ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

Monday 2 February 2015 8:26 pm IST

ദേവീ ശരീര കോശോത്ഥാ കൗശികീനാമധാരിണീ ഹുംകാരാനലസംദഗ്ദ്ധധൂമലോചനവൈഭവാ

186. ദേവീശരീരകോശോത്ഥാ: ദേവിയുടെ ശരീരകോശത്തില്‍ നിന്നുണ്ടായവള്‍. സുംഭ നിസുംഭന്മാര്‍ നേടിയ വരം ''സ്ത്രീയുടെ ശരീരകോശത്തില്‍നിന്നുണ്ടായവളും അയോനിജയുമായ ഒരു സ്ത്രീയാല്‍ മാത്രമേ കൊല്ലപ്പെടാവൂ''എന്നായിരുന്നല്ലോ. സ്ത്രീയുടെ ശതീരകോശത്തില്‍ നിന്ന് മറ്റൊരു സ്ത്രീ അയോനിജയായി ജനിക്കുക എന്നതു അസംഭവ്യമെന്ന് ഈ അസുരന്മാര്‍ കരുതി. വരബലംകൊണ്ട് അഹങ്കരിച്ച സുംഭനും നിസുംഭനും ലോകോപദ്രവികളായി കഴിയുന്ന കാലത്ത് ഒരിക്കല്‍ ശിവന്‍ പതിയെ നേരമ്പോക്കായി ''കാളീ'' എന്നു വിളിച്ചു. പാര്‍വതി കറുത്തനിറമുള്ളവളായിരുന്നു. കളിവാക്കായിരുന്നുവെങ്കിലും ദേവി അതു സഹിച്ചില്ല. ദേവി തപസ്സുചെയ്തു ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് ഗൗരവര്‍ണ്ണം വരമായി നേടി. ബ്രഹ്മാവിന്റെ അനുഗ്രഹംകൊണ്ട് പാര്‍വതീദേവിയുടെ ശ്യാമവര്‍ണ്ണമായ ശരീരകോശം പാമ്പിന്‍ചട്ടപോലെ ഊരിവീണു. ദേവി ഗൗരവര്‍ണ്ണയായി. ഗൗരം ഇളം ചുമപ്പുനിറമാണ്. ആ നിറം കിട്ടിയപ്പോള്‍ ദേവി ഗൗരിയായി. ദേവിയുടെ ഊരിവീണ കോശത്തില്‍നിന്നു ശ്യാമവര്‍ണ്ണയായ മറ്റൊരു ദേവി ഉണ്ടായി. കോശത്തില്‍ നിന്നുണ്ടായതുകൊണ്ട് ആ ദേവിക്കു കൗശികി എന്നുപേര്. കൗശികി സ്ത്രീയുടെ ശരീരകോശത്തില്‍നിന്നുണ്ടായവളും അയോനിജയും ആണല്ലോ. ശുംഭനിശുംഭന്മാരുടെ വധത്തിനുള്ള ഒരുക്കങ്ങള്‍ ഇങ്ങനെ പൂര്‍ത്തിയായി. 187. കൗശികീനാമധാരിണി: കൗശികി എന്ന പേര് ധരിച്ചവള്‍. പാര്‍വതീദേവിയുടെ ശരീരകോശത്തില്‍നിന്നൂണ്ടായതുകൊണ്ട് കൗശികി എന്നു പേരുണ്ടായ കാര്യം മുമ്പു പറഞ്ഞു. 188. ഹുങ്കാരാനലസംദഗ്ദ്ധധൂമലോചനവൈഭവാ: ഹുങ്കാരമാകുന്ന അഗ്നിയില്‍ ധൂമലോചനനെ എരിച്ച വൈഭവമുള്ളവള്‍. കൗശികീദേവി ഹിമാലയത്തിന്റെ ഒരുഭാഗത്ത് അതിസുന്ദരിയായ ഒരു യുവതിയുടെ രൂപത്തില്‍ പൊന്നൂഞ്ഞാലില്‍ ആടിയും പാടിയും കുറെക്കാലം കഴിച്ചു. ഒരിക്കല്‍ സുംഭന്റെ ഭ്യത്യരായ ചണ്ഡനും മുണ്ഡനും അവിടെചെല്ലാനും ദേവിയെ കാണാനും ഇടയായി. അവര്‍ സുംഭനെ സമീപിച്ച് അവര്‍ കണ്ട സ്ത്രീയുടെ സൗന്ദര്യം വര്‍ണ്ണിച്ചു കേള്‍പ്പിച്ച് ആ ദേവിയെ കാണാനും ഇടയായി. ആ ദേവിയെ ഭാര്യയാക്കാന്‍ പ്രേരിപ്പിച്ചു. സുംഭന്‍ സുഗ്രീവന്‍ എന്ന തന്റെ ഭൃത്യനെ ഭൂതനായി ദേവിയുടെ അടുക്കലേയ്ക്കയച്ചു. സുഗ്രീവന്‍ ദേവിയുടെ അടുക്കലെത്തി സുംഭനിസുംഭന്മാരുടെ വീര്യപരാക്രമങ്ങള്‍ വിവരിച്ചു കേള്‍പ്പിച്ചു. അവരില്‍ ഒരുവനെ ഭര്‍ത്താവായി സ്വീകരിക്കണമെന്ന സുംഭന്റെ നിര്‍ദ്ദേശം ദേവിയെ അറിയിച്ചു. യുദ്ധത്തില്‍തന്നെ തോല്‍പ്പിക്കുന്ന വീരനെ മാത്രമേ വിവാഹം കഴിക്കൂ എന്നൊരു പ്രതിജ്ഞ അവിവേകംകൊണ്ടു താന്‍ ചെയ്തുപോയി എന്നും തന്നെ തോല്‍പ്പിച്ച് സുംഭനോ നിസുംഭനോ തന്നെ ഭാര്യയായി സ്വീകരിക്കാമെന്നും ദേവി മറുപടി പറഞ്ഞു. സുഗ്രീവന്‍ ഈവിവരം സുംഭനെ അറിയിച്ചു. ഇതുകേട്ടു കോപിച്ച സുംഭന്‍ ദൈത്യന്മാരുടെ അധിപനായ ധൂമലോചനനോട് സൈന്യസമേതനായി ചെന്ന് മുടിക്കു ചുറ്റിപ്പിടിച്ച് അവളെ ഉടന്‍ ഇവിടെകൊണ്ടുവരണം എന്ന് ആജ്ഞാപിച്ചു. ധൂമലോചനന്‍ തന്റെ സേനയുമായി ദേവിയെ പിടിക്കാന്‍ ശ്രമിച്ചു. ദേവി 'ഹൂം' എന്നു കോപത്തോടെ ഉച്ചരിച്ചപ്പോള്‍ ധൂമലോചനന്‍ എരിഞ്ഞു ചാമ്പലായി. ദേവിയുടെ വാഹനമായ സിംഹം ധൂമലോചനന്റെ സൈന്യത്തെ നശിപ്പിച്ചു. ഹുംകാരം മാത്രംകൊണ്ട് ധൂമലോചനനെ എരിച്ചുകളഞ്ഞ വൈഭവമുള്ളളവളായി ദേവിയെ നാമം സ്തുതിക്കുന്നു. തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.