സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചേക്കും

Sunday 1 February 2015 4:31 pm IST

ന്യൂദല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപം പുനരന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. സിഖ് വിരുദ്ധ കലാപക്കേസുകള്‍ പരിശോധിച്ച് ജസ്റ്റിസ് ജി.പി. മാഥൂര്‍ കമ്മിഷന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പുനരന്വേഷണത്തെ കുറിച്ച് പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ദല്‍ഹി തിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാകുമെന്നാണ് സൂചന. കലാപവുമായി ബന്ധപ്പെട്ട് 225 കേസുകളിലെങ്കിലും പുനഃപരിശോധന ആവശ്യമാണെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടര്‍ന്നു പിടിച്ച സിക്ക് വിരുദ്ധ കലാപത്തില്‍ 3325 പേരാണ് കൊല്ലപ്പെട്ടത്. ദല്‍ഹിയില്‍ മാത്രം 2733 പേര്‍ മരിച്ചു. സിക്ക് വിരുദ്ധ കലാപം പുനരന്വേഷിക്കണമെന്ന് ബി.ജെ.പി നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് 478 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ നാനാവതി കമ്മിഷന്‍ 241 കേസുകള്‍ മാത്രമാണ് പുനരന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്തത്. ബി.ജെ.പിയാകട്ടെ മുഴുവന്‍ കേസുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം മാത്തുര്‍ സമിതി എത്ര കേസുകള്‍ അന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്തു എന്നറിവായിട്ടില്ല. 241 കേസുകളില്‍ നാലു കേസുകളാണ് സി.ബി.ഐ അന്വേഷിച്ചത്. ഇതില്‍ ഒരു കേസില്‍ മുന്‍ എം.എല്‍.എ അടക്കം അഞ്ചു പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇവര്‍ക്ക് ശിക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിംസബറില്‍, സിക്ക് കലാപത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ലഭിച്ച സഹായം കൂടാതെയാണിത്. ഇതിലൂടെ കേന്ദ്രത്തിന് 166 കോടിയുടെ അധികബാദ്ധ്യത ഉണ്ടാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.