കൊടുമ്പ് ഗ്രൗണ്ടില്‍ നിന്നും ഇന്നുമുതല്‍ മാലിന്യം നീക്കും

Saturday 31 January 2015 11:07 pm IST

പാലക്കാട്: ഒരാഴ്ചയായി കുന്നുകൂടിക്കിടക്കുന്ന പാലക്കാട് നഗരപരിധിയിലെ മാലിന്യനീക്കം സുഗമമാക്കുന്നതിന് നടപടിയാകുന്നു. നിലവിലെ നിക്ഷേപ സ്ഥലമായ കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ ഗ്രൗണ്ടിലുളള മാലിന്യം വേര്‍തിരിച്ച് മെഡിക്കല്‍ കോളേജിനടുത്തുളള സ്ഥലത്ത് നിക്ഷേപിച്ച് സംസ്‌ക്കരിക്കാന്‍ ഇന്നലെ മുനിസിപ്പാലിറ്റി അധികൃതര്‍ ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ കൊടുമ്പില്‍ നിന്നുളള മാലിന്യനീക്കം ആരംഭിക്കും. തുടര്‍ന്ന് 10 മണിയോടെ നഗരപരിധിയില്‍ നിന്നും മാലിന്യം നീക്കം ചെയ്ത് തുടങ്ങും. ഈ പ്രവര്‍ത്തനം പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മണ്ണിനും ഭൂഗര്‍ഭ ജലത്തിനും ദോഷമില്ലാത്ത വിധം ശാസ്ത്രീയമായി പഠനം നടത്തിയാവും മാലിന്യ സംസ്‌കരണം നടത്തുക. അടിയന്തിരമായി വാഹനങ്ങള്‍ വാടകക്കെടുത്തും നിലവില്‍ മുനിസിപ്പാലിറ്റിയുടെ പക്കലുളള ജെ.സി.ബി. ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയുമാവും പ്രവര്‍ത്തനം നടത്തുക. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, ആര്‍.ഡി.ഒ. കെ. ശെല്‍വരാജ്, തുടങ്ങിയവരും ആരോഗ്യവകുപ്പ്, മാലിന്യ നിയന്ത്രണ ബോര്‍ഡ്, കെ.എസ്.ഇ.ബി, എന്‍.ച്ച്.എ. ഉദേ്യാഗസ്ഥരും പങ്കെടുത്തു. അതേസമയം നഗരത്തിലെ മാലിന്യപ്രശ്‌നത്തിന് ശാശ്വതപരിഹാരത്തിന് നഗരസഭയുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഒരാഴ്ചയായി നഗരസഭയിലെ 52 വാര്‍ഡുകളില്‍നിന്നുള്ള മാലിന്യനീക്കം നിലച്ചതോടെ വിഷയം വന്‍പ്രതിസന്ധിയിലായിരുന്നു. വീടുകളില്‍ മാലിന്യനീക്കത്തിന് സൗകര്യമൊരുക്കാന്‍ ശുചിത്വമിഷനുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭയ്ക്ക് സാധിക്കുമെങ്കിലും ഇതുവരെ ശ്രമം തുടങ്ങിയിട്ടില്ല. ഉറവിടമാലിന്യ സംസ്‌കരണപദ്ധതികളില്‍ മണ്ണിര കമ്പോസ്റ്റിനും കുഴി കമ്പോസ്റ്റിനും 75 ശതമാനം വരെ ശുചിത്വമിഷന്‍ സബ്‌സിഡി നല്‍കുന്നുണ്ട്. പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. എന്നാല്‍, വ്യക്തികള്‍ക്ക് ഇക്കാര്യത്തില്‍ ശുചിത്വമിഷനുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്ന പദ്ധതികള്‍ക്ക് മാത്രമേ ശുചിത്വമിഷന്‍ സബ്‌സിഡി നല്‍കുകയുള്ളൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി മാത്രമേ ശുചിത്വമിഷന്‍ തുകയനുവദിക്കുകയുള്ളൂ. എന്നാല്‍, നഗരത്തില്‍ ഇതുവരെഇത്തരത്തിലുള്ള ശ്രമം പോലും ഉണ്ടായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.