സ്വാശ്രയം : പുതിയ ഫോര്‍മുലയുമായി എം.ഇ.എസ്

Wednesday 29 June 2011 3:51 pm IST

കോഴിക്കോട്: സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ എം.ഇ.എസ്‌ പുതിയ ഫോര്‍മുല മുന്നോട്ട്‌ വച്ചു. സര്‍ക്കാരിന്‌ നല്‍കുന്ന അമ്പത്‌ ശതമാനം സീറ്റില്‍ മെറിറ്റ്‌ കം മീന്‍സ്‌ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തണമെന്ന്‌ എം.ഇ.എസ്‌.ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സീറ്റുകളില്‍ അമ്പത്‌ ശതമാനത്തില്‍ 30 ശതമാനം ജനറല്‍ മെറിറ്റിനായി നീക്കിവെയ്ക്കണം. ഇതില്‍ 10 ശതമാനം സീറ്റുകള്‍ പട്ടികജാതി, പട്ടികവിഭാഗങ്ങള്‍ക്കായും, 20 ശതമാനം സീറ്റുകള്‍ മറ്റ്‌ പിന്നാക്ക വിഭാഗങ്ങള്‍ക്കുമായും മാറ്റിവയ്ക്കണം. നാല്‍പ്പത്‌ ശതമാനം സീറ്റില്‍ കോളേജ്‌ നടത്തുന്ന സമുദായത്തിന്‌ നല്‍കണമെന്നാണ്‌ എം.ഇ.എസിന്റെ ഫോര്‍മുല. ‍മാനേജ്‌മെന്റ്‌ ക്വാട്ടയിലെ 15 ശതമാനം സീറ്റുകള്‍ എന്‍.ആര്‍.ഐയ്ക്ക്‌ ഒമ്പത്‌ ലക്ഷം രൂപ ഫീസ്‌ നിരക്കില്‍ വിട്ടു നല്‍കും. ശേഷിക്കുന്ന 35 ശതമാനം സീറ്റുകളില്‍ അഞ്ചു ലക്ഷം രൂപ ഫീസ്‌ ഈടാക്കും. എം.ഇ.എസ്‌ പ്രസിഡന്റ്‌ ഫസല്‍ഗഫൂര്‍ കോഴിക്കോട്‌ വാര്‍ത്താസമ്മേളനത്തിലാണ്‌ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട്‌ വച്ചത്‌. സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നടത്തുമ്പോള്‍ ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുള്ളവരെയും, ക്രീമിലെയര്‍ വിഭാഗങ്ങളെയും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവേശനത്തിന്‌ പ്ലസ്‌ ടുവിന്റെ 50 ശതമാനം മാര്‍ക്ക്‌ കൂടി പരിഗണിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തോട്‌ യോജിപ്പാണെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനും, വിദ്യാഭ്യസ മന്ത്രിയ്ക്കും മുമ്പാകെ വയ്ക്കുമെന്നും ഫസല്‍ ഗഫൂര്‍ അറിയിച്ചു.