നിലവാരത്തകര്‍ച്ച; ഉന്നത വിദ്യാഭ്യാസം മലയാളിക്ക് അന്യമാകുന്നു

Saturday 31 January 2015 10:18 pm IST

തിരുവനന്തപുരം: മലയാളികള്‍ക്ക് ഉന്നത വിദ്യാഭ്യാസം കീറാമുട്ടിയാകുന്നു. ദേശീയ നിലവാരത്തില്‍ 11-ാം സ്ഥാനത്താണ് ഇപ്പോള്‍ കേരളം. രാജ്യത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു നടക്കുന്ന പ്രവേശന പരീക്ഷകളില്‍ കേരള ഹയര്‍ സെക്കണ്ടറി ബോര്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കുകയാണ്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ പരീക്ഷാഫലം പുറത്തുവന്നപ്പോഴാണ് മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവേശിക്കാനാവാതെ കൂട്ടതോല്‍വി ഏറ്റുവാങ്ങിയത്. 2014ലെ ജെഇഇ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആറുമാസം മുമ്പ് ഗോരഖ്പൂര്‍ ഐഐടി പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ കേരള ഹയര്‍ സെക്കണ്ടറി ബോര്‍ഡില്‍ നിന്ന് ഐഐടിയിലേക്ക് അഡ്മിഷന്‍ നേടിയത് 0.42 ശതമാനം കുട്ടികള്‍ മാത്രമാണ്. പശ്ചിമബംഗാള്‍ അടക്കമുള്ള വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് 1.09 ശതമാനം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയപ്പോഴാണ് കേരളത്തിന്റെ ദയനീയ തോല്‍വി എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ആകെ 44 ബോര്‍ഡുകളിലൂടെ ഹയര്‍ സെക്കണ്ടറി തലത്തില്‍ വര്‍ഷാവര്‍ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നു. സിബിഎസ്ഇ ബോര്‍ഡില്‍ നിന്ന് 55.08 ശതമാനം കുട്ടികള്‍ ഐഐടി സീറ്റ് കരസ്ഥമാക്കുമ്പോള്‍ കേരള ഹയര്‍ സെക്കണ്ടറി ബോര്‍ഡിന് ഒരു ശതമാനം വിദ്യാര്‍ത്ഥികളെ പോലും ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകയറ്റാന്‍ സാധിക്കുന്നില്ല എന്നത് നമ്മുടെ വിദ്യാഭ്യാസ രംഗത്തെ തകര്‍ച്ചയിലേക്ക് വിരല്‍ചൂണ്ടുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഐഐടി ഫലം പരിശോധിച്ചാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ നിലവാര തകര്‍ച്ച വ്യക്തമാകും. 2012ല്‍ 1.7 ശതമാനം കുട്ടികള്‍ ഐഐടി യിലേക്ക് പ്രവേശനം നേടിയപ്പോള്‍ 2013 ല്‍ 1.5 ശതമാനമായി കുറഞ്ഞു. 2014 ആയപ്പോഴേക്കും 0.42 ശതമാനമായി നമ്മുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം കൂപ്പുകുത്തി. ഇതിലും പരിതാപകരമാണ് എഐഐഎംഎസിലേക്കുള്ള കേരള ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രകടനം. വര്‍ഷത്തില്‍ പത്ത് കുട്ടികള്‍ പോലും ഇവിടേക്ക് പ്രവേശനം നേടാറില്ലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രീഡിഗ്രി നിലനിന്നിരുന്ന കാലത്ത് കേരളത്തിലെ കുട്ടികള്‍ ദേശീയതലത്തില്‍ അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിച്ചിരുന്നത്. പ്രീഡിഗ്രിയെക്കാള്‍ മെച്ചമായ പ്രകടനം ലക്ഷ്യമിട്ടാണ് രണ്ട് പതിറ്റാണ്ടുമുമ്പ് ഹയര്‍സെക്കണ്ടറി വിഭാഗം സര്‍ക്കാര്‍ തുടങ്ങിവച്ചത്. സ്‌കൂള്‍തലത്തില്‍ വിജയശതമാനം ഉയര്‍ത്താന്‍ അനര്‍ഹമായി മാര്‍ക്ക് യഥേഷ്ടം നല്‍കി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മത്സരിക്കുമ്പോള്‍ തകരുന്നത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയാണ്. നല്ല വിദ്യാഭ്യാസവും അതിലൂടെ നല്ല ഭാവിയും പ്രതീക്ഷിച്ച് രക്ഷിതാക്കള്‍ കടംവാങ്ങിയും ബാങ്ക് വായ്പയെടുത്തും കുട്ടികളെ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പറഞ്ഞയയ്ക്കുന്നു. ഇത്തരത്തില്‍ കടക്കെണിയിലായ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തള്ളിക്കയറ്റമാണ്. ഗ്രാമീണ മേഖലയില്‍ പോലും എഞ്ചിനീയറിംഗ് കോളേജുകള്‍ സ്ഥാപിക്കപ്പെട്ടു. മിക്ക എഞ്ചിനീയറിംഗ് കോളേജുകളിലും വിജയശതമാനം ഇരുപതില്‍ താഴെയായിട്ടും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് കണ്ണുതുറക്കുന്നില്ല. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ പകുതിയിലധികവും ഒട്ടുമിക്ക വിഷയങ്ങളിലും തോല്‍ക്കുന്നു. വിജയശതമാനം കുറഞ്ഞ കോളേജുകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവു വന്നിട്ടും കോഴപ്പണം മാത്രം ലക്ഷ്യമിടുന്ന സര്‍ക്കാര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിച്ചിരിക്കുന്നത്. 148 എഞ്ചിനീയറിംഗ് കോളേജുകളാണ് ഇന്ന് കേരളത്തിലുള്ളത്. 52211 സീറ്റുകളാണ് എഞ്ചിനീയറിംഗ് മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍ പകുതിയിലേറെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ് പതിവ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പകരം എയിഡഡ് സ്‌കൂളുകളും എഞ്ചിനീയറിംഗ് കോളേജുകളും ആരംഭിച്ച് അതുവഴി കോടികള്‍ കൈക്കലാക്കുവാനുമാണ് സര്‍ക്കാരിന് താല്‍പര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.