വിശന്നു വലഞ്ഞ് പോലീസുകാര്‍

Monday 2 February 2015 12:21 pm IST

വെഞ്ഞാറമൂട് : ദേശീയ ഗെയിംസിലെ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സംസ്ഥാന പോലീസ് സേനയ്ക്ക് ആഹാരം നല്‍കില്ല എന്ന് സംഘാടക സമിതി. കനത്ത സുരക്ഷ ഒരുക്കുന്നതിനായി മറ്റ് ജില്ലകളിലെ കയ്യില്‍ നിന്ന് പണം ചിലവാക്കി ആഹാരം കഴിക്കേണ്ട സ്ഥിതിയാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ ഡ്യൂട്ടിക്കായി വിവിധ സ്റ്റേഷനുകളില്‍ നിന്നും പോലീസുകാരെ  നിയോഗിച്ചിട്ടുണ്ട്. ഓരോ വേദിയിലും ഒരുഷെഡ്യൂളില്‍ 50ല്‍ അധികം പോലീസുകാരും 15 ഓളം വനിതാ പോലീസുകാരും ഡ്യൂട്ടിനോക്കുന്നുണ്ട്. ആഹാരം കഴിക്കുവാനായി ഫുഡ് കൗണ്ടറുകളില്‍ എത്തിയപ്പോഴാണ് കാക്കി ഇട്ട തങ്ങള്‍ക്കുമാത്രം ആഹാരം ഇല്ല എന്ന് അറിയുന്നത്. പലരും ആഹാരം കിട്ടാതെ നട്ടം തിരിയേണ്ടി വന്നു. പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളം പ്രത്യേക സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ശക്തമായ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ പരിശോധനയ്ക്ക് ആയി നിയോഗിക്കപ്പെട്ട ബോംബ് സ്‌ക്വാഡിലെ അംഗങ്ങള്‍ക്കുപോലും ഭക്ഷണമോ കുടിവെള്ളമോ ലഭ്യമാക്കിയിട്ടില്ല. പ്രാദേശിക സംഘാടക സമിതി ഇടപെട്ട് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രം ഭക്ഷണ കൂപ്പണ്‍ നല്‍കി  മുഴുവന്‍ പേര്‍ക്കും ഭക്ഷണം ലഭ്യമാക്കാത്തതിനാല്‍  ഭക്ഷണം പുറത്തുനിന്നും വാങ്ങി കഴിച്ചു. എല്ലാ മത്സര വേദികളിലെയും സ്ഥിതി ഇതുതന്നെയാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പോലീസ് ക്യാമ്പില്‍ നിന്നും ഭക്ഷണം തയ്യാറാക്കി എത്തിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതും ഒരുക്കിയിട്ടില്ല. നിസാരമായ മേളയ്ക്കുപോലും സുരക്ഷ ഒരുക്കുന്ന പോലീസുകാര്‍ക്ക് ഭക്ഷണം ഒരുക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ദേശീയ മേളയ്ക്ക് പോലീസുകാര്‍ പട്ടിണി കിടക്കേണ്ട ഗതികേടിലാണ്. രണ്ടുകോടി നല്‍കി മോഹന്‍ലാലിന്റെ ബാന്റ് നടത്താം പക്ഷെ ഒരില ചോറ് ഡ്യൂട്ടിക്ക് നില്‍കുന്ന പോലീസിന് നല്‍കില്ല എന്ന നിലപാടാണ് പോലീസുകാരന്റെ കഷ്ടപ്പാട്  ശരിക്കും അറിയാവുന്ന മുന്‍ പോലീസ്‌മോധാവി ചീഫായുള്ള  സംഘാടകസമിതി എടുത്തിരിക്കുന്നത്.   അതുകൊണ്ട് ബെല്‍റ്റ് മുറുക്കി കെട്ടി ഡ്യൂട്ടി ചെയ്യാനാണ് പോലീസ് മേധാവികളുടെ നിര്‍ദ്ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.