കൊല്ലം: ദേശീയ ഗെയിംസിലെ ഹോക്കി മത്സരങ്ങള്‍ക്ക് ഇന്നു തുടക്കം. ഒരു ദിവസം നാല് മത്സരങ്ങളാണുള്ളത്. ആശ്രാമം സ്റ്റേഡിയം വേദി. രാവിലെ 7.30ന് നിലവിലുള്ള ചാമ്പ്യന്‍ സര്‍വീസസ് പോയ വര്‍ഷത്തെ റണ്ണറപ്പ് പഞ്ചാബിനെ നേരിടും. കേരളവും ഇന്ന് കളത്തിലെത്തും. വൈകിട്ട് 4.30ന് ഝാര്ഖണ്ഡിനോടാണ് കേരളത്തിന്റെ പോരാട്ടം. രാവിലെ 9.30ന് കര്‍ണാടക- ഹരിയാന, ഉച്ചയ്ക്ക് 2.30ന് ഉത്തര്‍പ്രദേശ് – ഒഡീഷ മത്സരങ്ങളും അരങ്ങേറും.
പുരുഷ, വനിതാ വിഭാഗങ്ങളിലായി പതിനെട്ട് ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. രാവിലെ 7.30, 9.30, ഉച്ചയ്ക്ക് 2.30, വൈകിട്ട് 4.30 എന്നിങ്ങനെയാണ് സമയക്രമം. പുരുഷന്മാരില് എ ഗ്രൂപ്പില്‍ ഉത്തര്‍പ്രദേശ്, ഒഡീഷ, ഝാര്‍ഖണ്ഡ്, കേരളം എന്നിവയും ബി ഗ്രൂപ്പില്‍ പഞ്ചാബ്, സര്‍വീസസ്, ഹരിയാന, കര്‍ണാടകം എന്നിവയും നേര്‍ക്കുനേര്‍വരും. വനിതാ വിഭാഗം മത്സരങ്ങള്‍ നാളെ ആരംഭിക്കും. ഗ്രൂപ്പ് എയില്‍ ഹരിയാന, ഒഡീഷ, കേരളം, കര്‍ണാടകം എന്നിവയും ബി ഗ്രൂപ്പില്‍ പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവയും അങ്കം വെട്ടും. നാളെ വൈകിട്ട് 4.30ന് കേരള വനിതകള്‍ ഒഡീഷയെ നേരിടും.
ഹോക്കി, റഗ്ബി മത്സരങ്ങള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിഐപി പവലിയനില്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: