ശ്രീ എം നയിക്കുന്ന പ്രത്യാശയുടെ പദയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും

Sunday 1 February 2015 10:11 pm IST

കോട്ടയം: സമാധാനവും സൗഹാര്‍ദ്ദവും ലക്ഷ്യമാക്കി ശ്രീ എം നയിക്കുന്ന പ്രത്യാശയുടെ പദയാത്ര ഇന്ന് കോട്ടയം ജില്ലയില്‍ പ്രവേശിക്കും. ജനുവരി 12ന് കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച പദയാത്ര 6500 കിലോ മീറ്ററോളം താണ്ടി കാശ്മീരിലാണ് പര്യവസാനിക്കുന്നത്. ഇന്ന് കോട്ടയത്ത് എത്തിച്ചേരുന്ന പദയാത്ര 8 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് പോകുന്നു. നെടുങ്ങാടപ്പള്ളി വഴി കോട്ടയത്തേക്ക് പ്രവേശിക്കുന്ന പദയാത്രക്ക് കറുകച്ചാലില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എ യുടെ നേതൃത്വത്തിലുള്ള സ്വീകരണവും നെടുംകുന്നത്ത് പൗരാവലിയുടെ സ്വീകരണവും നല്‍കും. തുടര്‍ന്ന് വൈകിട്ട് 6ന് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ശ്രീ എം നയിക്കുന്ന സത്സംഗം ഉണ്ടായിരിക്കും. നാളെ രാവിലെ 6ന് നെടുംകുന്നത്ത് നിന്നും ആരംഭിക്കുന്ന പദയാത്ര 14-ാം മൈല്‍, കൊടുങ്ങൂര്‍ വഴി പള്ളിക്കത്തോട് അരവിന്ദ വിദ്യമന്ദിരത്തില്‍ എത്തിച്ചേരുന്നു. കൊടുങ്ങൂരില്‍ സ്വീകരണത്തിന് ശേഷം വിവിധ സംഘടനകള്‍ പള്ളിക്കത്തോടുവരെ പദയാത്രയില്‍ പങ്ക് ചേരും. വൈകിട്ട് 5.30ന് പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറില്‍ ശ്രീ എം പ്രഭാഷണം നടത്തും. 4ന് പദയാത്ര ചെങ്ങളം, പൈക, ഇടമറ്റം വഴി ഭരണങ്ങാനം ഓശാന മൗണ്ടില്‍ എത്തിച്ചേരും. മീനച്ചില്‍ പഞ്ചായത്തിന്റെയും പൗരാവലിയുടേയും ആഭിമുഖ്യത്തില്‍ പദയാത്രയെ പൈകയില്‍ നിന്നും സ്വീകരിച്ച് ഓശന മൗണ്ട് വരെയെത്തിക്കും. തുടര്‍ന്ന് ഓശാന മൗണ്ടില്‍ സത്സാംഗം നടക്കും. 5ന് രാവിലെ ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഭരണങ്ങാനം പള്ളി, അല്‍ഫോന്‍സാമ്മയുടെ കബറിടം, ഇടപ്പാടി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച ശേഷം പാലാ ടൗണില്‍ പൗരാവലിയുടെ സ്വീകരണം ഏറ്റുവാങ്ങും. 10നു കടപ്പാട്ടൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മുത്തോലിയില്‍ സഫലം ഒരുക്കുന്ന സ്വീകരണത്തില്‍ നദീ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹ്രസ്വപ്രഭാഷണം നടത്തും. അന്നേ ദിവസം 5.30നു കിടങ്ങൂര്‍ പൗരാവലിയുടെ സ്വീകരണവും കിടങ്ങൂര്‍ എല്‍പിബി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശ്രീ എം നയിക്കുന്ന സത്സംഗവും ഉണ്ടായിരിക്കും. 6ന് കിടങ്ങൂരില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര അയര്‍കുന്നം പഞ്ചായത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി മണര്‍കാട് ക്ഷേത്രത്തിലും, മണര്‍കാട് പള്ളിയിലും എത്തി പ്രാര്‍ത്ഥനയില്‍ പങ്ക് ചേരും. 9.30നു മണര്‍കാട് കവലയിലെ സ്വീകരണത്തിന് ശേഷം കളത്തിപ്പടി, കഞ്ഞിക്കുഴി വഴി നാഗമ്പടത്ത് എത്തിച്ചേരും. അന്നേ ദിവസം വൈകിട്ട് 4നു നാഗമ്പടത്ത് നിന്നും ആരംഭിക്കുന്ന പദയാത്ര മുനിസിപ്പല്‍ പാര്‍ക്കിനെ ചുറ്റി ഡിസി ബുക്ക്‌സ്, മനോരമ ജംഗ്ഷന്‍, ചന്തക്കവല, സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി ഗാന്ധിസ്‌ക്വയറില്‍ എത്തിച്ചേരും. അവിടെ നിന്നും കോട്ടയത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരോടൊപ്പം പദയാത്ര തിരുനക്കര ക്ഷേത്ര മൈതാനിയില്‍ എത്തും. തുടര്‍ന്ന് ശിവശക്തി ഓഡിറ്റോറിയത്തില്‍ ശ്രീ എം ന്റെ പ്രഭാഷണം ഉണ്ടായിരിക്കും. 7ന് തിരുനക്കരയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര കുമാരനല്ലൂര്‍, ഗാന്ധിനഗര്‍ വഴി 8.30നു ഏറ്റുമാനൂരില്‍ എത്തിച്ചേരും. ഏറ്റുമാനൂര്‍ പഞ്ചായത്തിന്റെയും വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനകളുടേയും ക്ഷേത്രസംരക്ഷണസമിതിയുടേയും ആഭിമുഖ്യത്തില്‍ പദയാത്രയെ ഏറ്റുമാനൂര്‍ ജംഗ്ഷനില്‍ സ്വീകരിക്കും. 9.30നു ഏറ്റുമാനൂരില്‍ നിന്നും പുറപ്പെടുന്ന പദയാത്ര കാണക്കാരി കോതനല്ലൂര്‍ കുറുപ്പുംതറ വഴി മള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകിട്ട് 6നു മള്ളിയൂര്‍ ക്ഷേത്രത്തില്‍ സത്സംഗം ഉണ്ടായിരിക്കും. 8ന് രാവിലെ മള്ളിയൂര്‍ നിന്നും പുറപ്പെട്ട് കടുത്തുരുത്തി, തലയോലപ്പറമ്പ്, വടയാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം 11നു വൈക്കം മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരും. അന്നേ ദിവസം വൈകിട്ട് 6നു വൈക്കം വര്‍മ്മാ പബ്ലിക്ക് സ്‌കൂളില്‍ ശ്രീ എം ന്റെ പ്രഭാഷണം ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.