ ഭീകരരുടെ പിടിയില്‍നിന്ന് പതുക്കെ മോചിപ്പിക്കപ്പെടുകയായിരുന്നു. അതിന് നിമിത്തമായത് പുല്‍വാമയിലെ ഗ്രാമപ്രദേശങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ച് റായി നടത്തിയിരുന്ന ക്രിക്കറ്റ്, വോളിബോള്‍ മത്സരങ്ങളായിരുന്നു. യുദ്ധത്തില്‍മാത്രമല്ല കളിയിലും നായകനായിരുന്നു മുനീന്ദ്രനാഥ്. കടുത്ത ഏകാഗ്രതയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും സമാനതകളില്ലാത്ത നേതൃപാടവവും അദ്ദേഹത്തെ പുല്‍വാമയിലെ യുവാക്കള്‍ക്ക് പ്രിയങ്കരനാക്കി. കളി കഴിഞ്ഞ് കയറുംമുമ്പ് അവര്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന് ദേശഭക്തിഗാനങ്ങളാലപിച്ചു. ഭീകരതയ്‌ക്കെതിരെ ഗ്രാമീണയുവതയുടെ ശക്തി വളര്‍ത്തിയെടുക്കുകയായിരുന്നു മുനീന്ദ്രനാഥ്. 2013 മെയ് 5നാണ് റായി 42 രാഷ്ട്രീയ റൈഫിളിന്റെ ചുമതലക്കാരനാകുന്നത്. അമര്‍നാഥ് തീര്‍ത്ഥാടകരുടെ സുരക്ഷായായിരുന്നു ആദ്യ ദൗത്യം . സാക്ഷാല്‍ അമരനാഥന്‍ തന്നെ നേരിട്ട് നയിക്കും പോലെയായിരുന്നു ആ നായകത്വമെന്ന് ലെഫ്റ്റനന്റ് ജനറല്‍ സുബ്രതോ സാഹ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ ആദരമേറ്റുവാങ്ങിയ ഒരു പകല്‍ പൊലിഞ്ഞ് അടുത്ത സായന്തനത്തില്‍ അഭിമന്യുവിനെപ്പോലെ പൊരുതിവീണ മുനീന്ദ്രനാഥ റായി ഒരു കാലത്തിന്റെ തന്നെ പ്രേരണയാണ്. മരണമെത്തും മുമ്പ്, തലേദിവസത്തെ സമാദരണത്തെക്കുറിച്ച് മുനീന്ദ്രനാഥന്‍ എഴുതിച്ചേര്‍ത്തത് ഇങ്ങനെയാണ്, 'നിങ്ങള്‍ക്ക് നിര്‍ണയിക്കപ്പെട്ട ഉത്തരവാദിത്തം അങ്ങേയറ്റം ആവേശത്തോടെ പൂര്‍ത്തീകരിക്കുക, എന്നാല്‍ യവനിക വീണാലും ഹര്‍ഷാരവങ്ങള്‍ അവസാനിക്കില്ല.'  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.